Sunday, November 21, 2010

കൂവക്കാവ് സ്കൂള്‍


ബ്ലോഗ്‌ ഒക്കെ എഴുതിയിട്ട് കുറെ നാളായി. കൂവക്കാവ് സ്കൂളിനെ പറ്റി എഴുതണം എന്ന് വിചാരിച്ചിരുന്നു. ഇപ്പോഴാണ് എഴുതാന്‍ എല്ലാം ഒത്ത് വന്നത്.

ആ സ്കൂളില്‍ ഞാന്‍ പഠിച്ചിട്ടില്ല. പക്ഷെ എന്തോ ഒരു സുഖമാണ് ആ സ്കൂളിനെ പറ്റി ഓര്‍ക്കുമ്പോഴോ അല്ലെങ്കില്‍ അവിടെ ചെല്ലുംമ്പോഴോ ഉണ്ടാവുക. അത് എല്‍ . പി . സ്കൂള്‍ ആണ്. അവിടെ ചെല്ലുമ്പോള്‍ തന്നെ കുട്ടികളുടെ ബഹളം ആണ്. ഉച്ചയ്ക്ക് കഞ്ഞിക്ക് രസമാണ്. അത് കഴിഞ്ഞുള്ള പന്ത്കളിയും രസം തന്നെ. അവിടെ എന്റെ സുഹൃത്തിന്റെ അച്ചന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് അവളും കുറച്ച് മാസം അവിടെ ടീച്ചര്‍ ആയി ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ അവിടെ പോയി. അവിടത്തെ തണല്‍മരങ്ങളുടെ കീഴെ ഓരോന്ന് ആലോചിച്ച് ഇരിക്കും. ഇളം കാറ്റ് വീശും. അങ്ങനെ ഇരിക്കുമ്പോ സമം പോകുന്നത് അറിയില്ല.


അവിടെ ആണ് നാട്ടിലെ തിരഞ്ഞെടുപ്പ് ബൂത്ത്. നല്ല ആളായിരിക്കും അന്ന്. വോട്ടവകാശം ആദ്യ കാലങ്ങളില്‍ ഞാന്‍ പ്രയോജനപ്പെടുത്തിയിരുന്നു. പിന്നീട് ഇതിലൊന്നും വലിയ കാര്യമില്ല എന്ന് മനസ്സിലാക്കിയപ്പോ നിര്‍ത്തി. എങ്കിലും ആ ദിവസം ഞാന്‍ പോകും. സ്കൂള്‍ കാണാന്‍...

നാട്ടില്‍ നിന്ന് മാറി പഠിക്കാന്‍ തുടങ്ങിയിട്ട് ഏഴു കൊല്ലായി. പോകാന്‍ കിട്ടുന്ന അവസരങ്ങളില്‍ ഒക്കെ ഞാന്‍ അവിടെ പോകും. സ്കൂള്‍ എന്നാല്‍ എന്റെ മനസ്സില്‍ വരുന്നത് ഈ സ്കൂളും പരിസരവുമാണ്. സ്കൂളിനു അടുത്ത് ഒരു ചെറിയ മാടക്കടയുന്ടു. പിന്നെ ആ നാട്ടിലെ ഭൂരിഭാഗം കല്യാണങ്ങളും നടക്കുന്ന കമ്യൂണിറ്റി ഹാള്‍.

ഇതൊക്കെ എന്റെ ഗ്രാമത്തെ കുറിച്ചുള്ള ഓര്മ കൂടിയാണ്...

Friday, July 16, 2010

മഴ...


മഴ പെയ്തുകൊണ്ടേയിരിക്കുകയാണു. മഞ്ഞായി അലിഞ്ഞു പോയ എന്റെ ഓര്‍മ്മകള്‍ക്കു ചൂട് പകരാന്‍ ഈ മഴത്തുള്ളികള്‍ക്കും തണുപ്പിനും കഴിയുമെന്നോ? അത്ഭുതം തന്നെ!!! മഴ എല്ലാവര്‍ക്കും ഓര്‍മ്മകളുടെ വേലിയേറ്റമാണു കൊണ്ടുത്തരിക. ചുമ്മാ വീടിനുള്ളില്‍ കുത്തിയിരിക്കുന്നവര്‍ക്കാണു മഴയുടെ സാമീപ്യം കൂടുതല്‍ സുഖമുള്ള ഓമ്മകള്‍ തരുക. ചിലര്‍ക്കു മൂടിപ്പുതച്ചു ഉറങ്ങാനും, ചിലര്‍ക്കു മഴവെള്ളത്തില്‍ കളിക്കാനും, ചിലര്‍ക്കു ജനലിലൂടെ പുറത്തേക്കു നോക്കി ഓര്‍മ്മകളിലെ സുന്ദരനിമിഷങ്ങള്‍ മുത്തുകളായി കോര്‍ക്കാനും, എന്നെപ്പോലെ ഉള്ളവര്‍ക്കു, ഓര്‍മ്മയില്‍ വരുന്നതു കുറിക്കുന്ന സുഖം പകരുവാനും ഈ മഴയ്ക്കു സാധിക്കുന്നു. ഒരേ സമയം എത്ര ആളുകളുടെ മനസ്സുമായാണു അതു ബന്ധം സ്ഥാപിക്കുന്നതു!!???

