Saturday, February 20, 2010

ഒരു ബസ്സ് ‘അനുഭവം’


ബസ്സില്‍ യാത്ര ചെയ്യാന്‍ വളരെ ഇഷ്ടപ്പെടുന്ന ആളാണു ഞാന്‍. കാരണം വേറൊന്നുമല്ല. സ്വന്തമായി വാഹനം ഒന്നും ഇല്ല. അപ്പോള്‍, യാത്രയ്ക്കു ബസ്സു തന്നെയാണു ആശ്രയം. അല്ലേല്‍, കണ്ടക്ടറുടെയും സഹയാത്രികരുടെയും ഇടി കൊള്ളാതെ, കമ്പിയില്‍ തൂങ്ങി നിക്കാതെ, ഒന്നിരിക്കാന്‍ സീറ്റു കിട്ടാതെ നിന്നു മുഷിയാതെ ഒക്കെ സുഖായിട്ടു യാത്ര ചെയ്യാന്‍ കാറുണ്ടേല്‍ ബസ്സിനെ ഞാന്‍ ഏഴയലത്തു അടുപ്പിക്കുമോ? ബസ്സിലെ യാത്ര ഇങ്ങനെ ഒക്കെയാണു. “വിസ്തരിച്ചു പോകണേല്‍ ടാക്സി പിടിച്ചു പോടോ!” എന്നുള്ള ‘നല്ല വാക്കു’ കേള്‍ക്കാതിരിക്കണേല്‍ ഇതൊക്കെ സഹിച്ചേ പറ്റൂ. സഹന:ശക്തി പഠിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല!!! അതുകൊണ്ട് സഹന:ശക്തി, ക്ഷമാശീലം, മറ്റുള്ളവരെ( വേറെ നിവര്‍ത്തിയില്ലാത്തതു കൊണ്ടാണേലും) കരുതല്‍ തുടങ്ങിയ നല്ല ശീലങ്ങള്‍ കുറച്ചു നേരത്തേയ്ക്കെങ്കിലും ശീലമാക്കാന്‍ ബസ്സ് യാത്ര ഉപകാരപ്പെടും എന്നതു വലിയ ഒരു കണ്ടെത്തലായിരുന്നു എനിക്ക്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു അമ്മയും ഞാനും ഒന്നിച്ചു കോട്ടയത്തിനു യാത്രയായി. ഒറ്റവണ്ടി കിട്ടിയില്ല. അങ്ങനെ, കറുകച്ചാലിലേയ്ക്കുള്ള ബസ്സിനു കയറി. അമ്മ സൈഡ് സീറ്റിലും ഞാ‍ന്‍ അമ്മയുടെ അടുത്തായും ഇരിപ്പുറപ്പിച്ചു. വയസ്സായവര്‍, കൈക്കുഞ്ഞിനെയേന്തിയ സ്ത്രീകള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കു സീറ്റു ഒഴിഞ്ഞു കൊടുക്കണം എന്നു നിയമമൊന്നുമില്ലെങ്കിലും ഇതൊക്കെ മര്യാദയുടെ ആദ്യപാഠങ്ങളില്‍ പഠിക്കുന്നതാണ്. പലരും ഇവരെയൊന്നും മൈന്‍ഡ് ചെയ്യാറുകൂടിയില്ല. കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല. കാരണം, ഒട്ടകത്തിനു കൂടാരത്തില്‍ ഇടം കൊടുത്തവന്റെ അവസ്ഥയാവും പിന്നീട്. അതു തന്നെ!!!. കുട്ടികളെയും ചുമന്നു കേറുന്നവരുടെ കയ്യിലിരിക്കുന്ന കുട്ടിയ്ക്കു 5ഉം 6ഉം വയസ്സാണെങ്കിലോ? കൂടുതല്‍ പേരും കുട്ടികളെ സ്വന്തം മടിയിലിരുത്തി സീറ്റു കൈവിട്ടു പോകാതെ തന്നെ ‘അന്യരെ കരുതുക’ എന്ന മര്യാദ കാണിക്കും. എനിക്കു, പകുതി സീറ്റില്‍ ഇരിക്കാനൊന്നും താല്പര്യമില്ലാത്തതു കൊണ്ട് അത്യാവശ്യാ‍ണെങ്കില്‍ മാത്രം എഴുന്നേറ്റു കൊടുക്കും.

പണ്ടൊരിക്കല്‍ ഇങ്ങനെ ദൂരയാത്ര ചെയ്യുമ്പോള്‍ ഒരു പകുതി ഗര്‍ഭിണി ഞാനിരുന്ന സീറ്റിനടുത്തു വന്നു നിന്നു. ബസ്സു സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. എഴുന്നേല്‍ക്കണോ വേണ്ടയോ എന്ന സംശയത്തോടെ ഞാ‍നിരുന്നു. ബസില്‍ തള്ളു കൂടി വരുന്നു. ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു:

“സാരമില്ല, ഞാന്‍ കുറച്ചു അപ്പുറത്തെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ആണു. ഇരുന്നോളൂ..”

