Sunday, August 30, 2009

ഈ ഓണത്തിന്റെ ഓര്‍മ്മയ്ക്ക്...


ബ്ലോഗില് കൈ വച്ചിട്ട് കുറച്ച് നാളായി. ഇത് ഓണമാണ്, ഞാന്‍ വീട്ടിലാണ്. ഓണത്തിന്റെ ഓര്‍മ്മകള്‍ എഴുതിയില്ലേല്‍ ഒരു സുഖമില്ല. അപ്പോള്‍ എഴുതുക തന്നെ.

ഓണം കേരളത്തിന്റെ ദേശീയോത്സവമാണ് എന്നൊരു വയ്പ്പുണ്ടേലും, ഇപ്പോള്‍ അത് ഹിന്ദുക്കളിലേക്ക് ചുരുങ്ങിയിരിക്കുനു. അത് മറ്റ് മതങ്ങളും അംഗീകരിച്ച് കൊടുത്ത് ഒഴിഞ്ഞ് മാറി നില്‍ക്കുന്നു. അതിന് അപവാദമായിട്ട് ഒന്നു രണ്ട് പേര്‍ മറ്റ് മതങ്ങളില്‍ നിന്ന് ഉണ്ടാവാമെങ്കിലും പൊതുവെ കാണുന്ന ലക്ഷണം മേല്‍ പറഞ്ഞത് തന്നെയാണ്.

നമ്മുടെ ധാര്‍മ്മികമൂല്യ
ച്യുതിയുടെ കണക്കെടുപ്പ് നടക്കുന്നത് ഓണത്തിനാണ്. അത് ഒരു ആഘോഷമായിട്ട് ഏറ്റെടുത്ത് പലരും പലതരം തര്‍ക്കങ്ങളും(debate) എഴുത്തുകുത്തുകളും നടത്താറുമുണ്ട്. എന്നിട്ടും വല്ല പ്രയോജനവുമുണ്ടോ? ഓണം കഴിഞ്ഞാല്‍ ഈ trend മാറി വീണ്ടും പഴയ പടി തന്നെ നാട് മുന്നേറുന്നു. വീണ്ടും ഒരു ഓണക്കാലമെത്തുമ്പോള്‍ ഇനി അതിനെ പറ്റി ആലോചിക്കാം എന്ന പുച്ഛരസം ഓരോ മുഖത്തും!!!

ഓണപ്പൂക്കളവും ഊഞ്ഞാലും ഒക്കെയായി ഓണത്തെ വരവേല്‍ക്കാന്‍ പേരുദോഷത്തിനായി ചില പരമ്പരാഗത ജീവിത പ്രേമികള്‍ പൂവും കയറും ഒക്കെ സംഘടിപ്പിക്കുന്നു. ഇവിടെ കുട്ടികളെ ഓണക്കാല ട്യൂഷനു വിടാനും ടി.വി.യില് പടം കാണാനും ടൈമില്ല...അപ്പോഴാ...മഴക്കാലത്ത് പൂക്കളവും ഊഞ്ഞാലും!!

പിന്നെ, ഔട്ടിങ്ങ്...അത് വേണമല്ലോ... ഓണത്തിനാണ് വീട്ടില്‍ എല്ലാരേം ഒരുമിച്ച് കാണുന്നത്. ഓണസദ്യ പുറത്തെ ഹോട്ടലില്‍ നിന്ന്, ഒരു ഓണപ്പടം തീയറ്ററില്‍ ഇരുന്ന് വിളിച്ച് കൂവി കാണണം. ഇതൊക്കെ ഇല്ലേല്‍ ഈക്കാലത്ത് എന്ത് ഓണം!?

ഓണത്തിന് ആകെ ഇത്രേം വിശേഷങ്ങളൊക്കെ ഉണ്ടായിരിക്കുമ്പോഴാണ് നമ്മുടെ H1N1 ഭീകരന്‍ വരുന്നത്. അതോടെ പനിച്ചൂടില്ലാത്തവര്‍ മാത്രം ഓണാഘോഷം നടത്താമെന്ന് തീരുമാനിച്ചു. മാവേലി ഈ സ്ഥിതിഗതികളൊക്കെ കണ്ട് കേരളത്തിലേക്ക് വരണോ വേണ്ടയോ എന്നൊരു തീരുമാനമെടുക്കാനാകാതെ വിഷമിക്കുകയാണ് എന്നാണ് latest ആയിട്ടറിഞ്ഞത്. പാവം! പ്രജകള്‍ എങ്ങനെയൊക്കെയായാലും ക്ഷേമം അന്വേഷിക്കാന്‍ വരാതിരിക്കാന്‍ പറ്റുമോ?