മുറ്റത്തു നില്‍ക്കുന്ന എല്ലാ ചെടികള്‍ക്കും പുതിയ ഒരു പ്രകാശം മഴ കൊടുത്തിരിക്കുന്നു. അന്തരീക്ഷത്തിനു തന്നെയും ഒരു പുതുമ. മഴയുടെ തണുപ്പു എന്നെ പൊതിയുമ്പോള്‍ മഴയ്ക്കും മണമുണ്ട് എന്നു തോന്നുന്നു. തണുപ്പു ഞാന്‍ ഉള്ളിലേക്കു ശ്വസിച്ചു. മനസ്സിനും ആ തണുപ്പു കുളിരേകി. ഓടില്‍ നിന്നും വെള്ളം മുറ്റത്തേക്കു വീണുകൊണ്ടിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അവിടെ കുറെ നര്‍ത്തകിമാരെ കാണാം. അവര്‍ അങ്ങോട്ടുമിങ്ങോട്ടും ചാടിച്ചാടി കളിക്കും. മഴ തോരുമ്പോഴേക്കും “കണ്ണീര്‍ത്തുള്ളികള്‍” ചെടികളില്‍ ഉണ്ടാവും. അതു പറിച്ചു കണ്ണില്‍ എഴുതുമ്പോള്‍ കണ്ണിനും ഒരു കുളിര്‍...

ഇത്ര വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ആ പഴയ കുട്ടിക്കാല ഓര്‍മ്മകള്‍ മഴ എന്നിലേയ്ക്കു വീണ്ടും കൊണ്ടുത്തരും. ഒരു കുഞ്ഞു കുട്ടിയായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോകും. എന്നാല്‍, പ്രായം എന്റ് ഈ ആഗ്രഹത്തിനു തടസ്സമായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാനിറങ്ങുകയാണു.....മഴയുടെ ആത്മാവു തേടി......ഒരു കൊച്ചുകുട്ടിയുടെ ഉല്‍സാഹത്തോടെ......

Sunday, June 27, 2010

ഭൂമിയുടെ പുതപ്പ്



ടൈപ്പ് ചെയ്യാന്‍ കിട്ടുന്ന സമയം വളരെ കുറവാണ്. അത് കൊണ്ടാണ് പോസ്റ്റ് ഇടാന്‍ കഴിയാതെ വരുന്നത്. പ്രോത്സാഹനം വീണ്ടും എഴുതാനും പ്രേരിപ്പിക്കും. നന്ദി.

ഇത്തവണ ഞാ‍ന്‍ എഴുതാന്‍ ആഗ്രഹിക്കുന്നത് പൊന്തന്‍പുഴ വനത്തെ പറ്റിയും കൂവക്കാവ് സ്കൂളിനെ പറ്റിയുമാണ്. കുറേ നാളായി ഇതിനെ പറ്റി ചിന്തിക്കുന്നു. പൊന്തന്‍പുഴ വനം വളരെ വിസ്താരത്തില്‍ കോട്ടയം-പത്തനംതിട്ട ജില്ലകളിലായി കിടക്കുന്നു. ഭൂരിഭാഗവും കോട്ടയത്തിനു തന്നെ. വീട്ടില്‍ നിന്ന് ഒരു 15 മിനുട്ട് ദൂരത്തില്‍ നിന്ന് ഈ വനം തുടങ്ങുന്നു. സ്കൂളിലേക്ക് ഒരു 10 മിനുട്ട് ദൂരമുണ്ടാവും. ഞാന്‍ പഠിച്ച സ്കൂള്‍ അല്ലെങ്കിലും ഉള്ളിന്റെ ഉള്ളില്‍ എന്തൊക്കെയോ തോന്നും ഈ സ്കൂളിനെ പറ്റി ഓര്‍ക്കുമ്പോള്‍... എന്തോ ഒരു ബന്ധം... സ്വന്തം നാടിനെ പറ്റി ഉള്ള സുഖമുള്ള ഓര്‍മ്മയാണ് വനവും ഈ സ്കൂളും.

