Sunday, June 27, 2010
ഭൂമിയുടെ പുതപ്പ്
ടൈപ്പ് ചെയ്യാന്‍ കിട്ടുന്ന സമയം വളരെ കുറവാണ്. അത് കൊണ്ടാണ് പോസ്റ്റ് ഇടാന്‍ കഴിയാതെ വരുന്നത്. പ്രോത്സാഹനം വീണ്ടും എഴുതാനും പ്രേരിപ്പിക്കും. നന്ദി.
ഇത്തവണ ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നത് പൊന്തന്‍പുഴ വനത്തെ പറ്റിയും കൂവക്കാവ് സ്കൂളിനെ പറ്റിയുമാണ്. കുറേ നാളായി ഇതിനെ പറ്റി ചിന്തിക്കുന്നു. പൊന്തന്‍പുഴ വനം വളരെ വിസ്താരത്തില്‍ കോട്ടയം-പത്തനംതിട്ട ജില്ലകളിലായി കിടക്കുന്നു. ഭൂരിഭാഗവും കോട്ടയത്തിനു തന്നെ. വീട്ടില്‍ നിന്ന് ഒരു 15 മിനുട്ട് ദൂരത്തില്‍ നിന്ന് ഈ വനം തുടങ്ങുന്നു. സ്കൂളിലേക്ക് ഒരു 10 മിനുട്ട് ദൂരമുണ്ടാവും. ഞാന്‍ പഠിച്ച സ്കൂള്‍ അല്ലെങ്കിലും ഉള്ളിന്റെ ഉള്ളില്‍ എന്തൊക്കെയോ തോന്നും ഈ സ്കൂളിനെ പറ്റി ഓര്‍ക്കുമ്പോള്‍... എന്തോ ഒരു ബന്ധം... സ്വന്തം നാടിനെ പറ്റി ഉള്ള സുഖമുള്ള ഓര്‍മ്മയാണ് വനവും ഈ സ്കൂളും.
ആദ്യം വനത്തില്‍ നിന്ന് തുടങ്ങാം. ഭൂമിയുടെ പുതപ്പായ വനം. പൊന്തന്‍പുഴ വനത്തില്‍ കൂടുതലും തേക്കാണ്. പേരറിയാത്ത മറ്റ് അനേകം മരങ്ങളും പൂക്കളും കൊണ്ട് തിങ്ങി നിറഞ്ഞ വനം. തേക്ക് അടിച്ച് മാറ്റുന്ന കേസുകളാണ് അവിടെ ഫോറസ്റ്റ്സ്റ്റേഷനിലെ മിക്ക കേസുകളും. പിടിച്ചെടുത്ത 2ഉം 3ഉം വണ്ടികള്‍ സ്റ്റേഷന് അലങ്കാരമായിട്ട് അങ്ങനെ കിടപ്പുണ്ടാവും. “റേഞ്ചറ്” എന്ന മലയാളം ഫിലിം അവിടെയാണ് ഷൂട്ട് ചെയ്തത്. നല്ല ഭംഗിയുള്ള ഫോറസ്റ്റ് സ്റ്റേഷനും പോലീസ് ക്വാര്‍ട്ടേഴ്സും.
വനത്തിലൂടെ പല ഊട് വഴികള്‍ കാണാം. വനത്തിന്റെ ഉള്ളിലേക്ക് പോകുന്ന നൂല് വഴികളിലൂടെ പോകണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല. വനത്തിനു നടുക്കൂടി ആണ് കോട്ടയം-പത്തനംതിട്ട എസ്.എച്ച്. വനത്തിനുള്ളിലൂടെ സ്പീഡില്‍ വണ്ടി ഓടുമ്പോള്‍ വന്നടിക്കുന്ന കാറ്റിന് ഇളം തണുപ്പാണ്. കൂടെ പൂക്കളുടെ സുഗന്ധവും.. എന്നാല്‍ മറ്റ് ചില ഇടം എത്തുമ്പോള്‍ മീന്‍ ചീഞ്ഞ നാറ്റവും പ്രതീക്ഷിക്കാം. വനത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നതാണ് ഇതിനു കാരണം. രാത്രിയില്‍ ആയിരിക്കും ഇത് ചെയ്യുക.ആരാണ് എന്ന് ആരും അറിയുകയുമില്ല. കോട്ടയം-പത്തനംതിട്ട ജില്ലകളെ വേര്‍തിരിക്കുന്ന തോട് ഈ വനത്തിലൂടെ ഒഴുകുന്നു. അവിടം ആള്ക്കാര് കുളിക്കാനും മറ്റും ഉപയോഗിക്കുന്നത് കൊണ്ട് അധികം വൃത്തികേട് ഇല്ല. ഇവിടെ വനത്തിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമി കൊടുത്തിട്ടുണ്ട്. അങ്ങോട്ടേക്ക് ടാറിട്ട റോഡും ഉണ്ട്.
വനത്തില്‍ കുറുക്കന് ഉണ്ട് എന്നാണ് കേട്ട് കേള്‍വി. കൂവുന്നത് കേള്‍ക്കാമത്രേ! കാട്ട് പൂച്ച, മുയല് , അണ്ണാന്, കീരി, പാമ്പ് തുടങ്ങിയ മൃഗങ്ങളും പൊന്മാന്, മാടത്ത, തത്ത, കാട്ട് കോഴി തുടങ്ങിയ പക്ഷികളും ഇവിടുണ്ട്. ഇവിടെ ഔഷധ ഗുണമുള്ള ധാരാളം ചെടികളുമുണ്ട്. ഇന്നത്തെ കാലത്ത് ആര് ആ മരുന്നുകളൊക്കെ പരീക്ഷിക്കുന്നു? പണ്ട് മരുന്നിനു വേണ്ടി കാടിന്റെ പരിസരത്ത് തപ്പി നടന്നത് ഓര്‍ക്കുന്നു. അതിനിടയ്ക്ക് അവിടെ കണ്ട അത്തിമരത്തിനു ചുറ്റും എല്ലാരും കൂടി. അതില്‍ നിറയെ പഴമുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് കോളായിരുന്നു. പിന്നീട് തോട്ടിലിറങ്ങി തിമിര്‍ത്തിട്ടേ വീട്ടില്‍ തിരിച്ചെത്തിയുള്ളു അന്ന്.
വനത്തിന്റെ ആ മൂലയ്ക്കും ഈ മൂലയ്ക്കും കുറേ ബോര്‍ഡുകള്‍ ഉണ്ട്. “കാട്ട്തീ തടയുക”, “മാലിന്യം ഇടരുത്”, “വനം ഒരു വരം” എന്നൊക്കെ. എന്നിട്ടും വനം മലിനമാകുന്നു. വനത്തിന്റെ പ്രാധാന്യം കൂടുതല്‍ മനസ്സിലാക്കും തോറും വനം നശിപ്പിക്കപ്പെടുന്നു. “കാട്ടിലെ തടി, തേവരുടെ ആന” എന്ന നയം എന്ന് അവസാനിക്കുമോ ആവോ?!
(to be contd...)