എല്ലാര്‍ക്കും എന്റെ H1appy oN1am..

Wednesday, June 24, 2009

ഒരു മുസ്ലിമും തിരുവാതിര ഞാറ്റുവേലയും


അച്ഛന്‍ കോഴിക്കോട് ജോലി ചെയ്തിരുന്ന ’74 കാലഘട്ടം. അച്ഛന്‍ താമസിക്കുന്ന വീടിനടുത്ത് ഒരു മുസ്ലിം ഉണ്ടായിരുന്നു. ഒരു ചെറിയ കുന്നിന്‍ പുറത്താണ് വീടുകള്‍. എല്ലാ വര്‍ഷവും തിരുവാതിര ഞാറ്റുവേലയുടെ സമയത്ത് ആ മുസ്ലിം കുന്നിനു താഴെയുള്ള വീട്ടിലേയ്ക്ക് താമസം മാറുമായിരുന്നു. ഒരിക്കല്‍, ഇതിന്റെ കാരണം അച്ഛന്‍ ചിലരോട് അന്വേഷിച്ചു. അവര്‍ പറഞ്ഞത് വിശ്വസിക്കാനാകാത്ത ഒരു സംഭവവും...

ഈ മുസ്ലിം അവിടെ താമസിക്കാന്‍ വന്ന കാലത്ത് വീടിനു സമീപം തന്നെ വെള്ളത്തിന്റെ ആവശ്യത്തിലേക്കായി ഒരു കിണര്‍ കുഴിപ്പിച്ചു. വളരെ കോലുകള്‍ കഴിഞ്ഞിട്ടും വെള്ളം കണ്ടില്ല. കിണറ് കുത്തുന്ന ആള്‍ എന്നിട്ടും വിശ്വാസം വിടാതെ കുഴിച്ചുകൊണ്ടിരുന്നു. സ്ഥാനം നിര്‍ണയിക്കുന്നതിലും കിണര്‍ നിര്‍മ്മിക്കുന്നതിലും തനിക്ക് തെറ്റ് വരില്ല എന്ന് അയാള്‍ക്ക് വളരെ വിശ്വാസമുണ്ടായിരുന്നു. അങ്ങനെ കുറേ ആഴത്തില്‍ കുഴിച്ച് കഴിഞ്ഞപ്പോള്‍ മണ്ണിന്‍ നനവ് കണ്ടു തുടങ്ങി; താമസിയാതെ ഉറവയും. ഇങ്ങനെ വെള്ളം കണ്ട് കഴിഞ്ഞാല്‍ അവിടെ പൂജയും കിണറ് കുഴിച്ച ആള്‍ക്ക് ദക്ഷിണയും സമ്മാനങ്ങളും കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഈ മുസ്ലിം ഇയാള്‍ക്ക് വേണ്ട രീതിയില്‍ ദക്ഷിണയോ സമ്മാനങ്ങളോ നല്‍കിയില്ല.

‘ഇയാള്‍ ഈ കിണറ്റില്‍ നിന്നും അധികം വെള്ളം കുടിക്കില്ല’ എന്ന് പണീക്കാരോട് കിണര്‍ കുത്തുന്ന ആള്‍ നിരാശയോടെ പറഞ്ഞത് മുസ്ലിം കേട്ടു. ‘തിരുവാതിര ഞാറ്റുവേലയ്ക്ക് നിന്റെ ശാപം എന്തായാലും ഫലിക്കില്ലല്ലോ..’ എന്ന് മുസ്ലിമും തിരിച്ചടിച്ചു.