ആദ്യം വനത്തില്‍ നിന്ന് തുടങ്ങാം. ഭൂമിയുടെ പുതപ്പായ വനം. പൊന്തന്‍പുഴ വനത്തില്‍ കൂടുതലും തേക്കാണ്. പേരറിയാത്ത മറ്റ് അനേകം മരങ്ങളും പൂക്കളും കൊണ്ട് തിങ്ങി നിറഞ്ഞ വനം. തേക്ക് അടിച്ച് മാറ്റുന്ന കേസുകളാണ് അവിടെ ഫോറസ്റ്റ്സ്റ്റേഷനിലെ മിക്ക കേസുകളും. പിടിച്ചെടുത്ത 2ഉം 3ഉം വണ്ടികള്‍ സ്റ്റേഷന് അലങ്കാരമായിട്ട് അങ്ങനെ കിടപ്പുണ്ടാവും. “റേഞ്ചറ്” എന്ന മലയാളം ഫിലിം അവിടെയാണ്‍ ഷൂട്ട് ചെയ്തത്. നല്ല ഭംഗിയുള്ള ഫോറസ്റ്റ് സ്റ്റേഷനും പോലീസ് ക്വാര്‍ട്ടേഴ്സും.

വനത്തിലൂടെ പല ഊട് വഴികള്‍ കാണാം. വനത്തിന്റെ ഉള്ളിലേക്ക് പോകുന്ന നൂല്‍ വഴികളിലൂടെ പോകണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല. വനത്തിനു നടുക്കൂടി ആണ് കോട്ടയം-പത്തനംതിട്ട എസ്.എച്ച്. വനത്തിനുള്ളിലൂടെ സ്പീഡില്‍ വണ്ടി ഓടുമ്പോള്‍ വന്നടിക്കുന്ന കാറ്റിന്‍ ഇളം തണുപ്പാണ്. കൂടെ പൂക്കളുടെ സുഗന്ധവും.. എന്നാല്‍ മറ്റ് ചില ഇടം എത്തുമ്പോള്‍ മീന്‍ ചീഞ്ഞ നാറ്റവും പ്രതീക്ഷിക്കാം. വനത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നതാണ് ഇതിനു കാരണം. രാത്രിയില്‍ ആയിരിക്കും ഇത് ചെയ്യുക.ആരാണ് എന്ന് ആരും അറിയുകയുമില്ല. കോട്ടയം-പത്തനംതിട്ട ജില്ലകളെ വേര്‍തിരിക്കുന്ന തോട് ഈ വനത്തിലൂടെ ഒഴുകുന്നു. അവിടം ആള്‍ക്കാര് കുളിക്കാനും മറ്റും ഉപയോഗിക്കുന്നത് കൊണ്ട് അധികം വൃത്തികേട് ഇല്ല. ഇവിടെ വനത്തിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമി കൊടുത്തിട്ടുണ്ട്. അങ്ങോട്ടേക്ക് ടാറിട്ട റോഡും ഉണ്ട്.

വനത്തില്‍ കുറുക്കന്‍ ഉണ്ട് എന്നാണ് കേട്ട് കേള്‍വി. കൂവുന്നത് കേള്‍ക്കാമത്രേ! കാട്ട് പൂച്ച, മുയല്‍ , അണ്ണാന്‍, കീരി, പാമ്പ് തുടങ്ങിയ മൃഗങ്ങളും പൊന്മാന്‍, മാടത്ത, തത്ത, കാട്ട് കോഴി തുടങ്ങിയ പക്ഷികളും ഇവിടുണ്ട്. ഇവിടെ ഔഷധ ഗുണമുള്ള ധാരാളം ചെടികളുമുണ്ട്. ഇന്നത്തെ കാലത്ത് ആര് ആ മരുന്നുകളൊക്കെ പരീക്ഷിക്കുന്നു? പണ്ട് മരുന്നിനു വേണ്ടി കാടിന്റെ പരിസരത്ത് തപ്പി നടന്നത് ഓര്‍ക്കുന്നു. അതിനിടയ്ക്ക് അവിടെ കണ്ട അത്തിമരത്തിനു ചുറ്റും എല്ലാരും കൂടി. അതില്‍ നിറയെ പഴമുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് കോളായിരുന്നു. പിന്നീട് തോട്ടിലിറങ്ങി തിമിര്‍ത്തിട്ടേ വീട്ടില്‍ തിരിച്ചെത്തിയുള്ളു അന്ന്.

വനത്തിന്റെ ആ മൂലയ്ക്കും ഈ മൂലയ്ക്കും കുറേ ബോര്‍ഡുകള്‍ ഉണ്ട്. “കാട്ട്തീ തടയുക”, “മാലിന്യം ഇടരുത്”, “വനം ഒരു വരം” എന്നൊക്കെ. എന്നിട്ടും വനം മലിനമാകുന്നു. വനത്തിന്റെ പ്രാധാന്യം കൂടുതല്‍ മനസ്സിലാക്കും തോറും വനം നശിപ്പിക്കപ്പെടുന്നു. “കാട്ടിലെ തടി, തേവരുടെ ആന” എന്ന നയം എന്ന് അവസാനിക്കുമോ ആവോ?!

(to be contd...)