വേണ്ട എന്നു പറയുമ്പോഴാണല്ലോ നമുക്ക് മര്യാദ കാണിക്കാനുള്ള ആവേശം കൂടുന്നതു!!! ഞാന്‍ പറഞ്ഞു:

“ഞാന്‍ ദൂരയാത്രയാണു. കുറച്ചു അപ്പുറത്താണു ഇറങ്ങുന്നതെങ്കില്‍ തള്ളു കൊള്ളാതെ അത്രേം നേരം ഇരിക്കാല്ലോ. കുറച്ചു നേരമല്ലേ ഉള്ളു…...ഞാ‍ന്‍ നിന്നോളാം.” അങ്ങനെ അവര്‍ ഇരുന്നു, ഞാന്‍ നിന്നു.

തള്ളു കൂടി വന്നു. ആ സീറ്റും കടന്നു മുമ്പിലെ രണ്ടാമത്തെ സീറ്റിനു സമീപത്തായി ഞാന്‍ കഷ്ടപ്പെട്ട് കമ്പിയില്‍ തൂങ്ങി നിന്നു. ആയിടയ്ക്കു കൈയ്ക്കു ഒരുളുക്കു പറ്റിയിരുന്നു. അതിന്റെ വേദന കമ്പിയില്‍ ബലം കൊടുത്തപ്പോള്‍ അറിഞ്ഞു. എന്തായാലും ഒരു ഗര്‍ഭിണിയെ സഹായിക്കാന്‍ പറ്റിയല്ലോ എന്നു മനസ്സില്‍ സന്തോഷിച്ചു കൊണ്ട് നിന്നു. ഒരു നാലഞ്ചു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ഞാന്‍ അവരെ തിരിഞ്ഞു നോക്കി. അവരിറങ്ങിയിട്ടില്ല. ‘ദൈവമേ… അങ്ങു വരെ നിക്കേണ്ടി വരുമോ?’ ഒരു ദീര്‍ഘനിശ്വാസമെടുത്തു. ഇനി ഇപ്പോള്‍ അവര്‍ ഇറങ്ങിയാല്‍ത്തന്നെ ഇങ്ങു ദൂരെ നിക്കുന്ന എനിക്കു ആ സീറ്റു കിട്ടുമോ എന്നതു സംശയം തന്നെ ആണു. ഹോ! സമാധാനമായി…എന്റെ ആധികള്‍ക്കു വിരാമമിട്ടു കൊണ്ടു അടുത്ത സ്റ്റോപ്പിലിറങ്ങാനായി അവര്‍ എഴുന്നേറ്റു. നല്ല ചേച്ചി… ദൂരെ നിന്ന എന്നെ വിളിച്ച് “ദാ സീറ്റ്…ഇരുന്നോളൂ. ഞാന്‍ ഇറങ്ങുകയാണു” എന്നു പറഞ്ഞു അവര്‍ പോയി. വളരെ സന്തോഷത്തോടെ ഞാന്‍ സീറ്റിലും ഇരുന്നു.

ദൂരയാത്ര ചെയ്യുമ്പോള്‍ കഴിവതും ഞാന്‍ സൈഡ് സീറ്റാണു പിടിക്കുക. അപ്പൊപ്പിന്നെ എഴുന്നേറ്റ് മാറേണ്ട പ്രശ്നം വരില്ലല്ലോ! അല്ലാതെ വന്ന ചില സന്ദറ്ഭങ്ങളില്‍ ഒന്നാണു മേല്‍ പറഞ്ഞതു. ഈ നല്ല അനുഭവം ഉള്ളതുകൊണ്ടാവാം ഈ പ്രാവശ്യം അമ്മയുടെ കൂടെ കോട്ടയത്തിനു പുറപ്പെട്ടപ്പോള്‍ സൈഡ് സീറ്റു വേണമെന്നു എനിക്കു തോന്നിയില്ല. സൈഡ് സീറ്റ് ഇല്ലായിരുന്നു താനും.

അങ്ങനെ യാത്ര പകുതിയായപ്പോള്‍ ഒരമ്മച്ചി വന്നു. നല്ല പ്രായം ചെന്നിട്ടു നില്‍ക്കാന്‍ കഷ്ടപ്പെടുകയാണവര്‍. ചിക്കുന്‍ ഗുനിയ തരംഗം കേരളത്തില്‍ അങ്ങോളമിങ്ങോളം വീശിയടിച്ചതുകൊണ്ട് കേരളത്തിലുള്ളവര്‍ അവരുടെ പ്രായത്തെക്കാള്‍ വീക്ക് ആണു. അമ്മച്ചി കേറിയ ഉടനെ എന്നെ തോണ്ടി വിളിച്ചു സീറ്റ് വേണമെന്നു പറഞ്ഞു. ഞാനെഴുന്നേറ്റു. പഴയ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി തോന്നി. തള്ള് കൂടി. ഈ പ്രാവശ്യം സീറ്റിനു പുറകിലേയ്ക്കാണു ഞാന്‍ നീങ്ങിയതു. അപ്പോള്‍ എനിക്കു മുമ്പിലായി 28-30 വയസ്സുള്ള ഒരു സ്ത്രീ വന്നു നിന്നു. കുളിക്കാതെ സ്പ്രേ പൂശിയിരിക്കുകയാണ്. ആ ‘സുഗന്ധ’ത്തില്‍ നിന്നും എങ്ങോട്ടേലും ഓടിപ്പോയാലോ എന്നു തോന്നി. എന്തു ചെയ്യാം? തള്ളായതിനാല്‍ എങ്ങോട്ടും നീങ്ങാനും പറ്റില്ല. അതുമല്ല, അമ്മച്ചി ഇറങ്ങുമ്പോള്‍ ഇരിക്കാനുള്ളതുമാണ്.