തിരുവാതിര ഞാറ്റുവേലയ്ക്ക് തിരി മുറിയാതെ മഴ പെയ്യുമെന്ന് ഒരു ചൊല്ല് തന്നെയുണ്ട്. ആ സമയത്ത് ജലം എല്ലായിടത്തും സമൃദ്ധമായി ഉണ്ടാവുകയും ചെയ്യും. കിണറുകളും തോടുകളും നിറയും. എന്നാല്‍, ഈ മുസ്ലിമിന്റെ കിണറ്റില്‍, വര്‍ഷത്തില്‍ ബാക്കി എല്ലാ ദിവസവും കിണറ്റില്‍ വെള്ളമുണ്ടായാല്‍ തന്നെ, തിരുവാതിര ഞാറ്റുവേലയ്ക്ക് വെള്ളം ഉണ്ടാകാറില്ല. ആ സമയത്തുള്ള വെള്ളത്തിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അയാള്‍ക്ക് വീട് മാറിത്താമസിക്കുകയേ നിവര്‍ത്തിയുള്ളു എന്നായി.

ചില ജിയോളജിസ്റ്റുകള്‍ ഇതിനെ പറ്റി പഠിക്കാനായി എത്തിയത്രേ. മുകളില്‍ ഉള്ള പോലെ ഭൂമിക്കടിയിലും ജലം ഒഴുകുന്നുണ്ട്. തിരുവാതിര ഞാറ്റുവേലക്കാലത്ത് ഒഴുക്കിന്റെ ശക്തി വര്‍ദ്ധിക്കുന്നു. ഈ കിണറ്റില്‍ വെള്ളം നിറയ്ക്കുന്ന ഉറവയുടെ ഒഴുക്കിന്റെ ശക്തി അങ്ങനെ കൂടുകയും കിണറ്റിലേയ്ക്കുള്ള വഴി വിട്ട് വേറൊരു വഴിയിലൂടെ ഒഴുകുകയും ചെയ്യുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. ഇത് ശാസ്ത്രപരമായ സത്യമായും വിലയിരുത്താം...അല്ലാതെ, സത്യമുള്ള ജീവിതവും പ്രവര്‍ത്തിയും കൂടെക്കൊണ്ടുനടന്ന ജനങ്ങളുടെ വാക്കിന്റെ ശക്തിയുമാകാം.

Monday, June 15, 2009

പുഴ വീണ്ടും ഒഴുകുമോ?


മാധവിക്കുട്ടി... അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. അവരെ ഞാന്‍ അറിഞ്ഞു തുടങ്ങിയത് വളരെ വൈകിയാണ്. കേരളത്തിന്റെ പൊയ്മുഖമായ സദാചാരസിദ്ധാന്തങ്ങള്‍ എന്റെ കണ്ണിനും ഒരിക്കല്‍ മറ കെട്ടിയിരുന്നു. ഇത്രയധികം സദാചാരം പ്രസംഗിക്കുന്ന ഒരു കൂട്ടരെ ഞാന്‍ അറിഞ്ഞിട്ടില്ല; പ്രാവര്‍ത്തികമാക്കാത്തവരേയും!!!

സ്ത്രീക്ക് സമൂഹത്തിലുള്ള യഥാര്‍ദ്ധ സ്ഥാനം മനസ്സിലാക്കാന്‍ വൈകിയത് കൊണ്ടാവാം മാധവിക്കുട്ടിയുടെ കഥകളെ ഞാനും 'കേരളത്തിന്റെ സദാചാര'ത്തിനു നിരക്കാത്തതായി ഒരിക്കല്‍ തെറ്റിദ്ധരിച്ചത്. സ്ത്രീ ദേവിയാണ് അമ്മയാണ് തേങ്ങാക്കൊലയാണ് എന്നൊക്കെ പറയുന്ന മുഖമൂടികള്‍ക്ക് പിന്നില്‍ സ്ത്രീ അടിമയാണ് എന്നു വിളിച്ചു പറയുന്ന പ്രവര്‍ത്തി... അതാണ് സത്യത്തില്‍ സമൂഹം എന്ന് തിരിച്ചറിഞ്ഞ കാലത്താണ് മാധവിക്കുട്ടിയെ ഞാന്‍ വായിച്ച് തുടങ്ങിയത്.

