Saturday, March 13, 2010

ഒഴുകി നീങ്ങുന്ന മേഘങ്ങള്‍


ജനലഴികളിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ വെളുവെളുത്ത പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ കാറ്റിനനുസരിച്ചു നീങ്ങുന്ന കാഴ്ച്ചയാണു കാണുന്നതു. പബ്ളിക് പരീക്ഷയുടെ ചൂടിലാണു എല്ലാവരും. നിശ്ശബ്ദമായ ഹോസ്റ്റലും ഇഴഞ്ഞു നീങ്ങുന്ന കാറ്റും ഇളകുന്ന മരച്ചില്ലകളും. പരീക്ഷയായാല്‍ ഇങ്ങനെ ആണു. മുറിയില്‍ ഫാനിന്റെ മുരളല്‍ മാത്രം. ഇപ്പോള്‍ ഉച്ചയായി. ഉച്ചയൂണു കഴിഞ്ഞു ഒരു മയക്കം അവധി ദിവസങ്ങളില്‍ പതിവാണു. എന്നാല്‍ പരീക്ഷയുടെ ചൂടു കയറിയതില്‍ പിന്നെ അതിനും കഴിയുന്നില്ല. പുസ്തകങ്ങളിലെ വരികള്‍ ഉരുവിട്ടു മന:പാഠമാക്കികൊണ്ടിരുന്നു. ഉച്ചയ്ക്കിരുന്നു പഠിച്ചാല്‍ തലയില്‍ ഒന്നും കയറില്ല എന്ന എന്റെ സിദ്ധാന്തമൊക്കെ ഉപേക്ഷിക്കേണ്ടി വന്നു. ഭാവിയില്‍ എന്തെങ്കിലും ആയിത്തീരണമെങ്കില്‍ ഈ പരീക്ഷ ഒരു പങ്കു വഹിക്കുമെന്ന സത്യം എന്നെ പഠനം എന്ന പ്രക്രിയ തുടരാന്‍ പ്രേരിപ്പിക്കുന്നു. ഭാവിയാണല്ലോ നമുക്കു പ്രതീക്ഷ നല്‍കുന്നതും പ്രവര്‍ത്തികള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും.

ഹോസ്റ്റലില്‍ എന്റെ മുറിയില്‍ മൂന്നു പാളിയുള്ള ഒരു ജനലുണ്ട്. കതകു ഞാന്‍ അടച്ചിടുകയാണു പതിവു. എന്റെ റൂംമേറ്റ്സ് സ്റ്റഡിലീവിനു വീട്ടിലേക്കു പോയി. അതിനാല്‍ ഞാന്‍ തനിച്ചാണു. ഏകാന്തത അത്ര സുഖകരമായ അനുഭവമൊന്നുമല്ല, ഒരു സമൂഹജീവിയായ എനിക്ക്. എങ്കിലും, ഏകാന്തതയിലിരുന്നു പഠിക്കാന്‍ താല്പര്യമാണ്. വീട്ടില്‍ ചെന്നാല്‍ ടി.വി.യും, അനിയനുമായുള്ള സ്ഥിരം പിണക്കങ്ങളും പിന്നെയുള്ള ഇണക്കങ്ങളും ഒക്കെ എന്റെ പഠനത്തിന്റെ താളം കെടുത്തുമെന്നു മേല്‍പ്പറഞ്ഞതൊക്കെ ഇഷ്ടപ്പെടുന്ന ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഒറ്റയ്ക്കെങ്കില്‍ ഒറ്റയ്ക്ക് തങ്ങാമെന്നു കരുതി. മറ്റു ചില കുട്ടികളും ഹോസ്റ്റലിലുണ്ട്. അതിനാല്‍ പൊതുവായിട്ടു പറഞ്ഞാല്‍ ഞാന്‍ തനിച്ചല്ല.

ഇപ്പോള്‍ ആ ജനാലയാ‍ണു എന്റെ ഏകാന്തതയുടെ വിരസത കുറയ്ക്കുന്നത്. ആ ജനാലയിലൂടെ നോക്കിയാല്‍ മരങ്ങളും ഇലപ്പടര്‍പ്പും പക്ഷികളെയും മറ്റു പറവകളെയും കാണാം. വലിയൊരു കോമ്പൌണ്ടിനുള്ളിലാണു കോളേജും ഹോസ്റ്റലും സ്ഥിതി ചെയ്യുന്നതു. നഗരത്തിന്റെ ഹൃദയഭാഗത്താണു ഇവയെങ്കിലും, ഹോസ്റ്റലിലിരുന്നാല്‍ അതു ഒട്ടും തന്നെ അനുഭവപ്പെടുകയില്ല. വാഹനങ്ങളുടെ ശ്വാസം മുട്ടിക്കുന്ന പുകയോ ശബ്ദമോ അങ്ങോട്ടേയ്ക്കെത്തില്ല. ഇടയ്ക്കിടയ്ക്കു - പലപ്പോഴും നിശ്ശബ്ദത തളം കെട്ടുന്ന – എല്ലാവരും സുഖനിദ്രയില്‍ അലിയുന്ന രാത്രിവേളയില്‍ ദൂരെ, നഗരത്തിന്റെ മറ്റൊരു ഭാഗത്തു കൂടി പോകുന്ന തീവണ്ടിയുടെ കൂവല്‍ കേള്‍ക്കാം. അതും ചെവിയോര്‍ത്തിരുന്നാല്‍ മാത്രം.

