ഞാന്‍ മൂന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുന്ന കാലം. കോളേജ് തുറന്ന് ഒന്നു രണ്ടു ആഴ്ചയായിക്കാണും. അതിനാല്‍ പഠിക്കാനായിട്ട് അധികമൊന്നുമില്ല. ഹോസ്റ്റല്‍ മുറിയില്‍ പാതിരാത്രി ആയാലും ഓരോ വര്‍ത്തമാനം പറഞ്ഞിരിക്കും ഞങ്ങളെല്ലാം. വേറെ എന്തൊക്കെ വിഷയങ്ങളിലൂടെ ചര്‍ച്ചകള്‍ നീങ്ങിയാലും അവസാനം എത്തിച്ചേരുക പ്രേതകഥകളിലാണ്. അങ്ങനെ ധാരാളം പ്രേതകഥകള്‍ കേള്‍ക്കാന്‍ എനിക്ക് അവസരം ഉണ്ടായി. രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ സുഖം!!!
എല്ലാവരും ശ്വാസമടക്കിയാണ് അന്ന് ആ പ്രേതകഥ കേട്ടത്. ചങ്ങനാശ്ശേരിയിലെ ഒരു വിമന്‍സ് ഹോസ്റ്റലില്‍ ആയിരുന്നത്രേ സംഭവം. അത് നടന്നിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ലത്രേ! ചൂടു ചോരാതെ ഒരു സുഹൃത്ത് സംഭവം ഞങ്ങളുമായി പങ്കുവച്ചു. രണ്ട് പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു ഹോസ്റ്റല്‍ മുറി. ഒരാള്‍ അസുഖമായി കിടപ്പാണ്. പാതിരാത്രി ആയപ്പോള്‍ ആ കുട്ടി മറ്റേ കുട്ടിയോട് ബാത് റൂം വരെ കൂട്ടു വരാന്‍ പറഞ്ഞ് എഴുന്നേല്‍പ്പിച്ചു. മറ്റേ കുട്ടി കൂടെ ചെന്നു. പിന്നീട് രണ്ടു പേരും തിരിച്ചു വന്നു കിടക്കുകയും ചെയ്തു. പിറ്റേന്ന് അസുഖമുള്ള കുട്ടിയില്‍ അനക്കമൊന്നും കാണാഞ്ഞതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് ആ കുട്ടി മരിച്ചിട്ട് 8 മണിക്കൂറോളം ആയെന്നറിയുന്നത്. അങ്ങനെയാണെങ്കില്‍, മരിച്ചതിനു ശേഷമാണ് ആ കുട്ടി ബാത് റൂമില്‍ പോകാന്‍ കൂട്ടുകാരിയെ വിളിച്ചിരിക്കുന്നത്!!! ആ കൂട്ടികാരിക്ക് പിന്നെ പനി പിടിച്ചൂത്രെ!!! കഥ കേട്ട് ചെറിയ പേടിയോടെയാണ് അന്നെല്ലാവരും കിടക്കാന്‍ പോയത്. കൂടെ കിടക്കുന്ന ആരെങ്കിലും മരിച്ചതിനു ശേഷം നമ്മളെ വന്ന് വിളിച്ച് ബാത് റൂമില്‍ കൊണ്ടുപോയാലോ??!! അത്യാവശ്യമാണെങ്കില്‍ പോലും അന്ന് രാത്രിയില്‍ ബാത് റൂമില്‍ പോകേണ്ട എന്നു തീരുമാനിച്ചാണ് ഞാന്‍ കിടന്നത്.
അടുത്ത കട്ടിലില്‍ കിടക്കുന്ന വിജിത എന്നെ വിളിക്കുന്നതു കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. രാത്രിയാണ്..ഒരു രണ്ട് മൂന്ന് മണിയായിക്കാണും.
“എന്താ വിജിതേ?”, ഞാന്‍ ഉറക്കച്ചവടില്‍ ചോദിച്ചു.
“ടീ......എനിക്ക് ബാത് റൂം വരെ പോകണം. കൂടെ വരാമോ?”. അവളുടെ സ്വരത്തില്‍ പ്രത്യേകിച്ചൊന്നും എനിക്ക് തോന്നിയില്ല.
“അതിനെന്താ? വാ...പോകാം”. ഞാന്‍ എഴുന്നേറ്റ് മുന്നില്‍ നടന്നു. അവള്‍ പുറകേയും.