സ്ത്രീയുടെ മനസ്സ് മനസ്സിലാക്കാനും അവളുടെ അവസ്ഥകള്‍ ഊഹിക്കാനും അവള്‍ക്കേ കഴിയൂ. സ്ത്രീക്ക് സ്വന്തമായി ഒരു മുറി വേണമെന്ന വിര്‍ജീനിയ വൂള്‍ഫിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ ആഹ്വാനത്തിന് ഇന്നും പ്രസക്തിയുണ്ടെന്നുള്ളത് വിചിത്രമായിരിക്കുന്നു. ഇന്നും സ്ത്രീ പൊരുതുന്നു, പുരുഷ നിര്‍മിതമായ നിയമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെ. എത്ര സ്ത്രീകള്‍ ഇതിനൊക്കെയായി രംഗത്ത് വരുന്നുണ്ട് എന്നുള്ളതും ചിന്തിക്കേണ്ടതാ‍ണ് - വളരെ ശുഷ്കം!!. അതാവാം ഇനിയും പഴയ കാലത്തു നിന്നും സമൂഹത്തെക്കൊണ്ട് ഒട്ടും മുന്നോട്ട് ചിന്തിപ്പിക്കാന്‍ സാധിക്കാതെ വരുന്നതിനും കാരണം.

ഭയം സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ് എന്ന് ഓങ്ങ് സാന്‍ സൂചി പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടാന്‍ താമസിച്ചു. ഭയത്തെ സ്ത്രീ മൂടി വയ്ക്കുകയാണ്; കടമാനിര്‍വഹണത്തിന്റെ പേരും പറഞ്ഞ്. ഒരു വ്യക്തിയുടെ കടമ, ആഗ്രഹം, പ്രവര്‍ത്തി ഒക്കേയും ചുറ്റുമുള്ളവരെ ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ചും സ്ത്രീയുടെ. മാറ്റം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്. എന്നാല്‍ അതിനും വേണം ധൈര്യം. ആ ധൈര്യം ഉണ്ടാ‍ക്കിയെടുക്കുക വളരെ ശ്രമകരമാണ്. കാരണം, വര്‍ഷങ്ങളായുള്ള അടിച്ചമര്‍ത്തല്‍ ഉള്ളിന്റെ ഉള്ളില്‍ അടിമയുടെ ഭാവം സൃഷ്ടിച്ചു കഴിഞ്ഞു - പുരുഷമേല്‍ക്കോയ്മയുടെ അടിമ!


സ്ത്രീയും മനുഷ്യനാണ് എന്നംഗീകരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ലാത്ത സമൂഹത്തില്‍ മാധവിക്കുട്ടിയുടെ സ്ത്രീ കഥാപാത്രങ്ങള്‍ ചോദ്യങ്ങളെറിയുന്നു. അവരുടെ കഥകളില്‍ ചോദ്യമുണ്ടെന്നും, അതിനുത്തരം തരേണ്ടത് സമൂഹം തന്നെയാണെന്നും എനിക്ക് തോന്നുന്നു. കേരളസമൂഹത്തെ മാറ്റിമറിക്കാന്‍ ഒന്നോ രണ്ടോ മാധവിക്കുട്ടിമാര്‍ക്ക് സാധിക്കില്ല. മാധവിക്കുട്ടിയെ കേരളത്തില്‍ നിന്നും തുരത്തിയതില്‍ നിന്ന് മനസ്സിലാക്കാവുന്നത് കേരളം ഒരിക്കലും മാറാനും പോകുന്നില്ല എന്നതാണ്. പിന്നെ, അവരുടെ കൃതികളെ വളരെ വൈകിയാണെങ്കിലും പുകഴ്ത്താനും അംഗീകരിക്കാനും കുറെ പുരുഷന്മാര്‍ മനസ്സ് കാണിച്ചതില്‍ സന്തോഷം തോന്നി. എന്നും പ്രസക്തമായ ഒരു ചോദ്യം മാത്രം ബാക്കി... ഒരു സ്ത്രീയെ അംഗീകരിക്കാന്‍ സംസ്കാരസമ്പന്നര്‍ എന്നും വിദ്യാസമ്പന്നര്‍ എന്നും കരുതിപ്പോരുന്ന സമൂഹത്തിന് ഇത്ര കാലതാമസമോ???