Saturday, March 13, 2010
ഒഴുകി നീങ്ങുന്ന മേഘങ്ങള്‍
ജനലഴികളിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ വെളുവെളുത്ത പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ കാറ്റിനനുസരിച്ചു നീങ്ങുന്ന കാഴ്ച്ചയാണു കാണുന്നതു. പബ്ളിക് പരീക്ഷയുടെ ചൂടിലാണു എല്ലാവരും. നിശ്ശബ്ദമായ ഹോസ്റ്റലും ഇഴഞ്ഞു നീങ്ങുന്ന കാറ്റും ഇളകുന്ന മരച്ചില്ലകളും. പരീക്ഷയായാല്‍ ഇങ്ങനെ ആണു. മുറിയില്‍ ഫാനിന്റെ മുരളല്‍ മാത്രം. ഇപ്പോള്‍ ഉച്ചയായി. ഉച്ചയൂണു കഴിഞ്ഞു ഒരു മയക്കം അവധി ദിവസങ്ങളില്‍ പതിവാണു. എന്നാല്‍ പരീക്ഷയുടെ ചൂടു കയറിയതില്‍ പിന്നെ അതിനും കഴിയുന്നില്ല. പുസ്തകങ്ങളിലെ വരികള്‍ ഉരുവിട്ടു മന:പാഠമാക്കികൊണ്ടിരുന്നു. ഉച്ചയ്ക്കിരുന്നു പഠിച്ചാല്‍ തലയില്‍ ഒന്നും കയറില്ല എന്ന എന്റെ സിദ്ധാന്തമൊക്കെ ഉപേക്ഷിക്കേണ്ടി വന്നു. ഭാവിയില്‍ എന്തെങ്കിലും ആയിത്തീരണമെങ്കില്‍ ഈ പരീക്ഷ ഒരു പങ്കു വഹിക്കുമെന്ന സത്യം എന്നെ പഠനം എന്ന പ്രക്രിയ തുടരാന്‍ പ്രേരിപ്പിക്കുന്നു. ഭാവിയാണല്ലോ നമുക്കു പ്രതീക്ഷ നല്‍കുന്നതും പ്രവര്‍ത്തികള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും.
ഹോസ്റ്റലില്‍ എന്റെ മുറിയില്‍ മൂന്നു പാളിയുള്ള ഒരു ജനലുണ്ട്. കതകു ഞാന്‍ അടച്ചിടുകയാണു പതിവു. എന്റെ റൂംമേറ്റ്സ് സ്റ്റഡിലീവിനു വീട്ടിലേക്കു പോയി. അതിനാല്‍ ഞാന്‍ തനിച്ചാണു. ഏകാന്തത അത്ര സുഖകരമായ അനുഭവമൊന്നുമല്ല, ഒരു സമൂഹജീവിയായ എനിക്ക്. എങ്കിലും, ഏകാന്തതയിലിരുന്നു പഠിക്കാന്‍ താല്പര്യമാണ്. വീട്ടില്‍ ചെന്നാല്‍ ടി.വി.യും, അനിയനുമായുള്ള സ്ഥിരം പിണക്കങ്ങളും പിന്നെയുള്ള ഇണക്കങ്ങളും ഒക്കെ എന്റെ പഠനത്തിന്റെ താളം കെടുത്തുമെന്നു മേല്പ്പറഞ്ഞതൊക്കെ ഇഷ്ടപ്പെടുന്ന ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഒറ്റയ്ക്കെങ്കില്‍ ഒറ്റയ്ക്ക് തങ്ങാമെന്നു കരുതി. മറ്റു ചില കുട്ടികളും ഹോസ്റ്റലിലുണ്ട്. അതിനാല്‍ പൊതുവായിട്ടു പറഞ്ഞാല്‍ ഞാന്‍ തനിച്ചല്ല.
ഇപ്പോള്‍ ആ ജനാലയാണു എന്റെ ഏകാന്തതയുടെ വിരസത കുറയ്ക്കുന്നത്. ആ ജനാലയിലൂടെ നോക്കിയാല്‍ മരങ്ങളും ഇലപ്പടര്‍പ്പും പക്ഷികളെയും മറ്റു പറവകളെയും കാണാം. വലിയൊരു കോമ്പൌണ്ടിനുള്ളിലാണു കോളേജും ഹോസ്റ്റലും സ്ഥിതി ചെയ്യുന്നതു. നഗരത്തിന്റെ ഹൃദയഭാഗത്താണു ഇവയെങ്കിലും, ഹോസ്റ്റലിലിരുന്നാല്‍ അതു ഒട്ടും തന്നെ അനുഭവപ്പെടുകയില്ല. വാഹനങ്ങളുടെ ശ്വാസം മുട്ടിക്കുന്ന പുകയോ ശബ്ദമോ അങ്ങോട്ടേയ്ക്കെത്തില്ല. ഇടയ്ക്കിടയ്ക്കു - പലപ്പോഴും നിശ്ശബ്ദത തളം കെട്ടുന്ന – എല്ലാവരും സുഖനിദ്രയില്‍ അലിയുന്ന രാത്രിവേളയില്‍ ദൂരെ, നഗരത്തിന്റെ മറ്റൊരു ഭാഗത്തു കൂടി പോകുന്ന തീവണ്ടിയുടെ കൂവല്‍ കേള്‍ക്കാം. അതും ചെവിയോര്‍ത്തിരുന്നാല്‍ മാത്രം.
പഠനത്തിന്റെ ഇടവേളയില്‍ ആ ജനലില്‍ക്കൂടി പ്രകൃതിയുമായി ഞാന്‍ സല്ലപിക്കാറുണ്ട്. പകല്‍ സമയത്തു ജനലിനു സമീപമുള്ള നെല്ലിമരത്തില്‍ എന്നോടു കൂട്ടുകൂടാന്‍ മാടത്തയും അണ്ണാനും തത്തയും ഇരുവാലനും കുറേ കാക്കകളും മറ്റും എത്താറുണ്ട്. രാത്രിയായാല്‍ വവ്വാലുകള്‍ സമീപത്തുള്ള ബദാമിലാണു സ്ഥാനം പിടിക്കുക.
ഇതു എന്റെ ബിരുദ പഠനത്തിന്റെ അവസാന വര്‍ഷമാണ്. ഈ ഹോസ്റ്റലും ആ നെല്ലിമരവും അതില്‍ ഇടയ്ക്കിടെ വരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരും രാത്രിയിലെ നരിച്ചീറുകളും ഒക്കെ മറക്കുവാനോ അവയെ പിരിയുവാനോ എനിക്കു സാധ്യമാകുമോ? ജനാലയുടെ പുറത്തു കണ്ണാടി പിടിച്ചു എന്നും ഞാനും കൂട്ടുകാരും പടിഞ്ഞാറുള്ള സൂര്യാസ്തമയം കണ്ണാടിയിലൂടെ കണ്ടു ആസ്വദിക്കാറുണ്ടു. എന്റെ കിടക്ക ജനലിനു സമീപമായിരുന്നതിനാല്‍ അതിരാവിലെ ജനല്‍ തുറന്നിട്ടു കൂട്ടമായി പറന്നു പോകുന്ന പക്ഷികളെയും അവയുടെ കലപിലസ്വരങ്ങളും ഞാന്‍ ആസ്വദിക്കാറുണ്ടായിരുന്നു. ഈ പരീക്ഷ തീരുമ്പോള്‍ ഈ ഹോസ്റ്റല്‍ വിട്ടു പോകേണ്ടി വരും. ഹോസ്റ്റല്‍ വിട്ടുപോയാല്‍, ഇനി എനിക്കു ഇവിടേക്കു ഈ മുറിയില്‍ എത്താനാവും എന്നോ എത്താനാകുമോ എന്നോ പറയാനാവില്ല.