Saturday, March 13, 2010

ഒഴുകി നീങ്ങുന്ന മേഘങ്ങള്‍


ജനലഴികളിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ വെളുവെളുത്ത പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ കാറ്റിനനുസരിച്ചു നീങ്ങുന്ന കാഴ്ച്ചയാണു കാണുന്നതു. പബ്ളിക് പരീക്ഷയുടെ ചൂടിലാണു എല്ലാവരും. നിശ്ശബ്ദമായ ഹോസ്റ്റലും ഇഴഞ്ഞു നീങ്ങുന്ന കാറ്റും ഇളകുന്ന മരച്ചില്ലകളും. പരീക്ഷയായാല്‍ ഇങ്ങനെ ആണു. മുറിയില്‍ ഫാനിന്റെ മുരളല്‍ മാത്രം. ഇപ്പോള്‍ ഉച്ചയായി. ഉച്ചയൂണു കഴിഞ്ഞു ഒരു മയക്കം അവധി ദിവസങ്ങളില്‍ പതിവാണു. എന്നാല്‍ പരീക്ഷയുടെ ചൂടു കയറിയതില്‍ പിന്നെ അതിനും കഴിയുന്നില്ല. പുസ്തകങ്ങളിലെ വരികള്‍ ഉരുവിട്ടു മന:പാഠമാക്കികൊണ്ടിരുന്നു. ഉച്ചയ്ക്കിരുന്നു പഠിച്ചാല്‍ തലയില്‍ ഒന്നും കയറില്ല എന്ന എന്റെ സിദ്ധാന്തമൊക്കെ ഉപേക്ഷിക്കേണ്ടി വന്നു. ഭാവിയില്‍ എന്തെങ്കിലും ആയിത്തീരണമെങ്കില്‍ ഈ പരീക്ഷ ഒരു പങ്കു വഹിക്കുമെന്ന സത്യം എന്നെ പഠനം എന്ന പ്രക്രിയ തുടരാന്‍ പ്രേരിപ്പിക്കുന്നു. ഭാവിയാണല്ലോ നമുക്കു പ്രതീക്ഷ നല്‍കുന്നതും പ്രവര്‍ത്തികള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും.

ഹോസ്റ്റലില്‍ എന്റെ മുറിയില്‍ മൂന്നു പാളിയുള്ള ഒരു ജനലുണ്ട്. കതകു ഞാന്‍ അടച്ചിടുകയാണു പതിവു. എന്റെ റൂംമേറ്റ്സ് സ്റ്റഡിലീവിനു വീട്ടിലേക്കു പോയി. അതിനാല്‍ ഞാന്‍ തനിച്ചാണു. ഏകാന്തത അത്ര സുഖകരമായ അനുഭവമൊന്നുമല്ല, ഒരു സമൂഹജീവിയായ എനിക്ക്. എങ്കിലും, ഏകാന്തതയിലിരുന്നു പഠിക്കാന്‍ താല്പര്യമാണ്. വീട്ടില്‍ ചെന്നാല്‍ ടി.വി.യും, അനിയനുമായുള്ള സ്ഥിരം പിണക്കങ്ങളും പിന്നെയുള്ള ഇണക്കങ്ങളും ഒക്കെ എന്റെ പഠനത്തിന്റെ താളം കെടുത്തുമെന്നു മേല്‍പ്പറഞ്ഞതൊക്കെ ഇഷ്ടപ്പെടുന്ന ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഒറ്റയ്ക്കെങ്കില്‍ ഒറ്റയ്ക്ക് തങ്ങാമെന്നു കരുതി. മറ്റു ചില കുട്ടികളും ഹോസ്റ്റലിലുണ്ട്. അതിനാല്‍ പൊതുവായിട്ടു പറഞ്ഞാല്‍ ഞാന്‍ തനിച്ചല്ല.

ഇപ്പോള്‍ ആ ജനാലയാ‍ണു എന്റെ ഏകാന്തതയുടെ വിരസത കുറയ്ക്കുന്നത്. ആ ജനാലയിലൂടെ നോക്കിയാല്‍ മരങ്ങളും ഇലപ്പടര്‍പ്പും പക്ഷികളെയും മറ്റു പറവകളെയും കാണാം. വലിയൊരു കോമ്പൌണ്ടിനുള്ളിലാണു കോളേജും ഹോസ്റ്റലും സ്ഥിതി ചെയ്യുന്നതു. നഗരത്തിന്റെ ഹൃദയഭാഗത്താണു ഇവയെങ്കിലും, ഹോസ്റ്റലിലിരുന്നാല്‍ അതു ഒട്ടും തന്നെ അനുഭവപ്പെടുകയില്ല. വാഹനങ്ങളുടെ ശ്വാസം മുട്ടിക്കുന്ന പുകയോ ശബ്ദമോ അങ്ങോട്ടേയ്ക്കെത്തില്ല. ഇടയ്ക്കിടയ്ക്കു - പലപ്പോഴും നിശ്ശബ്ദത തളം കെട്ടുന്ന – എല്ലാവരും സുഖനിദ്രയില്‍ അലിയുന്ന രാത്രിവേളയില്‍ ദൂരെ, നഗരത്തിന്റെ മറ്റൊരു ഭാഗത്തു കൂടി പോകുന്ന തീവണ്ടിയുടെ കൂവല്‍ കേള്‍ക്കാം. അതും ചെവിയോര്‍ത്തിരുന്നാല്‍ മാത്രം.