Sunday, April 19, 2009

##പ്രേതം!!!##

ഞാന്‍ മൂന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുന്ന കാലം. കോളേജ് തുറന്ന് ഒന്നു രണ്ടു ആഴ്ചയായിക്കാണും. അതിനാല്‍ പഠിക്കാനായിട്ട് അധികമൊന്നുമില്ല. ഹോസ്റ്റല്‍ മുറിയില്‍ പാതിരാത്രി ആയാലും ഓരോ വര്‍ത്തമാനം പറഞ്ഞിരിക്കും ഞങ്ങളെല്ലാം. വേറെ എന്തൊക്കെ വിഷയങ്ങളിലൂടെ ചര്‍ച്ചകള്‍ നീങ്ങിയാലും അവസാനം എത്തിച്ചേരുക പ്രേതകഥകളിലാണ്. അങ്ങനെ ധാരാളം പ്രേതകഥകള്‍ കേള്‍ക്കാന്‍ എനിക്ക് അവസരം ഉണ്ടായി. രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ സുഖം!!!

എല്ലാവരും ശ്വാസമടക്കിയാണ് അന്ന് ആ പ്രേതകഥ കേട്ടത്. ചങ്ങനാശ്ശേരിയിലെ ഒരു വിമന്‍സ് ഹോസ്റ്റലില്‍ ആയിരുന്നത്രേ സംഭവം. അത് നടന്നിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ലത്രേ! ചൂടു ചോരാതെ ഒരു സുഹൃത്ത് സംഭവം ഞങ്ങളുമായി പങ്കുവച്ചു. രണ്ട് പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു ഹോസ്റ്റല്‍ മുറി. ഒരാള്‍ അസുഖമായി കിടപ്പാണ്. പാതിരാത്രി ആയപ്പോള്‍ ആ‍ കുട്ടി മറ്റേ കുട്ടിയോട് ബാത് റൂം വരെ കൂട്ടു വരാന്‍ പറഞ്ഞ് എഴുന്നേല്‍പ്പിച്ചു. മറ്റേ കുട്ടി കൂടെ ചെന്നു. പിന്നീട് രണ്ടു പേരും തിരിച്ചു വന്നു കിടക്കുകയും ചെയ്തു. പിറ്റേന്ന് അസുഖമുള്ള കുട്ടിയില്‍ അനക്കമൊന്നും കാണാഞ്ഞതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് ആ കുട്ടി മരിച്ചിട്ട് 8 മണിക്കൂറോളം ആയെന്നറിയുന്നത്. അങ്ങനെയാണെങ്കില്‍, മരിച്ചതിനു ശേഷമാണ് ആ കുട്ടി ബാത് റൂമില്‍ പോകാന്‍ കൂട്ടുകാരിയെ വിളിച്ചിരിക്കുന്നത്!!! ആ കൂട്ടികാരിക്ക് പിന്നെ പനി പിടിച്ചൂത്രെ!!! കഥ കേട്ട് ചെറിയ പേടിയോടെയാണ് അന്നെല്ലാവരും കിടക്കാന്‍ പോയത്. കൂടെ കിടക്കുന്ന ആരെങ്കിലും മരിച്ചതിനു ശേഷം നമ്മളെ വന്ന് വിളിച്ച് ബാത് റൂമില്‍ കൊണ്ടുപോയാലോ??!! അത്യാവശ്യമാണെങ്കില്‍ പോലും അന്ന് രാത്രിയില്‍ ബാത് റൂമില്‍ പോകേണ്ട എന്നു തീരുമാനിച്ചാണ് ഞാന്‍ കിടന്നത്.