ഇവിടം വിട്ടു മറ്റൊരു നഗരത്തിലെ മറ്റൊരു കോളേജിലെ ഹോസ്റ്റലില്‍ ഞാനെന്റെ ജീവിതത്തിന്റെ വേറൊരു ഭാഗം ചിലവിടേണ്ടി വരുമായിരിക്കാം. അവിടെയും ഈ പ്രകൃതി എന്റെ ഏകാന്തതയില്‍ കൂട്ടായിട്ടുണ്ടാവാം. എന്റെ വീടു പോലെ ഭംഗിയുള്ള ഒരു സ്ഥലം ഈ ഭൂലോകത്തെങ്ങും കാണില്ലെങ്കിലും ഞാനെവിടെപ്പോയാലും ഈ പ്രകൃതി എന്റെ കൂട്ടുകാരിയായി ഈ ലോകത്തിന്റെ അങ്ങേ മൂലേയ്ക്കു വരേയും കാണുമെന്നു ഞാനാശ്വസിക്കുന്നു. എന്റെ കൂട്ടുകാരീ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഹൃദയം കുളിര്‍പ്പിക്കുമാറു, ഈ ലോകത്തിന്റെ ഏതു കോണിലും പ്രകൃതിയിലേയ്ക്കു എനിക്കു വേണ്ടി ജനല്പ്പാളികള് തുറന്നു കിടക്കും.
Saturday, February 20, 2010
ഒരു ബസ്സ് ‘അനുഭവം’
ബസ്സില്‍ യാത്ര ചെയ്യാന്‍ വളരെ ഇഷ്ടപ്പെടുന്ന ആളാണു ഞാന്‍. കാരണം വേറൊന്നുമല്ല. സ്വന്തമായി വാഹനം ഒന്നും ഇല്ല. അപ്പോള്‍, യാത്രയ്ക്കു ബസ്സു തന്നെയാണു ആശ്രയം. അല്ലേല്‍, കണ്ടക്ടറുടെയും സഹയാത്രികരുടെയും ഇടി കൊള്ളാതെ, കമ്പിയില്‍ തൂങ്ങി നിക്കാതെ, ഒന്നിരിക്കാന്‍ സീറ്റു കിട്ടാതെ നിന്നു മുഷിയാതെ ഒക്കെ സുഖായിട്ടു യാത്ര ചെയ്യാന്‍ കാറുണ്ടേല്‍ ബസ്സിനെ ഞാന്‍ ഏഴയലത്തു അടുപ്പിക്കുമോ? ബസ്സിലെ യാത്ര ഇങ്ങനെ ഒക്കെയാണു. “വിസ്തരിച്ചു പോകണേല്‍ ടാക്സി പിടിച്ചു പോടോ!” എന്നുള്ള ‘നല്ല വാക്കു’ കേള്‍ക്കാതിരിക്കണേല്‍ ഇതൊക്കെ സഹിച്ചേ പറ്റൂ. സഹന:ശക്തി പഠിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല!!! അതുകൊണ്ട് സഹന:ശക്തി, ക്ഷമാശീലം, മറ്റുള്ളവരെ( വേറെ നിവര്‍ത്തിയില്ലാത്തതു കൊണ്ടാണേലും) കരുതല്‍ തുടങ്ങിയ നല്ല ശീലങ്ങള്‍ കുറച്ചു നേരത്തേയ്ക്കെങ്കിലും ശീലമാക്കാന്‍ ബസ്സ് യാത്ര ഉപകാരപ്പെടും എന്നതു വലിയ ഒരു കണ്ടെത്തലായിരുന്നു എനിക്ക്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു അമ്മയും ഞാനും ഒന്നിച്ചു കോട്ടയത്തിനു യാത്രയായി. ഒറ്റവണ്ടി കിട്ടിയില്ല. അങ്ങനെ, കറുകച്ചാലിലേയ്ക്കുള്ള ബസ്സിനു കയറി. അമ്മ സൈഡ് സീറ്റിലും ഞാന്‍ അമ്മയുടെ അടുത്തായും ഇരിപ്പുറപ്പിച്ചു. വയസ്സായവര്‍, കൈക്കുഞ്ഞിനെയേന്തിയ സ്ത്രീകള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കു സീറ്റു ഒഴിഞ്ഞു കൊടുക്കണം എന്നു നിയമമൊന്നുമില്ലെങ്കിലും ഇതൊക്കെ മര്യാദയുടെ ആദ്യപാഠങ്ങളില്‍ പഠിക്കുന്നതാണ്. പലരും ഇവരെയൊന്നും മൈന്‍ഡ് ചെയ്യാറുകൂടിയില്ല. കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല. കാരണം, ഒട്ടകത്തിനു കൂടാരത്തില്‍ ഇടം കൊടുത്തവന്റെ അവസ്ഥയാവും പിന്നീട്. അതു തന്നെ!!!. കുട്ടികളെയും ചുമന്നു കേറുന്നവരുടെ കയ്യിലിരിക്കുന്ന കുട്ടിയ്ക്കു 5ഉം 6ഉം വയസ്സാണെങ്കിലോ? കൂടുതല്‍ പേരും കുട്ടികളെ സ്വന്തം മടിയിലിരുത്തി സീറ്റു കൈവിട്ടു പോകാതെ തന്നെ ‘അന്യരെ കരുതുക’ എന്ന മര്യാദ കാണിക്കും. എനിക്കു, പകുതി സീറ്റില്‍ ഇരിക്കാനൊന്നും താല്പര്യമില്ലാത്തതു കൊണ്ട് അത്യാവശ്യാണെങ്കില്‍ മാത്രം എഴുന്നേറ്റു കൊടുക്കും.
പണ്ടൊരിക്കല്‍ ഇങ്ങനെ ദൂരയാത്ര ചെയ്യുമ്പോള്‍ ഒരു പകുതി ഗര്‍ഭിണി ഞാനിരുന്ന സീറ്റിനടുത്തു വന്നു നിന്നു. ബസ്സു സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. എഴുന്നേല്ക്കണോ വേണ്ടയോ എന്ന സംശയത്തോടെ ഞാനിരുന്നു. ബസില്‍ തള്ളു കൂടി വരുന്നു. ഞാന്‍ എഴുന്നേല്ക്കാന് തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു:
“സാരമില്ല, ഞാന്‍ കുറച്ചു അപ്പുറത്തെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ആണു. ഇരുന്നോളൂ..”
വേണ്ട എന്നു പറയുമ്പോഴാണല്ലോ നമുക്ക് മര്യാദ കാണിക്കാനുള്ള ആവേശം കൂടുന്നതു!!! ഞാന്‍ പറഞ്ഞു:
“ഞാന്‍ ദൂരയാത്രയാണു. കുറച്ചു അപ്പുറത്താണു ഇറങ്ങുന്നതെങ്കില്‍ തള്ളു കൊള്ളാതെ അത്രേം നേരം ഇരിക്കാല്ലോ. കുറച്ചു നേരമല്ലേ ഉള്ളു…...ഞാന്‍ നിന്നോളാം.” അങ്ങനെ അവര്‍ ഇരുന്നു, ഞാന്‍ നിന്നു.