പഠനത്തിന്റെ ഇടവേളയില്‍ ആ ജനലില്ക്കൂടി പ്രകൃതിയുമായി ഞാന്‍ സല്ലപിക്കാറുണ്ട്. പകല്‍ സമയത്തു ജനലിനു സമീപമുള്ള നെല്ലിമരത്തില്‍ എന്നോടു കൂട്ടുകൂടാന്‍ മാടത്തയും അണ്ണാനും തത്തയും ഇരുവാലനും കുറേ കാക്കകളും മറ്റും എത്താറുണ്ട്. രാത്രിയായാല്‍ വവ്വാലുകള്‍ സമീപത്തുള്ള ബദാമിലാണു സ്ഥാനം പിടിക്കുക.

ഇതു എന്റെ ബിരുദ പഠനത്തിന്റെ അവസാന വര്‍ഷമാണ്. ഈ ഹോസ്റ്റലും ആ നെല്ലിമരവും അതില്‍ ഇടയ്ക്കിടെ വരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരും രാത്രിയിലെ നരിച്ചീറുകളും ഒക്കെ മറക്കുവാനോ അവയെ പിരിയുവാനോ എനിക്കു സാധ്യമാകുമോ? ജനാലയുടെ പുറത്തു കണ്ണാടി പിടിച്ചു എന്നും ഞാനും കൂട്ടുകാരും പടിഞ്ഞാറുള്ള സൂര്യാസ്തമയം കണ്ണാടിയിലൂടെ കണ്ടു ആസ്വദിക്കാറുണ്ടു. എന്റെ കിടക്ക ജനലിനു സമീപമായിരുന്നതിനാല്‍ അതിരാവിലെ ജനല്‍ തുറന്നിട്ടു കൂട്ടമായി പറന്നു പോകുന്ന പക്ഷികളെയും അവയുടെ കലപിലസ്വരങ്ങളും ഞാന്‍ ആസ്വദിക്കാറുണ്ടായിരുന്നു. ഈ പരീക്ഷ തീരുമ്പോള്‍ ഈ ഹോസ്റ്റല്‍ വിട്ടു പോകേണ്ടി വരും. ഹോസ്റ്റല്‍ വിട്ടുപോയാല്‍, ഇനി എനിക്കു ഇവിടേക്കു ഈ മുറിയില്‍ എത്താനാവും എന്നോ എത്താനാകുമോ എന്നോ പറയാനാവില്ല.

ഇവിടം വിട്ടു മറ്റൊരു നഗരത്തിലെ മറ്റൊരു കോളേജിലെ ഹോസ്റ്റലില്‍ ഞാനെന്റെ ജീവിതത്തിന്റെ വേറൊരു ഭാഗം ചിലവിടേണ്ടി വരുമായിരിക്കാം. അവിടെയും ഈ പ്രകൃതി എന്റെ ഏകാന്തതയില്‍ കൂട്ടായിട്ടുണ്ടാവാം. എന്റെ വീടു പോലെ ഭംഗിയുള്ള ഒരു സ്ഥലം ഈ ഭൂലോകത്തെങ്ങും കാണില്ലെങ്കിലും ഞാനെവിടെപ്പോയാലും ഈ പ്രകൃതി എന്റെ കൂട്ടുകാരിയായി ഈ ലോകത്തിന്റെ അങ്ങേ മൂലേയ്ക്കു വരേയും കാണുമെന്നു ഞാനാശ്വസിക്കുന്നു. എന്റെ കൂട്ടുകാരീ, ഞാ‍ന്‍ നിന്നെ സ്നേഹിക്കുന്നു. ഹൃദയം കുളിര്‍പ്പിക്കുമാറു, ഈ ലോകത്തിന്റെ ഏതു കോണിലും പ്രകൃതിയിലേയ്ക്കു എനിക്കു വേണ്ടി ജനല്‍പ്പാളികള്‍ തുറന്നു കിടക്കും.