അടുത്ത കട്ടിലില്‍ കിടക്കുന്ന വിജിത എന്നെ വിളിക്കുന്നതു കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. രാ‍ത്രിയാണ്..ഒരു രണ്ട് മൂന്ന് മണിയായിക്കാണും.
“എന്താ വിജിതേ?”, ഞാന്‍ ഉറക്കച്ചവടില്‍ ചോദിച്ചു.
“ടീ......എനിക്ക് ബാത് റൂം വരെ പോകണം. കൂടെ വരാമോ?”. അവളുടെ സ്വരത്തില്‍ പ്രത്യേകിച്ചൊന്നും എനിക്ക് തോന്നിയില്ല.
“അതിനെന്താ? വാ‍...പോകാം”. ഞാന്‍ എഴുന്നേറ്റ് മുന്നില്‍ നടന്നു. അവള്‍ പുറകേയും.
കോറിഡോറില്‍ വെളിച്ചം ഉണ്ടായിരുന്നു. അതുകൊണ്ട് മുറിയില്‍ ലൈറ്റ് ഇട്ടില്ല. അവളേയും കൂട്ടി ബാത് റൂമില്‍ ചെന്നു. ഞാന്‍ പുറത്തു തന്നെ നില്‍ക്കണമെന്നും, പുറത്ത് ഞാന്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ പാട്ട് പാടണമെന്നും അവള്‍ പറഞ്ഞു. അവള്‍ അകത്തു കയറി; ഞാന്‍ പാട്ട് മൂളിക്കൊണ്ടു നിന്നു. അപ്പോഴാണ് കിടക്കുന്നതിനു മുന്‍പു പറഞ്ഞ പ്രേതകഥ മനസ്സില്‍ ഓടി വന്നത്. ചെറിയ പേടി വന്നെങ്കിലും മനസ്സിനെ ആശ്വസിപ്പിച്ചു. പ്രേതമൊന്നും ഈ ഭൂമിയില്‍ ഇല്ലെന്ന വിശ്വാസം മനസ്സില്‍ ഒന്നൂടി ഊട്ടിയുറപ്പിച്ചു. അവള്‍ ഇറങ്ങി വന്നു. ഞങ്ങള്‍ തിരിച്ചു പോയി കിടന്നു. അവളെത്തന്നെ നോക്കിക്കൊണ്ട് കിടന്ന് എപ്പോഴോ ഞാന്‍ ഉറങ്ങി.

രാവിലെ പല്ലു തേച്ച് മുറിയില്‍ എത്തിയപ്പോള്‍ വലിയ ഡിസ്കഷന്‍ നടക്കുകയാണ്. പ്രേതം തന്നെ വിഷയം. “ പാതിരാത്രിയില്‍ പറയേണ്ട പ്രേതകഥയുടെ സ്റ്റോക്ക് പകലേ പറഞ്ഞു തീര്‍ക്കേണ്ട” എന്നു ഞാ‍ന്‍ പറഞ്ഞു. അപ്പോഴാണ് ഡിസ്കഷന്റെ പിന്നിലെ കാര്യം അവര്‍ പറയുന്നത്. തലേന്ന് രാത്രി വിജിതയും ശ്രീലക്ഷ്മിയും പ്രേതത്തെ കണ്ടത്രേ!! ഞാന്‍ ഞെട്ടി, പക്ഷെ പുറത്ത് കാണിച്ചില്ല. ഒരേ സമയത്താണ് രണ്ടു പേരും കണ്ടത് എന്നു പറയുന്നു. അതുകൊണ്ട് റൂമിലെ എല്ലാവരും കാര്യം സത്യം തന്നെ എന്ന രീതിയില്‍ സംഭവം ഏറ്റെടുത്തിരിക്കുകയാണ്. സംഭവം ഇങ്ങനെ:

തലേന്ന് രാത്രിയില്‍ വിജിത എന്നെ വിളിച്ചുണര്‍ത്തിയത് ബാത് റൂമില്‍ പോകാന്‍ അല്ല. പ്രേതത്തെ കണ്ട കാര്യം എന്നോട് പറയാനായിരുന്നു. എന്നേയും കൂടി പേടിപ്പിക്കേണ്ട എന്നു പെട്ടെന്നു തോന്നി വിഷയം മാറ്റിയതാണ്. അവള്‍ എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു രാത്രിയില്‍. അപ്പോള്‍ തൊട്ടടുത്തു കിടക്കുന്ന വിനീതയുടെ കട്ടിലിനടുത്തുള്ള കസേരയില്‍ ആരോ വിനീതയുടെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് അവള്‍ കണ്ടു. വെള്ള വസ്ത്രം, ധാരാളം മുടി. വിജിതയ്ക്ക് പുറം തിരിഞ്ഞാണ് രൂപം ഇരുന്നിരുന്നത്. അത്കൊണ്ട് പ്രേതത്തിന്റെ മുഖം അവള്‍ കണ്ടില്ല. ( അതും കൂടി കണ്ടിരുന്നെങ്കില്‍!!!). അവള്‍ക്ക് നിലവിളിക്കാനൊന്നും നാവ് പൊങ്ങുന്നില്ല. സംസാരിക്കാം എന്നായപ്പോഴാണ് എന്നെ വിളിച്ചത്. ശ്രീലക്ഷ്മിയും അതേ സമയം ഉറക്കമുണര്‍ന്നിരുന്നു. അവളും കണ്ടു അതേ കാഴ്ച........ ഹ് മ്.....അപ്പോ സംഗതി സത്യമാണോ? എനിക്കും സംശയമായി. അന്നു മുതല്‍ രാത്രി കിടക്കാന്‍ നേരം വിജിതയും ശ്രീലക്ഷ്മിയും റൂമിലെ 4 കസേരകളും എടുത്ത് മടക്കി മേശയുടെ അടിയില്‍ വച്ചിട്ടേ കിടക്കൂ. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുക.