തള്ളു കൂടി വന്നു. ആ സീറ്റും കടന്നു മുമ്പിലെ രണ്ടാമത്തെ സീറ്റിനു സമീപത്തായി ഞാന്‍ കഷ്ടപ്പെട്ട് കമ്പിയില്‍ തൂങ്ങി നിന്നു. ആയിടയ്ക്കു കൈയ്ക്കു ഒരുളുക്കു പറ്റിയിരുന്നു. അതിന്റെ വേദന കമ്പിയില്‍ ബലം കൊടുത്തപ്പോള്‍ അറിഞ്ഞു. എന്തായാലും ഒരു ഗര്‍ഭിണിയെ സഹായിക്കാന്‍ പറ്റിയല്ലോ എന്നു മനസ്സില്‍ സന്തോഷിച്ചു കൊണ്ട് നിന്നു. ഒരു നാലഞ്ചു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ഞാന്‍ അവരെ തിരിഞ്ഞു നോക്കി. അവരിറങ്ങിയിട്ടില്ല. ‘ദൈവമേ… അങ്ങു വരെ നിക്കേണ്ടി വരുമോ?’ ഒരു ദീര്‍ഘനിശ്വാസമെടുത്തു. ഇനി ഇപ്പോള്‍ അവര്‍ ഇറങ്ങിയാല്‍ത്തന്നെ ഇങ്ങു ദൂരെ നിക്കുന്ന എനിക്കു ആ സീറ്റു കിട്ടുമോ എന്നതു സംശയം തന്നെ ആണു. ഹോ! സമാധാനമായി…എന്റെ ആധികള്‍ക്കു വിരാമമിട്ടു കൊണ്ടു അടുത്ത സ്റ്റോപ്പിലിറങ്ങാനായി അവര്‍ എഴുന്നേറ്റു. നല്ല ചേച്ചി… ദൂരെ നിന്ന എന്നെ വിളിച്ച് “ദാ സീറ്റ്…ഇരുന്നോളൂ. ഞാന്‍ ഇറങ്ങുകയാണു” എന്നു പറഞ്ഞു അവര്‍ പോയി. വളരെ സന്തോഷത്തോടെ ഞാന്‍ സീറ്റിലും ഇരുന്നു.
ദൂരയാത്ര ചെയ്യുമ്പോള്‍ കഴിവതും ഞാന്‍ സൈഡ് സീറ്റാണു പിടിക്കുക. അപ്പൊപ്പിന്നെ എഴുന്നേറ്റ് മാറേണ്ട പ്രശ്നം വരില്ലല്ലോ! അല്ലാതെ വന്ന ചില സന്ദറ്ഭങ്ങളില് ഒന്നാണു മേല്‍ പറഞ്ഞതു. ഈ നല്ല അനുഭവം ഉള്ളതുകൊണ്ടാവാം ഈ പ്രാവശ്യം അമ്മയുടെ കൂടെ കോട്ടയത്തിനു പുറപ്പെട്ടപ്പോള്‍ സൈഡ് സീറ്റു വേണമെന്നു എനിക്കു തോന്നിയില്ല. സൈഡ് സീറ്റ് ഇല്ലായിരുന്നു താനും.
അങ്ങനെ യാത്ര പകുതിയായപ്പോള്‍ ഒരമ്മച്ചി വന്നു. നല്ല പ്രായം ചെന്നിട്ടു നില്ക്കാന് കഷ്ടപ്പെടുകയാണവര്‍. ചിക്കുന്‍ ഗുനിയ തരംഗം കേരളത്തില്‍ അങ്ങോളമിങ്ങോളം വീശിയടിച്ചതുകൊണ്ട് കേരളത്തിലുള്ളവര്‍ അവരുടെ പ്രായത്തെക്കാള്‍ വീക്ക് ആണു. അമ്മച്ചി കേറിയ ഉടനെ എന്നെ തോണ്ടി വിളിച്ചു സീറ്റ് വേണമെന്നു പറഞ്ഞു. ഞാനെഴുന്നേറ്റു. പഴയ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി തോന്നി. തള്ള് കൂടി. ഈ പ്രാവശ്യം സീറ്റിനു പുറകിലേയ്ക്കാണു ഞാന്‍ നീങ്ങിയതു. അപ്പോള്‍ എനിക്കു മുമ്പിലായി 28-30 വയസ്സുള്ള ഒരു സ്ത്രീ വന്നു നിന്നു. കുളിക്കാതെ സ്പ്രേ പൂശിയിരിക്കുകയാണ്. ആ ‘സുഗന്ധ’ത്തില്‍ നിന്നും എങ്ങോട്ടേലും ഓടിപ്പോയാലോ എന്നു തോന്നി. എന്തു ചെയ്യാം? തള്ളായതിനാല്‍ എങ്ങോട്ടും നീങ്ങാനും പറ്റില്ല. അതുമല്ല, അമ്മച്ചി ഇറങ്ങുമ്പോള്‍ ഇരിക്കാനുള്ളതുമാണ്.
ഇറങ്ങാന്‍ നേരം അന്നു കണ്ട ചേച്ചിയെപ്പോലെ അടുത്തു വിളിച്ചു അമ്മച്ചി സീറ്റ് തിരിച്ച് എന്നെ ഏല്‍പ്പിക്കും. സ്നേഹപൂര്‍വ്വം ചിരിക്കും. ഞാന്‍ മനസ്സില്‍ കണ്ടു. എന്നാല്‍ സംഭവിച്ചതു…
അമ്മച്ചി ധൃതി പിടിച്ച് എല്ലാരേം തള്ളിമാറ്റി ഊളിയിട്ട് ഒറ്റ പോക്ക്! സൈഡ് സീറ്റിലിരുന്ന അമ്മയ്ക്കു എന്തെങ്കിലും പറയാനാവും മുമ്പ് ആ സ്പ്രേയില്‍ മുങ്ങിയ ചേച്ചി അവിടെ കയറി ഇരുപ്പായി. അവര്‍ കണ്ടതാണ് ഞാന്‍ അമ്മച്ചിക്ക് സീറ്റ് ഒഴിഞ്ഞുകൊടുത്തത്. അമ്മ വിഷണ്ണയായി എന്നെ നോക്കി. ചിരിച്ചുകൊണ്ടു സാരമില്ല എന്നു ഞാന്‍ കണ്ണടച്ചു കാണിച്ചു. ചേച്ചി എന്റെ മുഖത്തേക്ക് നോക്കുന്നു പോലുമില്ല. ബസ്സില്‍ ഒരു സീന്‍ ഉണ്ടാക്കണമെന്നു തീരെ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാന്‍ നില്പ്പു തുടര്‍ന്നു. അവസാനം കറുകച്ചാലെത്തി. അവിടെ അവരും ഞങ്ങളും ഇറങ്ങി.
ഇനി കോട്ടയത്തേക്കുള്ള ബസ്സില്‍ കയറണം; കയറി. ഒരു സീറ്റ് മാത്രം മുഴുവനായി ഒഴിഞ്ഞു കിടപ്പുണ്ട്. ഇപ്രാവശ്യം അബദ്ധം പറ്റരുത്. ഞാന്‍ സൈഡ് സീറ്റില്‍ ഇരുന്നു, അമ്മ എന്റെ അടുത്തും. പ്രായമായതിനാല്‍ അമ്മയെ ആരും എഴുന്നേല്‍പ്പിക്കില്ലല്ലോ! എന്റെ ഒരു ബുദ്ധി!!! ഹ് മ്…ബസ്സില്‍ തിരക്കും കൂടി.
യാത്ര പകുതി പോലുമായില്ല. അപ്പോഴേയ്ക്കും 3ഉം 4ഉം വയസ്സുള്ള കുട്ടികളും ഒരു കൈക്കുഞ്ഞുമായി ഒരു സ്ത്രീ എത്തി. അവരുടെ കൂടെയേ ഇരിക്കൂ എന്ന് അവരുടെ കുട്ടികള്‍ക്കു വാശി. അവസാനം അറ്റത്തിരുന്ന എന്നെ അവര്‍ തോണ്ടി വിളിച്ചു ചോദിച്ചു സീറ്റു കൊടുക്കാമോ എന്നു. വേറെ നിവര്‍ത്തിയില്ലാത്തതുകൊണ്ട് എഴുന്നേറ്റു കൊടുത്തു. അമ്മയുടെ മുഖം വീണ്ടും വിഷണ്ണമായി. അങ്ങനെ ആ ദൂരയാത്രയുടെ ഭൂരിഭാഗവും നിന്നു തന്നെ യാത്ര ചെയ്തു. എനിക്കു എന്റെ അവസ്ഥയോര്‍ത്തിട്ടു ചിരിക്കണോ കരയണോ എന്നറിയില്ല! ബസ്സുയാത്രയില്‍ ഇങ്ങനെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില ‘പ്രതിഭാസങ്ങള്‍’ മഹാസംഭവങ്ങളാണെന്നു ഞാന്‍ ആത്മഗതം ചെയ്തു.