കോറിഡോറില്‍ വെളിച്ചം ഉണ്ടായിരുന്നു. അതുകൊണ്ട് മുറിയില്‍ ലൈറ്റ് ഇട്ടില്ല. അവളേയും കൂട്ടി ബാത് റൂമില്‍ ചെന്നു. ഞാന്‍ പുറത്തു തന്നെ നില്‍ക്കണമെന്നും, പുറത്ത് ഞാന്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ പാട്ട് പാടണമെന്നും അവള്‍ പറഞ്ഞു. അവള്‍ അകത്തു കയറി; ഞാന്‍ പാട്ട് മൂളിക്കൊണ്ടു നിന്നു. അപ്പോഴാണ് കിടക്കുന്നതിനു മുന്‍പു പറഞ്ഞ പ്രേതകഥ മനസ്സില്‍ ഓടി വന്നത്. ചെറിയ പേടി വന്നെങ്കിലും മനസ്സിനെ ആശ്വസിപ്പിച്ചു. പ്രേതമൊന്നും ഈ ഭൂമിയില്‍ ഇല്ലെന്ന വിശ്വാസം മനസ്സില്‍ ഒന്നൂടി ഊട്ടിയുറപ്പിച്ചു. അവള്‍ ഇറങ്ങി വന്നു. ഞങ്ങള്‍ തിരിച്ചു പോയി കിടന്നു. അവളെത്തന്നെ നോക്കിക്കൊണ്ട് കിടന്ന് എപ്പോഴോ ഞാന്‍ ഉറങ്ങി.
രാവിലെ പല്ലു തേച്ച് മുറിയില്‍ എത്തിയപ്പോള്‍ വലിയ ഡിസ്കഷന്‍ നടക്കുകയാണ്. പ്രേതം തന്നെ വിഷയം. “ പാതിരാത്രിയില്‍ പറയേണ്ട പ്രേതകഥയുടെ സ്റ്റോക്ക് പകലേ പറഞ്ഞു തീര്‍ക്കേണ്ട” എന്നു ഞാന്‍ പറഞ്ഞു. അപ്പോഴാണ് ഡിസ്കഷന്റെ പിന്നിലെ കാര്യം അവര്‍ പറയുന്നത്. തലേന്ന് രാത്രി വിജിതയും ശ്രീലക്ഷ്മിയും പ്രേതത്തെ കണ്ടത്രേ!! ഞാന്‍ ഞെട്ടി, പക്ഷെ പുറത്ത് കാണിച്ചില്ല. ഒരേ സമയത്താണ് രണ്ടു പേരും കണ്ടത് എന്നു പറയുന്നു. അതുകൊണ്ട് റൂമിലെ എല്ലാവരും കാര്യം സത്യം തന്നെ എന്ന രീതിയില്‍ സംഭവം ഏറ്റെടുത്തിരിക്കുകയാണ്. സംഭവം ഇങ്ങനെ:
തലേന്ന് രാത്രിയില്‍ വിജിത എന്നെ വിളിച്ചുണര്‍ത്തിയത് ബാത് റൂമില്‍ പോകാന്‍ അല്ല. പ്രേതത്തെ കണ്ട കാര്യം എന്നോട് പറയാനായിരുന്നു. എന്നേയും കൂടി പേടിപ്പിക്കേണ്ട എന്നു പെട്ടെന്നു തോന്നി വിഷയം മാറ്റിയതാണ്. അവള്‍ എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു രാത്രിയില്‍. അപ്പോള്‍ തൊട്ടടുത്തു കിടക്കുന്ന വിനീതയുടെ കട്ടിലിനടുത്തുള്ള കസേരയില്‍ ആരോ വിനീതയുടെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് അവള്‍ കണ്ടു. വെള്ള വസ്ത്രം, ധാരാളം മുടി. വിജിതയ്ക്ക് പുറം തിരിഞ്ഞാണ് രൂപം ഇരുന്നിരുന്നത്. അത്കൊണ്ട് പ്രേതത്തിന്റെ മുഖം അവള്‍ കണ്ടില്ല. ( അതും കൂടി കണ്ടിരുന്നെങ്കില്‍!!!). അവള്‍ക്ക് നിലവിളിക്കാനൊന്നും നാവ് പൊങ്ങുന്നില്ല. സംസാരിക്കാം എന്നായപ്പോഴാണ് എന്നെ വിളിച്ചത്. ശ്രീലക്ഷ്മിയും അതേ സമയം ഉറക്കമുണര്‍ന്നിരുന്നു. അവളും കണ്ടു അതേ കാഴ്ച........ ഹ് മ്.....അപ്പോ സംഗതി സത്യമാണോ? എനിക്കും സംശയമായി. അന്നു മുതല്‍ രാത്രി കിടക്കാന്‍ നേരം വിജിതയും ശ്രീലക്ഷ്മിയും റൂമിലെ 4 കസേരകളും എടുത്ത് മടക്കി മേശയുടെ അടിയില്‍ വച്ചിട്ടേ കിടക്കൂ. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുക.
അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു പോയി. ഒരു ദിവസം വെളുപ്പിനെ ഒരു ടെസ്റ്റ് പേപ്പറിന് വേണ്ടി പഠിക്കാന്‍ ഞാന്‍ എഴുന്നേറ്റു. ഞങ്ങളുടെ റൂമിനു മുന്നിലെ കോറിഡോറിലെ ലൈറ്റ് ഇട്ട് പഠിക്കാന്‍ ഇരുന്നു. വലത്, അങ്ങേ കോറിഡോറിന്റവിടെ മങ്ങിയ വെളിച്ചമുണ്ട്. ആ സൈഡില്‍ ആരോ പഠിക്കുന്നുണ്ടാവണം...... ഹോ! കൂട്ടുണ്ടല്ലോ.......സമാധാനം. കുറച്ച് നേരം കഴിഞ്ഞ് അങ്ങേ സൈഡില്‍ നിന്ന് ഒരു പാദസ്വരത്തിന്റെ കിലുക്കം, അതോ ചിലങ്കയോ??? എന്തായാലും ഉച്ചത്തിലാണ് കിലുക്കം. ഇടയ്ക്ക് നില്‍ക്കുന്നു, പിന്നേയും കേള്‍ക്കുന്നു...... പേടി പതുക്കെ മനസ്സില്‍ കടന്നുകൂടി. അങ്ങോട്ട് ചെന്നു നോക്കണോ? ഒരു ധൈര്യക്കുറവ്...... അവസാനം എന്തും വരട്ടേ എന്ന് വിചാരിച്ച് ആ കോറിഡോറിലേക്ക് നടന്നു. ആ ഭാഗത്തെ ലൈറ്റ് കാണുന്നത് അങ്ങേ സൈഡിലാണ്. ഞാന്‍ നില്ക്കുന്ന കോറിഡോറ് മറ്റേ കോറിഡോറുമായി ചേരുന്നതിന്റെ ഇടത് വശത്തായി ജനലിനടുത്ത് ഒരു ഡസ്കും രണ്ട് ബെഞ്ചും പഠിക്കാനിരിക്കാനായി ഇട്ടിട്ടുണ്ട്. പക്ഷെ, അവിടെ മങ്ങിയ വെളിച്ചമേ ഇപ്പോ ഉള്ളു. ആ ഇരുട്ടിലേയ്ക്കാണ് കിലുക്കം പോയത്. ഇപ്പോ കിലുക്കം കേള്‍ക്കുന്നുമില്ല. പതുക്കെ അവിടെ ചെന്ന്, ഭിത്തിയുടെ മറവില്‍ നിന്നു കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ ഒളിഞ്ഞു നോക്കി. ഒരു രൂപം ഇരുട്ടത്ത് ജനലരികിലെ ബെഞ്ചില്‍ ഇരിക്കുന്നുണ്ട്. മുടി അഴിച്ചിട്ടിരിക്കുന്നു, വേഷം ഇരുണ്ടതാണ്. പെട്ടെന്ന് അത് എന്നെ തിരിഞ്ഞു നോക്കി. ഞാന്‍ ഞെട്ടി പുറകോട്ട് മാറി. അവിടെ കിടന്ന കസേരയില്‍ ഇടിച്ച് നടുവ് കലങ്ങി. കസേര നിലത്തുരഞ്ഞ് മേശയില്‍ ഇടിക്കുന്നതിന്റെ ബഹളത്തിനിടയ്ക്ക് ഒരു ‘അശരീരി’ ഞാന്‍ കേട്ടു.
“ടാ, പേടിച്ചു പോയോ? ഞാന്‍ പ്രവീണയാ.......”
ഞാന്‍ ഒന്നൂടി സൂക്ഷിച്ചു നോക്കി. ശ്വാസം നേരെ വീണു.
ആദ്യം തോന്നിയത് പിടിച്ച് രണ്ട് കൊടുക്കാനായിരുന്നു. അവള്‍ കണ്ടതാണ് ഞാന്‍ അവിടിരുന്ന് പടിക്കുന്നത്. ഒന്നു വിളിച്ചിട്ട് ആ ബെഞ്ചിരിക്കുന്ന ഭാഗത്തേക്ക് പോയിരുന്നെങ്കില്‍ ഈ അനാവശ്യ പേടി ഒഴിവാക്കാമായിരുന്നു. എന്തായാലും അവള്‍ എന്നെ സമാധാനിപ്പിച്ചു, എനിക്ക് ആശ്വാസമായി. ചെറുതായി ഒന്നു മയങ്ങാനായിരുന്നു അവള്‍ ബെഞ്ചില്‍ പോയി ഇരുന്നത്. അങ്ങനെ അവളുടെ ഉറക്കവും പോയി. അവള്‍ പഠിക്കാനായിട്ട് തിരിച്ച് നടന്നു. ഞാന്‍ പോയി എന്റെ കസേരയിലും ഇരുന്നു. രാത്രിയില്‍ പ്രേതകഥകള്‍ കേള്‍ക്കുന്നത് അതോടെ ഞാന്‍ അവസാനിപ്പിച്ചു.