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു പോയി. ഒരു ദിവസം വെളുപ്പിനെ ഒരു ടെസ്റ്റ് പേപ്പറിന് വേണ്ടി പഠിക്കാന്‍ ഞാന്‍ എഴുന്നേറ്റു. ഞങ്ങളുടെ റൂമിനു മുന്നിലെ കോറിഡോറിലെ ലൈറ്റ് ഇട്ട് പഠിക്കാന്‍ ഇരുന്നു. വലത്, അങ്ങേ കോറിഡോറിന്റവിടെ മങ്ങിയ വെളിച്ചമുണ്ട്. ആ സൈഡില്‍ ആരോ പഠിക്കുന്നുണ്ടാവണം...... ഹോ! കൂട്ടുണ്ടല്ലോ.......സമാധാനം. കുറച്ച് നേരം കഴിഞ്ഞ് അങ്ങേ സൈഡില്‍ നിന്ന് ഒരു പാ‍ദസ്വരത്തിന്റെ കിലുക്കം, അതോ ചിലങ്കയോ??? എന്തായാലും ഉച്ചത്തിലാണ് കിലുക്കം. ഇടയ്ക്ക് നില്‍ക്കുന്നു, പിന്നേയും കേള്‍ക്കുന്നു...... പേടി പതുക്കെ മനസ്സില്‍ കടന്നുകൂടി. അങ്ങോട്ട് ചെന്നു നോക്കണോ? ഒരു ധൈര്യക്കുറവ്...... അവസാനം എന്തും വരട്ടേ എന്ന് വിചാരിച്ച് ആ കോറിഡോറിലേക്ക് നടന്നു. ആ ഭാഗത്തെ ലൈറ്റ് കാണുന്നത് അങ്ങേ സൈഡിലാണ്. ഞാന്‍ നില്ക്കുന്ന കോറിഡോറ് മറ്റേ കോറിഡോറുമായി ചേരുന്നതിന്റെ ഇടത് വശത്തായി ജനലിനടുത്ത് ഒരു ഡസ്കും രണ്ട് ബെഞ്ചും പഠിക്കാനിരിക്കാനായി ഇട്ടിട്ടുണ്ട്. പക്ഷെ, അവിടെ മങ്ങിയ വെളിച്ചമേ ഇപ്പോ ഉള്ളു. ആ ഇരുട്ടിലേയ്ക്കാണ് കിലുക്കം പോയത്. ഇപ്പോ കിലുക്കം കേള്‍ക്കുന്നുമില്ല. പതുക്കെ അവിടെ ചെന്ന്, ഭിത്തിയുടെ മറവില്‍ നിന്നു കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ ഒളിഞ്ഞു നോക്കി. ഒരു രൂ‍പം ഇരുട്ടത്ത് ജനലരികിലെ ബെഞ്ചില്‍ ഇരിക്കുന്നുണ്ട്. മുടി അഴിച്ചിട്ടിരിക്കുന്നു, വേഷം ഇരുണ്ടതാണ്. പെട്ടെന്ന് അത് എന്നെ തിരിഞ്ഞു നോക്കി. ഞാന്‍ ഞെട്ടി പുറകോട്ട് മാറി. അവിടെ കിടന്ന കസേരയില്‍ ഇടിച്ച് നടുവ് കലങ്ങി. കസേര നിലത്തുരഞ്ഞ് മേശയില്‍ ഇടിക്കുന്നതിന്റെ ബഹളത്തിനിടയ്ക്ക് ഒരു ‘അശരീരി’ ഞാന്‍ കേട്ടു.