Saturday, February 20, 2010

ഒരു ബസ്സ് ‘അനുഭവം’


ബസ്സില്‍ യാത്ര ചെയ്യാന്‍ വളരെ ഇഷ്ടപ്പെടുന്ന ആളാണു ഞാന്‍. കാരണം വേറൊന്നുമല്ല. സ്വന്തമായി വാഹനം ഒന്നും ഇല്ല. അപ്പോള്‍, യാത്രയ്ക്കു ബസ്സു തന്നെയാണു ആശ്രയം. അല്ലേല്‍, കണ്ടക്ടറുടെയും സഹയാത്രികരുടെയും ഇടി കൊള്ളാതെ, കമ്പിയില്‍ തൂങ്ങി നിക്കാതെ, ഒന്നിരിക്കാന്‍ സീറ്റു കിട്ടാതെ നിന്നു മുഷിയാതെ ഒക്കെ സുഖായിട്ടു യാത്ര ചെയ്യാന്‍ കാറുണ്ടേല്‍ ബസ്സിനെ ഞാന്‍ ഏഴയലത്തു അടുപ്പിക്കുമോ? ബസ്സിലെ യാത്ര ഇങ്ങനെ ഒക്കെയാണു. “വിസ്തരിച്ചു പോകണേല്‍ ടാക്സി പിടിച്ചു പോടോ!” എന്നുള്ള ‘നല്ല വാക്കു’ കേള്‍ക്കാതിരിക്കണേല്‍ ഇതൊക്കെ സഹിച്ചേ പറ്റൂ. സഹന:ശക്തി പഠിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല!!! അതുകൊണ്ട് സഹന:ശക്തി, ക്ഷമാശീലം, മറ്റുള്ളവരെ( വേറെ നിവര്‍ത്തിയില്ലാത്തതു കൊണ്ടാണേലും) കരുതല്‍ തുടങ്ങിയ നല്ല ശീലങ്ങള്‍ കുറച്ചു നേരത്തേയ്ക്കെങ്കിലും ശീലമാക്കാന്‍ ബസ്സ് യാത്ര ഉപകാരപ്പെടും എന്നതു വലിയ ഒരു കണ്ടെത്തലായിരുന്നു എനിക്ക്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു അമ്മയും ഞാനും ഒന്നിച്ചു കോട്ടയത്തിനു യാത്രയായി. ഒറ്റവണ്ടി കിട്ടിയില്ല. അങ്ങനെ, കറുകച്ചാലിലേയ്ക്കുള്ള ബസ്സിനു കയറി. അമ്മ സൈഡ് സീറ്റിലും ഞാ‍ന്‍ അമ്മയുടെ അടുത്തായും ഇരിപ്പുറപ്പിച്ചു. വയസ്സായവര്‍, കൈക്കുഞ്ഞിനെയേന്തിയ സ്ത്രീകള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കു സീറ്റു ഒഴിഞ്ഞു കൊടുക്കണം എന്നു നിയമമൊന്നുമില്ലെങ്കിലും ഇതൊക്കെ മര്യാദയുടെ ആദ്യപാഠങ്ങളില്‍ പഠിക്കുന്നതാണ്. പലരും ഇവരെയൊന്നും മൈന്‍ഡ് ചെയ്യാറുകൂടിയില്ല. കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല. കാരണം, ഒട്ടകത്തിനു കൂടാരത്തില്‍ ഇടം കൊടുത്തവന്റെ അവസ്ഥയാവും പിന്നീട്. അതു തന്നെ!!!. കുട്ടികളെയും ചുമന്നു കേറുന്നവരുടെ കയ്യിലിരിക്കുന്ന കുട്ടിയ്ക്കു 5ഉം 6ഉം വയസ്സാണെങ്കിലോ? കൂടുതല്‍ പേരും കുട്ടികളെ സ്വന്തം മടിയിലിരുത്തി സീറ്റു കൈവിട്ടു പോകാതെ തന്നെ ‘അന്യരെ കരുതുക’ എന്ന മര്യാദ കാണിക്കും. എനിക്കു, പകുതി സീറ്റില്‍ ഇരിക്കാനൊന്നും താല്പര്യമില്ലാത്തതു കൊണ്ട് അത്യാവശ്യാ‍ണെങ്കില്‍ മാത്രം എഴുന്നേറ്റു കൊടുക്കും.

പണ്ടൊരിക്കല്‍ ഇങ്ങനെ ദൂരയാത്ര ചെയ്യുമ്പോള്‍ ഒരു പകുതി ഗര്‍ഭിണി ഞാനിരുന്ന സീറ്റിനടുത്തു വന്നു നിന്നു. ബസ്സു സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. എഴുന്നേല്‍ക്കണോ വേണ്ടയോ എന്ന സംശയത്തോടെ ഞാ‍നിരുന്നു. ബസില്‍ തള്ളു കൂടി വരുന്നു. ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു:

“സാരമില്ല, ഞാന്‍ കുറച്ചു അപ്പുറത്തെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ആണു. ഇരുന്നോളൂ..”