ഇറങ്ങാന്‍ നേരം അന്നു കണ്ട ചേച്ചിയെപ്പോലെ അടുത്തു വിളിച്ചു അമ്മച്ചി സീറ്റ് തിരിച്ച് എന്നെ ഏല്‍പ്പിക്കും. സ്നേഹപൂര്‍വ്വം ചിരിക്കും. ഞാന്‍ മനസ്സില്‍ കണ്ടു. എന്നാല്‍ സംഭവിച്ചതു…

അമ്മച്ചി ധൃതി പിടിച്ച് എല്ലാരേം തള്ളിമാറ്റി ഊളിയിട്ട് ഒറ്റ പോക്ക്! സൈഡ് സീറ്റിലിരുന്ന അമ്മയ്ക്കു എന്തെങ്കിലും പറയാനാവും മുമ്പ് ആ സ്പ്രേയില്‍ മുങ്ങിയ ചേച്ചി അവിടെ കയറി ഇരുപ്പായി. അവര്‍ കണ്ടതാണ് ഞാന്‍ അമ്മച്ചിക്ക് സീറ്റ് ഒഴിഞ്ഞുകൊടുത്തത്. അമ്മ വിഷണ്ണയായി എന്നെ നോക്കി. ചിരിച്ചുകൊണ്ടു സാരമില്ല എന്നു ഞാന്‍ കണ്ണടച്ചു കാണിച്ചു. ചേച്ചി എന്റെ മുഖത്തേക്ക് നോക്കുന്നു പോലുമില്ല. ബസ്സില്‍ ഒരു സീന്‍ ഉണ്ടാക്കണമെന്നു തീരെ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാന്‍ നില്‍പ്പു തുടര്‍ന്നു. അവസാനം കറുകച്ചാലെത്തി. അവിടെ അവരും ഞങ്ങളും ഇറങ്ങി.

ഇനി കോട്ടയത്തേക്കുള്ള ബസ്സില്‍ കയറണം; കയറി. ഒരു സീറ്റ് മാത്രം മുഴുവനായി ഒഴിഞ്ഞു കിടപ്പുണ്ട്. ഇപ്രാവശ്യം അബദ്ധം പറ്റരുത്. ഞാന്‍ സൈഡ് സീറ്റില്‍ ഇരുന്നു, അമ്മ എന്റെ അടുത്തും. പ്രായമായതിനാല്‍ അമ്മയെ ആരും എഴുന്നേല്‍പ്പിക്കില്ലല്ലോ! എന്റെ ഒരു ബുദ്ധി!!! ഹ് മ്…ബസ്സില്‍ തിരക്കും കൂടി.

യാത്ര പകുതി പോലുമായില്ല. അപ്പോഴേയ്ക്കും 3ഉം 4ഉം വയസ്സുള്ള കുട്ടികളും ഒരു കൈക്കുഞ്ഞുമായി ഒരു സ്ത്രീ എത്തി. അവരുടെ കൂടെയേ ഇരിക്കൂ എന്ന് അവരുടെ കുട്ടികള്‍ക്കു വാശി. അവസാനം അറ്റത്തിരുന്ന എന്നെ അവര്‍ തോണ്ടി വിളിച്ചു ചോദിച്ചു സീറ്റു കൊടുക്കാമോ എന്നു. വേറെ നിവര്‍ത്തിയില്ലാത്തതുകൊണ്ട് എഴുന്നേറ്റു കൊടുത്തു. അമ്മയുടെ മുഖം വീണ്ടും വിഷണ്ണമായി. അങ്ങനെ ആ ദൂരയാത്രയുടെ ഭൂരിഭാഗവും നിന്നു തന്നെ യാത്ര ചെയ്തു. എനിക്കു എന്റെ അവസ്ഥയോര്‍ത്തിട്ടു ചിരിക്കണോ കരയണോ എന്നറിയില്ല! ബസ്സുയാത്രയില്‍ ഇങ്ങനെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില ‘പ്രതിഭാസങ്ങള്‍’ മഹാസംഭവങ്ങളാണെന്നു ഞാന്‍ ആത്മഗതം ചെയ്തു.