“ടാ, പേടിച്ചു പോയോ? ഞാ‍ന്‍ പ്രവീണയാ.......”
ഞാന്‍ ഒന്നൂടി സൂക്ഷിച്ചു നോക്കി. ശ്വാസം നേരെ വീണു.

ആദ്യം തോന്നിയത് പിടിച്ച് രണ്ട് കൊടുക്കാനായിരുന്നു. അവള്‍ കണ്ടതാണ് ഞാന്‍ അവിടിരുന്ന് പടിക്കുന്നത്. ഒന്നു വിളിച്ചിട്ട് ആ ബെഞ്ചിരിക്കുന്ന ഭാഗത്തേക്ക് പോയിരുന്നെങ്കില്‍ ഈ അനാവശ്യ പേടി ഒഴിവാക്കാമായിരുന്നു. എന്തായാലും അവള്‍ എന്നെ സമാധാനിപ്പിച്ചു, എനിക്ക് ആശ്വാസമായി. ചെറുതായി ഒന്നു മയങ്ങാനായിരുന്നു അവള്‍ ബെഞ്ചില്‍ പോയി ഇരുന്നത്. അങ്ങനെ അവളുടെ ഉറക്കവും പോയി. അവള്‍ പഠിക്കാനായിട്ട് തിരിച്ച് നടന്നു. ഞാന്‍ പോയി എന്റെ കസേരയിലും ഇരുന്നു. രാത്രിയില്‍ പ്രേതകഥകള്‍ കേള്‍ക്കുന്നത് അതോടെ ഞാന്‍ അവസാനിപ്പിച്ചു.

Sunday, March 29, 2009

എര്‍ത്ത് അവര്‍

വൈദ്യുതിയുടെ പാഴ്ച്ചിലവിനും ആഗോളതാപനത്തിനും എതിരായിട്ടുള്ള ഒരു യജ്ഞത്തില്‍ 8.30-9.30pm എന്ന സമയത്ത് ഇന്നലെ ലോകമൊട്ടാകെ ഉള്ളവര്‍ പങ്കെടുത്തു. വളരെ വലിയ പ്രചരണമാണ് Earth Hour എന്നു പേരിട്ട ഈ യജ്ഞത്തിനു ലഭിച്ചത്. ആ ഒരു മണിക്കൂര്‍ സമയം എങ്ങനെ ഉപയോഗിക്കാം എന്നു വരെ ചര്‍ച്ചയുണ്ടായി. കുടുംബാംഗങ്ങള്‍ തമ്മില്‍ കുറഞ്ഞുവരുന്ന സംസാരസമയം ഇതിലൂടെ വീണ്ടെടുക്കാം, പ്രയോജനകരമായ വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയവ നിര്‍ദ്ദേശങ്ങളില്‍ സ്ഥാനം പിടിച്ചു. നിര്‍ദ്ദേശങ്ങളില്‍ ഇല്ലാത്ത ഒന്ന് -ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരളത്തിന്റെ ‘തനത് കലാപരിപാടി’(വെള്ളമടി)- ലക്ഷ്യമിട്ടവരും കുറവല്ല!!

ലോകമൊട്ടാകെയുള്ളവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഞാനും കൂടണമെന്ന് എനിക്ക് തോന്നി. സുഹൃത്തുക്കള്‍ക്ക് SMS അയച്ചു. 4.30pm ആയപ്പോഴേയ്ക്കും കാറ്റും മഴയും തുടങ്ങി. നല്ല ശക്തിയായി മഴ പെയ്യാന്‍ തുടങ്ങിയപ്പോഴേ വൈദ്യുതി “ഠിം”!! 8.30ന്റെ Earth Hour യജ്ഞം അതുകൊണ്ട് പ്രത്യേകം ആഘോഷിക്കേണ്ടി വന്നില്ല! ഒരു മണിക്കൂര്‍ മാത്രമുള്ള Earth Hour കേരളജനത നിത്യവും 3-4 മണിക്കൂറെങ്കിലും ആഘോഷിക്കാറുണ്ട് എന്ന യഥാര്‍ത്ഥ വസ്തുതയ്ക്കു മുന്‍പില്‍ യജ്ഞം സമര്‍പ്പിക്കുന്നു...