വേണ്ട എന്നു പറയുമ്പോഴാണല്ലോ നമുക്ക് മര്യാദ കാണിക്കാനുള്ള ആവേശം കൂടുന്നതു!!! ഞാന്‍ പറഞ്ഞു:

“ഞാന്‍ ദൂരയാത്രയാണു. കുറച്ചു അപ്പുറത്താണു ഇറങ്ങുന്നതെങ്കില്‍ തള്ളു കൊള്ളാതെ അത്രേം നേരം ഇരിക്കാല്ലോ. കുറച്ചു നേരമല്ലേ ഉള്ളു…...ഞാ‍ന്‍ നിന്നോളാം.” അങ്ങനെ അവര്‍ ഇരുന്നു, ഞാന്‍ നിന്നു.

തള്ളു കൂടി വന്നു. ആ സീറ്റും കടന്നു മുമ്പിലെ രണ്ടാമത്തെ സീറ്റിനു സമീപത്തായി ഞാന്‍ കഷ്ടപ്പെട്ട് കമ്പിയില്‍ തൂങ്ങി നിന്നു. ആയിടയ്ക്കു കൈയ്ക്കു ഒരുളുക്കു പറ്റിയിരുന്നു. അതിന്റെ വേദന കമ്പിയില്‍ ബലം കൊടുത്തപ്പോള്‍ അറിഞ്ഞു. എന്തായാലും ഒരു ഗര്‍ഭിണിയെ സഹായിക്കാന്‍ പറ്റിയല്ലോ എന്നു മനസ്സില്‍ സന്തോഷിച്ചു കൊണ്ട് നിന്നു. ഒരു നാലഞ്ചു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ഞാന്‍ അവരെ തിരിഞ്ഞു നോക്കി. അവരിറങ്ങിയിട്ടില്ല. ‘ദൈവമേ… അങ്ങു വരെ നിക്കേണ്ടി വരുമോ?’ ഒരു ദീര്‍ഘനിശ്വാസമെടുത്തു. ഇനി ഇപ്പോള്‍ അവര്‍ ഇറങ്ങിയാല്‍ത്തന്നെ ഇങ്ങു ദൂരെ നിക്കുന്ന എനിക്കു ആ സീറ്റു കിട്ടുമോ എന്നതു സംശയം തന്നെ ആണു. ഹോ! സമാധാനമായി…എന്റെ ആധികള്‍ക്കു വിരാമമിട്ടു കൊണ്ടു അടുത്ത സ്റ്റോപ്പിലിറങ്ങാനായി അവര്‍ എഴുന്നേറ്റു. നല്ല ചേച്ചി… ദൂരെ നിന്ന എന്നെ വിളിച്ച് “ദാ സീറ്റ്…ഇരുന്നോളൂ. ഞാന്‍ ഇറങ്ങുകയാണു” എന്നു പറഞ്ഞു അവര്‍ പോയി. വളരെ സന്തോഷത്തോടെ ഞാന്‍ സീറ്റിലും ഇരുന്നു.

ദൂരയാത്ര ചെയ്യുമ്പോള്‍ കഴിവതും ഞാന്‍ സൈഡ് സീറ്റാണു പിടിക്കുക. അപ്പൊപ്പിന്നെ എഴുന്നേറ്റ് മാറേണ്ട പ്രശ്നം വരില്ലല്ലോ! അല്ലാതെ വന്ന ചില സന്ദറ്ഭങ്ങളില്‍ ഒന്നാണു മേല്‍ പറഞ്ഞതു. ഈ നല്ല അനുഭവം ഉള്ളതുകൊണ്ടാവാം ഈ പ്രാവശ്യം അമ്മയുടെ കൂടെ കോട്ടയത്തിനു പുറപ്പെട്ടപ്പോള്‍ സൈഡ് സീറ്റു വേണമെന്നു എനിക്കു തോന്നിയില്ല. സൈഡ് സീറ്റ് ഇല്ലായിരുന്നു താനും.

അങ്ങനെ യാത്ര പകുതിയായപ്പോള്‍ ഒരമ്മച്ചി വന്നു. നല്ല പ്രായം ചെന്നിട്ടു നില്‍ക്കാന്‍ കഷ്ടപ്പെടുകയാണവര്‍. ചിക്കുന്‍ ഗുനിയ തരംഗം കേരളത്തില്‍ അങ്ങോളമിങ്ങോളം വീശിയടിച്ചതുകൊണ്ട് കേരളത്തിലുള്ളവര്‍ അവരുടെ പ്രായത്തെക്കാള്‍ വീക്ക് ആണു. അമ്മച്ചി കേറിയ ഉടനെ എന്നെ തോണ്ടി വിളിച്ചു സീറ്റ് വേണമെന്നു പറഞ്ഞു. ഞാനെഴുന്നേറ്റു. പഴയ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി തോന്നി. തള്ള് കൂടി. ഈ പ്രാവശ്യം സീറ്റിനു പുറകിലേയ്ക്കാണു ഞാന്‍ നീങ്ങിയതു. അപ്പോള്‍ എനിക്കു മുമ്പിലായി 28-30 വയസ്സുള്ള ഒരു സ്ത്രീ വന്നു നിന്നു. കുളിക്കാതെ സ്പ്രേ പൂശിയിരിക്കുകയാണ്. ആ ‘സുഗന്ധ’ത്തില്‍ നിന്നും എങ്ങോട്ടേലും ഓടിപ്പോയാലോ എന്നു തോന്നി. എന്തു ചെയ്യാം? തള്ളായതിനാല്‍ എങ്ങോട്ടും നീങ്ങാനും പറ്റില്ല. അതുമല്ല, അമ്മച്ചി ഇറങ്ങുമ്പോള്‍ ഇരിക്കാനുള്ളതുമാണ്.