Sunday, August 30, 2009
ഈ ഓണത്തിന്റെ ഓര്‍മ്മയ്ക്ക്...
ബ്ലോഗില്‍ കൈ വച്ചിട്ട് കുറച്ച് നാളായി. ഇത് ഓണമാണ്, ഞാന്‍ വീട്ടിലാണ്. ഓണത്തിന്റെ ഓര്‍മ്മകള്‍ എഴുതിയില്ലേല്‍ ഒരു സുഖമില്ല. അപ്പോള്‍ എഴുതുക തന്നെ.
ഓണം കേരളത്തിന്റെ ദേശീയോത്സവമാണ് എന്നൊരു വയ്പ്പുണ്ടേലും, ഇപ്പോള്‍ അത് ഹിന്ദുക്കളിലേക്ക് ചുരുങ്ങിയിരിക്കുനു. അത് മറ്റ് മതങ്ങളും അംഗീകരിച്ച് കൊടുത്ത് ഒഴിഞ്ഞ് മാറി നില്ക്കുന്നു. അതിന് അപവാദമായിട്ട് ഒന്നു രണ്ട് പേര് മറ്റ് മതങ്ങളില്‍ നിന്ന് ഉണ്ടാവാമെങ്കിലും പൊതുവെ കാണുന്ന ലക്ഷണം മേല്‍ പറഞ്ഞത് തന്നെയാണ്.
നമ്മുടെ ധാര്മ്മികമൂല്യച്യുതിയുടെ കണക്കെടുപ്പ് നടക്കുന്നത് ഓണത്തിനാണ്. അത് ഒരു ആഘോഷമായിട്ട് ഏറ്റെടുത്ത് പലരും പലതരം തര്‍ക്കങ്ങളും(debate) എഴുത്തുകുത്തുകളും നടത്താറുമുണ്ട്. എന്നിട്ടും വല്ല പ്രയോജനവുമുണ്ടോ? ഓണം കഴിഞ്ഞാല്‍ ഈ trend മാറി വീണ്ടും പഴയ പടി തന്നെ നാട് മുന്നേറുന്നു. വീണ്ടും ഒരു ഓണക്കാലമെത്തുമ്പോള്‍ ഇനി അതിനെ പറ്റി ആലോചിക്കാം എന്ന പുച്ഛരസം ഓരോ മുഖത്തും!!!
ഓണപ്പൂക്കളവും ഊഞ്ഞാലും ഒക്കെയായി ഓണത്തെ വരവേല്‍ക്കാന്‍ പേരുദോഷത്തിനായി ചില പരമ്പരാഗത ജീവിത പ്രേമികള്‍ പൂവും കയറും ഒക്കെ സംഘടിപ്പിക്കുന്നു. ഇവിടെ കുട്ടികളെ ഓണക്കാല ട്യൂഷനു വിടാനും ടി.വി.യില്‍ പടം കാണാനും ടൈമില്ല...അപ്പോഴാ...മഴക്കാലത്ത് പൂക്കളവും ഊഞ്ഞാലും!!
പിന്നെ, ഔട്ടിങ്ങ്...അത് വേണമല്ലോ... ഓണത്തിനാണ് വീട്ടില്‍ എല്ലാരേം ഒരുമിച്ച് കാണുന്നത്. ഓണസദ്യ പുറത്തെ ഹോട്ടലില്‍ നിന്ന്, ഒരു ഓണപ്പടം തീയറ്ററില്‍ ഇരുന്ന് വിളിച്ച് കൂവി കാണണം. ഇതൊക്കെ ഇല്ലേല് ഈക്കാലത്ത് എന്ത് ഓണം!?
ഓണത്തിന് ആകെ ഇത്രേം വിശേഷങ്ങളൊക്കെ ഉണ്ടായിരിക്കുമ്പോഴാണ് നമ്മുടെ H1N1 ഭീകരന് വരുന്നത്. അതോടെ പനിച്ചൂടില്ലാത്തവര്‍ മാത്രം ഓണാഘോഷം നടത്താമെന്ന് തീരുമാനിച്ചു. മാവേലി ഈ സ്ഥിതിഗതികളൊക്കെ കണ്ട് കേരളത്തിലേക്ക് വരണോ വേണ്ടയോ എന്നൊരു തീരുമാനമെടുക്കാനാകാതെ വിഷമിക്കുകയാണ് എന്നാണ് latest ആയിട്ടറിഞ്ഞത്. പാവം! പ്രജകള്‍ എങ്ങനെയൊക്കെയായാലും ക്ഷേമം അന്വേഷിക്കാന്‍ വരാതിരിക്കാന്‍ പറ്റുമോ?
എല്ലാര്ക്കും എന്റെ H1appy oN1am..
Wednesday, June 24, 2009
ഒരു മുസ്ലിമും തിരുവാതിര ഞാറ്റുവേലയും
അച്ഛന് കോഴിക്കോട് ജോലി ചെയ്തിരുന്ന ’74 കാലഘട്ടം. അച്ഛന് താമസിക്കുന്ന വീടിനടുത്ത് ഒരു മുസ്ലിം ഉണ്ടായിരുന്നു. ഒരു ചെറിയ കുന്നിന് പുറത്താണ് വീടുകള്‍. എല്ലാ വര്‍ഷവും തിരുവാതിര ഞാറ്റുവേലയുടെ സമയത്ത് ആ മുസ്ലിം കുന്നിനു താഴെയുള്ള വീട്ടിലേയ്ക്ക് താമസം മാറുമായിരുന്നു. ഒരിക്കല്‍, ഇതിന്റെ കാരണം അച്ഛന് ചിലരോട് അന്വേഷിച്ചു. അവര്‍ പറഞ്ഞത് വിശ്വസിക്കാനാകാത്ത ഒരു സംഭവവും...
ഈ മുസ്ലിം അവിടെ താമസിക്കാന്‍ വന്ന കാലത്ത് വീടിനു സമീപം തന്നെ വെള്ളത്തിന്റെ ആവശ്യത്തിലേക്കായി ഒരു കിണര്‍ കുഴിപ്പിച്ചു. വളരെ കോലുകള്‍ കഴിഞ്ഞിട്ടും വെള്ളം കണ്ടില്ല. കിണറ് കുത്തുന്ന ആള് എന്നിട്ടും വിശ്വാസം വിടാതെ കുഴിച്ചുകൊണ്ടിരുന്നു. സ്ഥാനം നിര്‍ണയിക്കുന്നതിലും കിണര്‍ നിര്‍മ്മിക്കുന്നതിലും തനിക്ക് തെറ്റ് വരില്ല എന്ന് അയാള്‍ക്ക് വളരെ വിശ്വാസമുണ്ടായിരുന്നു. അങ്ങനെ കുറേ ആഴത്തില്‍ കുഴിച്ച് കഴിഞ്ഞപ്പോള്‍ മണ്ണിന് നനവ് കണ്ടു തുടങ്ങി; താമസിയാതെ ഉറവയും. ഇങ്ങനെ വെള്ളം കണ്ട് കഴിഞ്ഞാല്‍ അവിടെ പൂജയും കിണറ് കുഴിച്ച ആള്‍ക്ക് ദക്ഷിണയും സമ്മാനങ്ങളും കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഈ മുസ്ലിം ഇയാള്‍ക്ക് വേണ്ട രീതിയില്‍ ദക്ഷിണയോ സമ്മാനങ്ങളോ നല്‍കിയില്ല.
