Sunday, July 3, 2011

പുലരുമ്പോള്‍ ( തുടര്‍ച്ച-3 )


വീണ്ടും എത്രയോ വട്ടം അതേ മരത്തണലില്‍ ഞങ്ങള്‍ കണ്ടു മുട്ടി... എന്നിട്ടും ഉള്ളില്‍ ഉള്ളത് പുറമെ കാണിച്ചില്ല. വാലന്റയിന്‍സ് ഡേയ്ക്ക് ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞാലോ എന്ന് പലവട്ടം ചിന്തിച്ചതാണ്. എത്ര നാളാണ് ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യവുമായി നടക്കുക!! പക്ഷെ മനസ്സ് എന്നെ തടഞ്ഞു. ഒരു പക്ഷെ, ഒന്നും അവന്റെ മനസ്സില്‍ ഇല്ലെങ്കില്‍ നല്ലൊരു സുഹൃത്തിനെ ആവും നഷ്ടപ്പെടുക. ആ കോളജിലെ ഞങ്ങളുടെ അവസാന വര്‍ഷവൂം കടന്ന് പോകുകയാണ്. ഓട്ടോഗ്രാഫ് മേടിച്ച് അവനെ കൊണ്ട് അവന്റെ മനസ്സിലുള്ളത് എഴുതിച്ചാലോ എന്ന് തോന്നി. പിന്നീട്, അതും വേണ്ടെന്ന് വച്ചു. ഒന്നുകില്‍ അവന്‍ എഴുതിയതിന്റെ പൊരുള്‍ അറിയാതെ ഞാന്‍ ഉരുകും... അല്ലെങ്കില്‍, എന്റെ മനസ്സ് അവനറിഞ്ഞില്ലല്ലോ എന്നോര്‍ത്ത് ദു:ഖിക്കും. രണ്ടായാലും വിഷമം തന്നെ. അങ്ങനെ അതും ഉപേക്ഷിച്ചു. ഇനി എന്ന് കാണും എന്ന് അറിയില്ല. തുടര്‍ന്ന് ഒരുമിച്ച് പഠിക്കാന്‍ ആവില്ല. രണ്ടാള്‍ക്കും രണ്ട് മേഖലയില്‍ ആണ് താല്പര്യം. അവന്‍ എം.ബി.എ.യ്ക്ക് അഹമ്മദാബാദിലേക്ക് പോകുകയാണ്. ഞാന്‍ ബി. എഡ്.നും. കോണ്ടാക്ട് ഉണ്ടാവുമെങ്കിലും ഇത്ര നാള്‍ ഒന്നിച്ച് ഉണ്ടായിട്ട് ഇനി ഒരിക്കലും അടുത്ത് കാണാന്‍ കിട്ടില്ലാത്തതിന്റെ വിഷമത്തില്‍ ആയിരുന്നു ഞാന്‍.

കോളജിലെ ഫെയര്‍വെല്‍ കഴിഞ്ഞ് അതിന്റെ ബാക്കി പരിപാടികളും കഴിഞ്ഞ് ഹോസ്റ്റലിലേക്ക് ഉടനെ പോകണോ എന്ന് ശങ്കിച്ച് ക്ലാസ് റൂമിന് പുറത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു. മരച്ചുവട്ടിലേക്ക് ചെല്ലാന്‍. ഞാന്‍ ബാഗ് ഒക്കെ എടുത്ത് കൂട്ടുകാരോട് യാത്ര പറഞ്ഞ് വേഗം അങ്ങോട്ടേക്ക് നടന്നു. ദൂരെ നിന്നേ ഞാന്‍ കണ്ടു; മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും ക്രീം മുണ്ടും. കാറ്റില്‍ അവന്റെ മുടി അങ്ങനെ പാറി കിടക്കുന്നു.

“ഇന്നാണ് കോളജിലെ അവസാന ദിവസം. എക്സാം ഇങ്ങ് എത്താറായി. ഇനി അന്നേ കാണൂ”. അവന്‍ മുഖത്ത് നോക്കാതെ ആണ് അത്രേം പറഞ്ഞത്.

“മ്..“. ഞാന്‍ പുഞ്ചിരിച്ചതേ ഉള്ളൂ.

“ഫെയര്‍വല്‍ ഒക്കെ എങ്ങനെയിരുന്നു? ഓട്ടോഗ്രാഫ് ഒക്കെ എഴുതിച്ചോ?” അവന്‍ മുഖത്തേക്ക് നോക്കി.

“ഇല്ല. എനിക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലല്ലോ. ഉള്ളവരുടെ മൊബൈല്‍ നമ്പര്‍ ഒക്കെ കയ്യില്‍ ഉണ്ട് താനും. പിന്നെ ഓട്ടോഗ്രാഫ് ഒക്കെ വെറും ഫോര്‍മാലിറ്റി അല്ലേ?” ഞാന്‍ അവിടെ ഇരുന്നു.

“മ്.. അതും ശരി ആണ്. ഞാനും അങ്ങനെ തന്നെയാ കരുതുന്നത്. ഇനി 3 വീക്ക്സ് കഴിഞ്ഞാല്‍ എക്സാം ആയി. പഠിച്ചൊക്കെ തുടങ്ങിയോ?” അവന്‍ മരത്തിലേക്ക് ചാരി നിന്നു കൊണ്ട് ചോദിച്ചു.

“ഏയ്, എവിടെ? ഇനി തുടങ്ങണം. ഈ കോളേജ് ലൈഫ് ഒരിക്കലും മറക്കാന്‍ പറ്റില്ല. അല്ലേ മാഷേ?” എനിക്ക് ഉള്ളിന്റെ ഉള്ളില്‍ ഒരു വിങ്ങല്‍ കുടുങ്ങി കിടക്കുന്ന പോലെ തോന്നി. ഇപ്പോഴെങ്കിലും അവന്‍ അത് പറയുമോ? എന്റെ ചോദ്യത്തിനുള്ള ഉത്തരം?

“അതെ. ഈ കോളേജ് ലൈഫ് എനിക്കും മറക്കാന്‍ പറ്റില്ല. നിന്നെ പോലെ കുറച്ചു ഫ്രണ്ട്സ്. പിന്നെ ഇവിടുത്തെ ഓരോ കോണിലും എന്റെ കാല്‍പ്പാട് ഉണ്ട്. ഈ മരച്ചുവടും ഒരിക്കലും മറക്കില്ല. ഹ ഹ.” അവന്‍ ചിരിച്ചു.

കുറച്ച് നേരം കൂടി ഞങ്ങള്‍ സംസാരിച്ചു. ഭാവിയെ പറ്റി ആയിരുന്നു ആശങ്കകള്‍. തുടര്‍ പഠനം, ജോലി.. ഒക്കെ. സമയം വൈകിയപ്പോള്‍ കോളജില്‍ നിന്ന് റോഡ് വരെ നടന്നു. ഒരുമിച്ച് അത് പോലെ ഇനി എന്നാണ് നടക്കുക ആവോ? ഞാന്‍ മനസ്സില്‍ ഓര്‍ത്തു. എക്സാം വ്യത്യസ്ത സമയങ്ങളിലും ദിവസങ്ങളിലുമാണ് ഞങ്ങള്‍ക്ക്. അവസാന എക്സാമിന്റെ അന്ന് വീണ്ടും കാണാം എന്ന് പറഞ്ഞ് പിരിഞ്ഞു അന്ന്... അപ്പോഴും എന്റെ ചോദ്യത്തിന് തെളിവാര്‍ന്ന ഒരു ഉത്തരം ലഭിച്ചില്ല.

(തുടരും..)

No comments:

Post a Comment