പഠനത്തിന്റെ ഇടവേളയില്‍ ആ ജനലില്ക്കൂടി പ്രകൃതിയുമായി ഞാന്‍ സല്ലപിക്കാറുണ്ട്. പകല്‍ സമയത്തു ജനലിനു സമീപമുള്ള നെല്ലിമരത്തില്‍ എന്നോടു കൂട്ടുകൂടാന്‍ മാടത്തയും അണ്ണാനും തത്തയും ഇരുവാലനും കുറേ കാക്കകളും മറ്റും എത്താറുണ്ട്. രാത്രിയായാല്‍ വവ്വാലുകള്‍ സമീപത്തുള്ള ബദാമിലാണു സ്ഥാനം പിടിക്കുക.

ഇതു എന്റെ ബിരുദ പഠനത്തിന്റെ അവസാന വര്‍ഷമാണ്. ഈ ഹോസ്റ്റലും ആ നെല്ലിമരവും അതില്‍ ഇടയ്ക്കിടെ വരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരും രാത്രിയിലെ നരിച്ചീറുകളും ഒക്കെ മറക്കുവാനോ അവയെ പിരിയുവാനോ എനിക്കു സാധ്യമാകുമോ? ജനാലയുടെ പുറത്തു കണ്ണാടി പിടിച്ചു എന്നും ഞാനും കൂട്ടുകാരും പടിഞ്ഞാറുള്ള സൂര്യാസ്തമയം കണ്ണാടിയിലൂടെ കണ്ടു ആസ്വദിക്കാറുണ്ടു. എന്റെ കിടക്ക ജനലിനു സമീപമായിരുന്നതിനാല്‍ അതിരാവിലെ ജനല്‍ തുറന്നിട്ടു കൂട്ടമായി പറന്നു പോകുന്ന പക്ഷികളെയും അവയുടെ കലപിലസ്വരങ്ങളും ഞാന്‍ ആസ്വദിക്കാറുണ്ടായിരുന്നു. ഈ പരീക്ഷ തീരുമ്പോള്‍ ഈ ഹോസ്റ്റല്‍ വിട്ടു പോകേണ്ടി വരും. ഹോസ്റ്റല്‍ വിട്ടുപോയാല്‍, ഇനി എനിക്കു ഇവിടേക്കു ഈ മുറിയില്‍ എത്താനാവും എന്നോ എത്താനാകുമോ എന്നോ പറയാനാവില്ല.

ഇവിടം വിട്ടു മറ്റൊരു നഗരത്തിലെ മറ്റൊരു കോളേജിലെ ഹോസ്റ്റലില്‍ ഞാനെന്റെ ജീവിതത്തിന്റെ വേറൊരു ഭാഗം ചിലവിടേണ്ടി വരുമായിരിക്കാം. അവിടെയും ഈ പ്രകൃതി എന്റെ ഏകാന്തതയില്‍ കൂട്ടായിട്ടുണ്ടാവാം. എന്റെ വീടു പോലെ ഭംഗിയുള്ള ഒരു സ്ഥലം ഈ ഭൂലോകത്തെങ്ങും കാണില്ലെങ്കിലും ഞാനെവിടെപ്പോയാലും ഈ പ്രകൃതി എന്റെ കൂട്ടുകാരിയായി ഈ ലോകത്തിന്റെ അങ്ങേ മൂലേയ്ക്കു വരേയും കാണുമെന്നു ഞാനാശ്വസിക്കുന്നു. എന്റെ കൂട്ടുകാരീ, ഞാ‍ന്‍ നിന്നെ സ്നേഹിക്കുന്നു. ഹൃദയം കുളിര്‍പ്പിക്കുമാറു, ഈ ലോകത്തിന്റെ ഏതു കോണിലും പ്രകൃതിയിലേയ്ക്കു എനിക്കു വേണ്ടി ജനല്‍പ്പാളികള്‍ തുറന്നു കിടക്കും.