ഇറങ്ങാന്‍ നേരം അന്നു കണ്ട ചേച്ചിയെപ്പോലെ അടുത്തു വിളിച്ചു അമ്മച്ചി സീറ്റ് തിരിച്ച് എന്നെ ഏല്‍പ്പിക്കും. സ്നേഹപൂര്‍വ്വം ചിരിക്കും. ഞാന്‍ മനസ്സില്‍ കണ്ടു. എന്നാല്‍ സംഭവിച്ചതു…

അമ്മച്ചി ധൃതി പിടിച്ച് എല്ലാരേം തള്ളിമാറ്റി ഊളിയിട്ട് ഒറ്റ പോക്ക്! സൈഡ് സീറ്റിലിരുന്ന അമ്മയ്ക്കു എന്തെങ്കിലും പറയാനാവും മുമ്പ് ആ സ്പ്രേയില്‍ മുങ്ങിയ ചേച്ചി അവിടെ കയറി ഇരുപ്പായി. അവര്‍ കണ്ടതാണ് ഞാന്‍ അമ്മച്ചിക്ക് സീറ്റ് ഒഴിഞ്ഞുകൊടുത്തത്. അമ്മ വിഷണ്ണയായി എന്നെ നോക്കി. ചിരിച്ചുകൊണ്ടു സാരമില്ല എന്നു ഞാന്‍ കണ്ണടച്ചു കാണിച്ചു. ചേച്ചി എന്റെ മുഖത്തേക്ക് നോക്കുന്നു പോലുമില്ല. ബസ്സില്‍ ഒരു സീന്‍ ഉണ്ടാക്കണമെന്നു തീരെ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാന്‍ നില്‍പ്പു തുടര്‍ന്നു. അവസാനം കറുകച്ചാലെത്തി. അവിടെ അവരും ഞങ്ങളും ഇറങ്ങി.

ഇനി കോട്ടയത്തേക്കുള്ള ബസ്സില്‍ കയറണം; കയറി. ഒരു സീറ്റ് മാത്രം മുഴുവനായി ഒഴിഞ്ഞു കിടപ്പുണ്ട്. ഇപ്രാവശ്യം അബദ്ധം പറ്റരുത്. ഞാന്‍ സൈഡ് സീറ്റില്‍ ഇരുന്നു, അമ്മ എന്റെ അടുത്തും. പ്രായമായതിനാല്‍ അമ്മയെ ആരും എഴുന്നേല്‍പ്പിക്കില്ലല്ലോ! എന്റെ ഒരു ബുദ്ധി!!! ഹ് മ്…ബസ്സില്‍ തിരക്കും കൂടി.

യാത്ര പകുതി പോലുമായില്ല. അപ്പോഴേയ്ക്കും 3ഉം 4ഉം വയസ്സുള്ള കുട്ടികളും ഒരു കൈക്കുഞ്ഞുമായി ഒരു സ്ത്രീ എത്തി. അവരുടെ കൂടെയേ ഇരിക്കൂ എന്ന് അവരുടെ കുട്ടികള്‍ക്കു വാശി. അവസാനം അറ്റത്തിരുന്ന എന്നെ അവര്‍ തോണ്ടി വിളിച്ചു ചോദിച്ചു സീറ്റു കൊടുക്കാമോ എന്നു. വേറെ നിവര്‍ത്തിയില്ലാത്തതുകൊണ്ട് എഴുന്നേറ്റു കൊടുത്തു. അമ്മയുടെ മുഖം വീണ്ടും വിഷണ്ണമായി. അങ്ങനെ ആ ദൂരയാത്രയുടെ ഭൂരിഭാഗവും നിന്നു തന്നെ യാത്ര ചെയ്തു. എനിക്കു എന്റെ അവസ്ഥയോര്‍ത്തിട്ടു ചിരിക്കണോ കരയണോ എന്നറിയില്ല! ബസ്സുയാത്രയില്‍ ഇങ്ങനെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില ‘പ്രതിഭാസങ്ങള്‍’ മഹാസംഭവങ്ങളാണെന്നു ഞാന്‍ ആത്മഗതം ചെയ്തു.