‘ഇയാള്‍ ഈ കിണറ്റില്‍ നിന്നും അധികം വെള്ളം കുടിക്കില്ല’ എന്ന് പണീക്കാരോട് കിണര്‍ കുത്തുന്ന ആള് നിരാശയോടെ പറഞ്ഞത് മുസ്ലിം കേട്ടു. ‘തിരുവാതിര ഞാറ്റുവേലയ്ക്ക് നിന്റെ ശാപം എന്തായാലും ഫലിക്കില്ലല്ലോ..’ എന്ന് മുസ്ലിമും തിരിച്ചടിച്ചു.
തിരുവാതിര ഞാറ്റുവേലയ്ക്ക് തിരി മുറിയാതെ മഴ പെയ്യുമെന്ന് ഒരു ചൊല്ല് തന്നെയുണ്ട്. ആ സമയത്ത് ജലം എല്ലായിടത്തും സമൃദ്ധമായി ഉണ്ടാവുകയും ചെയ്യും. കിണറുകളും തോടുകളും നിറയും. എന്നാല്‍, ഈ മുസ്ലിമിന്റെ കിണറ്റില്‍, വര്‍ഷത്തില്‍ ബാക്കി എല്ലാ ദിവസവും കിണറ്റില്‍ വെള്ളമുണ്ടായാല്‍ തന്നെ, തിരുവാതിര ഞാറ്റുവേലയ്ക്ക് വെള്ളം ഉണ്ടാകാറില്ല. ആ സമയത്തുള്ള വെള്ളത്തിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അയാള്‍ക്ക് വീട് മാറിത്താമസിക്കുകയേ നിവര്ത്തിയുള്ളു എന്നായി.
ചില ജിയോളജിസ്റ്റുകള്‍ ഇതിനെ പറ്റി പഠിക്കാനായി എത്തിയത്രേ. മുകളില്‍ ഉള്ള പോലെ ഭൂമിക്കടിയിലും ജലം ഒഴുകുന്നുണ്ട്. തിരുവാതിര ഞാറ്റുവേലക്കാലത്ത് ഒഴുക്കിന്റെ ശക്തി വര്‍ദ്ധിക്കുന്നു. ഈ കിണറ്റില്‍ വെള്ളം നിറയ്ക്കുന്ന ഉറവയുടെ ഒഴുക്കിന്റെ ശക്തി അങ്ങനെ കൂടുകയും കിണറ്റിലേയ്ക്കുള്ള വഴി വിട്ട് വേറൊരു വഴിയിലൂടെ ഒഴുകുകയും ചെയ്യുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. ഇത് ശാസ്ത്രപരമായ സത്യമായും വിലയിരുത്താം...അല്ലാതെ, സത്യമുള്ള ജീവിതവും പ്രവര്‍ത്തിയും കൂടെക്കൊണ്ടുനടന്ന ജനങ്ങളുടെ വാക്കിന്റെ ശക്തിയുമാകാം.
Monday, June 15, 2009
പുഴ വീണ്ടും ഒഴുകുമോ?
മാധവിക്കുട്ടി... അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. അവരെ ഞാന്‍ അറിഞ്ഞു തുടങ്ങിയത് വളരെ വൈകിയാണ്. കേരളത്തിന്റെ പൊയ്മുഖമായ സദാചാരസിദ്ധാന്തങ്ങള്‍ എന്റെ കണ്ണിനും ഒരിക്കല്‍ മറ കെട്ടിയിരുന്നു. ഇത്രയധികം സദാചാരം പ്രസംഗിക്കുന്ന ഒരു കൂട്ടരെ ഞാന്‍ അറിഞ്ഞിട്ടില്ല; പ്രാവര്‍ത്തികമാക്കാത്തവരേയും!!!
സ്ത്രീക്ക് സമൂഹത്തിലുള്ള യഥാര്‍ദ്ധ സ്ഥാനം മനസ്സിലാക്കാന്‍ വൈകിയത് കൊണ്ടാവാം മാധവിക്കുട്ടിയുടെ കഥകളെ ഞാനും 'കേരളത്തിന്റെ സദാചാര'ത്തിനു നിരക്കാത്തതായി ഒരിക്കല്‍ തെറ്റിദ്ധരിച്ചത്. സ്ത്രീ ദേവിയാണ് അമ്മയാണ് തേങ്ങാക്കൊലയാണ് എന്നൊക്കെ പറയുന്ന മുഖമൂടികള്‍ക്ക് പിന്നില്‍ സ്ത്രീ അടിമയാണ് എന്നു വിളിച്ചു പറയുന്ന പ്രവര്‍ത്തി... അതാണ് സത്യത്തില്‍ സമൂഹം എന്ന് തിരിച്ചറിഞ്ഞ കാലത്താണ് മാധവിക്കുട്ടിയെ ഞാന്‍ വായിച്ച് തുടങ്ങിയത്.
സ്ത്രീയുടെ മനസ്സ് മനസ്സിലാക്കാനും അവളുടെ അവസ്ഥകള്‍ ഊഹിക്കാനും അവള്‍ക്കേ കഴിയൂ. സ്ത്രീക്ക് സ്വന്തമായി ഒരു മുറി വേണമെന്ന വിര്‍ജീനിയ വൂള്‍ഫിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ ആഹ്വാനത്തിന് ഇന്നും പ്രസക്തിയുണ്ടെന്നുള്ളത് വിചിത്രമായിരിക്കുന്നു. ഇന്നും സ്ത്രീ പൊരുതുന്നു, പുരുഷ നിര്‍മിതമായ നിയമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെ. എത്ര സ്ത്രീകള്‍ ഇതിനൊക്കെയായി രംഗത്ത് വരുന്നുണ്ട് എന്നുള്ളതും ചിന്തിക്കേണ്ടതാണ് - വളരെ ശുഷ്കം!!. അതാവാം ഇനിയും പഴയ കാലത്തു നിന്നും സമൂഹത്തെക്കൊണ്ട് ഒട്ടും മുന്നോട്ട് ചിന്തിപ്പിക്കാന്‍ സാധിക്കാതെ വരുന്നതിനും കാരണം.
ഭയം സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ് എന്ന് ഓങ്ങ് സാന്‍ സൂചി പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടാന്‍ താമസിച്ചു. ഭയത്തെ സ്ത്രീ മൂടി വയ്ക്കുകയാണ്; കടമാനിര്‍വഹണത്തിന്റെ പേരും പറഞ്ഞ്. ഒരു വ്യക്തിയുടെ കടമ, ആഗ്രഹം, പ്രവര്‍ത്തി ഒക്കേയും ചുറ്റുമുള്ളവരെ ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ചും സ്ത്രീയുടെ. മാറ്റം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്. എന്നാല്‍ അതിനും വേണം ധൈര്യം. ആ ധൈര്യം ഉണ്ടാക്കിയെടുക്കുക വളരെ ശ്രമകരമാണ്. കാരണം, വര്‍ഷങ്ങളായുള്ള അടിച്ചമര്‍ത്തല്‍ ഉള്ളിന്റെ ഉള്ളില്‍ അടിമയുടെ ഭാവം സൃഷ്ടിച്ചു കഴിഞ്ഞു - പുരുഷമേല്ക്കോയ്മയുടെ അടിമ!
സ്ത്രീയും മനുഷ്യനാണ് എന്നംഗീകരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ലാത്ത സമൂഹത്തില്‍ മാധവിക്കുട്ടിയുടെ സ്ത്രീ കഥാപാത്രങ്ങള്‍ ചോദ്യങ്ങളെറിയുന്നു. അവരുടെ കഥകളില്‍ ചോദ്യമുണ്ടെന്നും, അതിനുത്തരം തരേണ്ടത് സമൂഹം തന്നെയാണെന്നും എനിക്ക് തോന്നുന്നു. കേരളസമൂഹത്തെ മാറ്റിമറിക്കാന്‍ ഒന്നോ രണ്ടോ മാധവിക്കുട്ടിമാര്‍ക്ക് സാധിക്കില്ല. മാധവിക്കുട്ടിയെ കേരളത്തില്‍ നിന്നും തുരത്തിയതില്‍ നിന്ന് മനസ്സിലാക്കാവുന്നത് കേരളം ഒരിക്കലും മാറാനും പോകുന്നില്ല എന്നതാണ്. പിന്നെ, അവരുടെ കൃതികളെ വളരെ വൈകിയാണെങ്കിലും പുകഴ്ത്താനും അംഗീകരിക്കാനും കുറെ പുരുഷന്മാര് മനസ്സ് കാണിച്ചതില്‍ സന്തോഷം തോന്നി. എന്നും പ്രസക്തമായ ഒരു ചോദ്യം മാത്രം ബാക്കി... ഒരു സ്ത്രീയെ അംഗീകരിക്കാന്‍ സംസ്കാരസമ്പന്നര്‍ എന്നും വിദ്യാസമ്പന്നര്‍ എന്നും കരുതിപ്പോരുന്ന സമൂഹത്തിന് ഇത്ര കാലതാമസമോ???
Sunday, April 19, 2009
##പ്രേതം!!!##
എല്ലാവരും ശ്വാസമടക്കിയാണ് അന്ന് ആ പ്രേതകഥ കേട്ടത്. ചങ്ങനാശ്ശേരിയിലെ ഒരു വിമന്‍സ് ഹോസ്റ്റലില്‍ ആയിരുന്നത്രേ സംഭവം. അത് നടന്നിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ലത്രേ! ചൂടു ചോരാതെ ഒരു സുഹൃത്ത് സംഭവം ഞങ്ങളുമായി പങ്കുവച്ചു. രണ്ട് പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു ഹോസ്റ്റല്‍ മുറി. ഒരാള്‍ അസുഖമായി കിടപ്പാണ്. പാതിരാത്രി ആയപ്പോള്‍ ആ കുട്ടി മറ്റേ കുട്ടിയോട് ബാത് റൂം വരെ കൂട്ടു വരാന്‍ പറഞ്ഞ് എഴുന്നേല്‍പ്പിച്ചു. മറ്റേ കുട്ടി കൂടെ ചെന്നു. പിന്നീട് രണ്ടു പേരും തിരിച്ചു വന്നു കിടക്കുകയും ചെയ്തു. പിറ്റേന്ന് അസുഖമുള്ള കുട്ടിയില്‍ അനക്കമൊന്നും കാണാഞ്ഞതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് ആ കുട്ടി മരിച്ചിട്ട് 8 മണിക്കൂറോളം ആയെന്നറിയുന്നത്. അങ്ങനെയാണെങ്കില്‍, മരിച്ചതിനു ശേഷമാണ് ആ കുട്ടി ബാത് റൂമില്‍ പോകാന്‍ കൂട്ടുകാരിയെ വിളിച്ചിരിക്കുന്നത്!!! ആ കൂട്ടികാരിക്ക് പിന്നെ പനി പിടിച്ചൂത്രെ!!! കഥ കേട്ട് ചെറിയ പേടിയോടെയാണ് അന്നെല്ലാവരും കിടക്കാന്‍ പോയത്. കൂടെ കിടക്കുന്ന ആരെങ്കിലും മരിച്ചതിനു ശേഷം നമ്മളെ വന്ന് വിളിച്ച് ബാത് റൂമില്‍ കൊണ്ടുപോയാലോ??!! അത്യാവശ്യമാണെങ്കില്‍ പോലും അന്ന് രാത്രിയില്‍ ബാത് റൂമില്‍ പോകേണ്ട എന്നു തീരുമാനിച്ചാണ് ഞാന്‍ കിടന്നത്.
അടുത്ത കട്ടിലില്‍ കിടക്കുന്ന വിജിത എന്നെ വിളിക്കുന്നതു കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. രാത്രിയാണ്..ഒരു രണ്ട് മൂന്ന് മണിയായിക്കാണും.
“എന്താ വിജിതേ?”, ഞാന്‍ ഉറക്കച്ചവടില്‍ ചോദിച്ചു.
“ടീ......എനിക്ക് ബാത് റൂം വരെ പോകണം. കൂടെ വരാമോ?”. അവളുടെ സ്വരത്തില്‍ പ്രത്യേകിച്ചൊന്നും എനിക്ക് തോന്നിയില്ല.
“അതിനെന്താ? വാ...പോകാം”. ഞാന്‍ എഴുന്നേറ്റ് മുന്നില്‍ നടന്നു. അവള് പുറകേയും.
കോറിഡോറില്‍ വെളിച്ചം ഉണ്ടായിരുന്നു. അതുകൊണ്ട് മുറിയില്‍ ലൈറ്റ് ഇട്ടില്ല. അവളേയും കൂട്ടി ബാത് റൂമില്‍ ചെന്നു. ഞാന്‍ പുറത്തു തന്നെ നില്‍ക്കണമെന്നും, പുറത്ത് ഞാന്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ പാട്ട് പാടണമെന്നും അവള് പറഞ്ഞു. അവള് അകത്തു കയറി; ഞാന്‍ പാട്ട് മൂളിക്കൊണ്ടു നിന്നു. അപ്പോഴാണ് കിടക്കുന്നതിനു മുന്‍പു പറഞ്ഞ പ്രേതകഥ മനസ്സില്‍ ഓടി വന്നത്. ചെറിയ പേടി വന്നെങ്കിലും മനസ്സിനെ ആശ്വസിപ്പിച്ചു. പ്രേതമൊന്നും ഈ ഭൂമിയില്‍ ഇല്ലെന്ന വിശ്വാസം മനസ്സില്‍ ഒന്നൂടി ഊട്ടിയുറപ്പിച്ചു. അവള് ഇറങ്ങി വന്നു. ഞങ്ങള്‍ തിരിച്ചു പോയി കിടന്നു. അവളെത്തന്നെ നോക്കിക്കൊണ്ട് കിടന്ന് എപ്പോഴോ ഞാന്‍ ഉറങ്ങി.
രാവിലെ പല്ലു തേച്ച് മുറിയില്‍ എത്തിയപ്പോള്‍ വലിയ ഡിസ്കഷന് നടക്കുകയാണ്. പ്രേതം തന്നെ വിഷയം. “ പാതിരാത്രിയില്‍ പറയേണ്ട പ്രേതകഥയുടെ സ്റ്റോക്ക് പകലേ പറഞ്ഞു തീര്‍ക്കേണ്ട” എന്നു ഞാന്‍ പറഞ്ഞു. അപ്പോഴാണ് ഡിസ്കഷന്റെ പിന്നിലെ കാര്യം അവര്‍ പറയുന്നത്. തലേന്ന് രാത്രി വിജിതയും ശ്രീലക്ഷ്മിയും പ്രേതത്തെ കണ്ടത്രേ!! ഞാന്‍ ഞെട്ടി, പക്ഷെ പുറത്ത് കാണിച്ചില്ല. ഒരേ സമയത്താണ് രണ്ടു പേരും കണ്ടത് എന്നു പറയുന്നു. അതുകൊണ്ട് റൂമിലെ എല്ലാവരും കാര്യം സത്യം തന്നെ എന്ന രീതിയില്‍ സംഭവം ഏറ്റെടുത്തിരിക്കുകയാണ്. സംഭവം ഇങ്ങനെ:
തലേന്ന് രാത്രിയില്‍ വിജിത എന്നെ വിളിച്ചുണര്‍ത്തിയത് ബാത് റൂമില്‍ പോകാന്‍ അല്ല. പ്രേതത്തെ കണ്ട കാര്യം എന്നോട് പറയാനായിരുന്നു. എന്നേയും കൂടി പേടിപ്പിക്കേണ്ട എന്നു പെട്ടെന്നു തോന്നി വിഷയം മാറ്റിയതാണ്. അവള് എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു രാത്രിയില്‍. അപ്പോള്‍ തൊട്ടടുത്തു കിടക്കുന്ന വിനീതയുടെ കട്ടിലിനടുത്തുള്ള കസേരയില്‍ ആരോ വിനീതയുടെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് അവള് കണ്ടു. വെള്ള വസ്ത്രം, ധാരാളം മുടി. വിജിതയ്ക്ക് പുറം തിരിഞ്ഞാണ് രൂപം ഇരുന്നിരുന്നത്. അത്കൊണ്ട് പ്രേതത്തിന്റെ മുഖം അവള് കണ്ടില്ല. ( അതും കൂടി കണ്ടിരുന്നെങ്കില്‍!!!). അവള്‍ക്ക് നിലവിളിക്കാനൊന്നും നാവ് പൊങ്ങുന്നില്ല. സംസാരിക്കാം എന്നായപ്പോഴാണ് എന്നെ വിളിച്ചത്. ശ്രീലക്ഷ്മിയും അതേ സമയം ഉറക്കമുണര്‍ന്നിരുന്നു. അവളും കണ്ടു അതേ കാഴ്ച........ ഹ് മ്.....അപ്പോ സംഗതി സത്യമാണോ? എനിക്കും സംശയമായി. അന്നു മുതല്‍ രാത്രി കിടക്കാന്‍ നേരം വിജിതയും ശ്രീലക്ഷ്മിയും റൂമിലെ 4 കസേരകളും എടുത്ത് മടക്കി മേശയുടെ അടിയില്‍ വച്ചിട്ടേ കിടക്കൂ. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുക.
അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു പോയി. ഒരു ദിവസം വെളുപ്പിനെ ഒരു ടെസ്റ്റ് പേപ്പറിന് വേണ്ടി പഠിക്കാന്‍ ഞാന്‍ എഴുന്നേറ്റു. ഞങ്ങളുടെ റൂമിനു മുന്നിലെ കോറിഡോറിലെ ലൈറ്റ് ഇട്ട് പഠിക്കാന്‍ ഇരുന്നു. വലത്, അങ്ങേ കോറിഡോറിന്റവിടെ മങ്ങിയ വെളിച്ചമുണ്ട്. ആ സൈഡില്‍ ആരോ പഠിക്കുന്നുണ്ടാവണം...... ഹോ! കൂട്ടുണ്ടല്ലോ.......സമാധാനം. കുറച്ച് നേരം കഴിഞ്ഞ് അങ്ങേ സൈഡില്‍ നിന്ന് ഒരു പാദസ്വരത്തിന്റെ കിലുക്കം, അതോ ചിലങ്കയോ??? എന്തായാലും ഉച്ചത്തിലാണ് കിലുക്കം. ഇടയ്ക്ക് നില്ക്കുന്നു, പിന്നേയും കേള്‍ക്കുന്നു...... പേടി പതുക്കെ മനസ്സില്‍ കടന്നുകൂടി. അങ്ങോട്ട് ചെന്നു നോക്കണോ? ഒരു ധൈര്യക്കുറവ്...... അവസാനം എന്തും വരട്ടേ എന്ന് വിചാരിച്ച് ആ കോറിഡോറിലേക്ക് നടന്നു. ആ ഭാഗത്തെ ലൈറ്റ് കാണുന്നത് അങ്ങേ സൈഡിലാണ്. ഞാന്‍ നില്ക്കുന്ന കോറിഡോറ് മറ്റേ കോറിഡോറുമായി ചേരുന്നതിന്റെ ഇടത് വശത്തായി ജനലിനടുത്ത് ഒരു ഡസ്കും രണ്ട് ബെഞ്ചും പഠിക്കാനിരിക്കാനായി ഇട്ടിട്ടുണ്ട്. പക്ഷെ, അവിടെ മങ്ങിയ വെളിച്ചമേ ഇപ്പോ ഉള്ളു. ആ ഇരുട്ടിലേയ്ക്കാണ് കിലുക്കം പോയത്. ഇപ്പോ കിലുക്കം കേള്‍ക്കുന്നുമില്ല. പതുക്കെ അവിടെ ചെന്ന്, ഭിത്തിയുടെ മറവില്‍ നിന്നു കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ ഒളിഞ്ഞു നോക്കി. ഒരു രൂപം ഇരുട്ടത്ത് ജനലരികിലെ ബെഞ്ചില്‍ ഇരിക്കുന്നുണ്ട്. മുടി അഴിച്ചിട്ടിരിക്കുന്നു, വേഷം ഇരുണ്ടതാണ്. പെട്ടെന്ന് അത് എന്നെ തിരിഞ്ഞു നോക്കി. ഞാന്‍ ഞെട്ടി പുറകോട്ട് മാറി. അവിടെ കിടന്ന കസേരയില്‍ ഇടിച്ച് നടുവ് കലങ്ങി. കസേര നിലത്തുരഞ്ഞ് മേശയില്‍ ഇടിക്കുന്നതിന്റെ ബഹളത്തിനിടയ്ക്ക് ഒരു ‘അശരീരി’ ഞാന്‍ കേട്ടു.
“ടാ, പേടിച്ചു പോയോ? ഞാന്‍ പ്രവീണയാ.......”
ഞാന്‍ ഒന്നൂടി സൂക്ഷിച്ചു നോക്കി. ശ്വാസം നേരെ വീണു.
ആദ്യം തോന്നിയത് പിടിച്ച് രണ്ട് കൊടുക്കാനായിരുന്നു. അവള് കണ്ടതാണ് ഞാന്‍ അവിടിരുന്ന് പടിക്കുന്നത്. ഒന്നു വിളിച്ചിട്ട് ആ ബെഞ്ചിരിക്കുന്ന ഭാഗത്തേക്ക് പോയിരുന്നെങ്കില്‍ ഈ അനാവശ്യ പേടി ഒഴിവാക്കാമായിരുന്നു. എന്തായാലും അവള് എന്നെ സമാധാനിപ്പിച്ചു, എനിക്ക് ആശ്വാസമായി. ചെറുതായി ഒന്നു മയങ്ങാനായിരുന്നു അവള് ബെഞ്ചില്‍ പോയി ഇരുന്നത്. അങ്ങനെ അവളുടെ ഉറക്കവും പോയി. അവള് പഠിക്കാനായിട്ട് തിരിച്ച് നടന്നു. ഞാന്‍ പോയി എന്റെ കസേരയിലും ഇരുന്നു. രാത്രിയില്‍ പ്രേതകഥകള്‍ കേള്‍ക്കുന്നത് അതോടെ ഞാന്‍ അവസാനിപ്പിച്ചു.