Monday, January 31, 2011

പുലരുമ്പോള്‍( തുടര്‍ച്ച-2)


ഇലക്ഷന്‍ ജയിച്ചതിന്റെ പിറ്റേന്ന് അവനെ കണ്ടു. ലഡുവുമായി ക്ലാസ്സില്‍ വന്നതായിരുന്നു. അവന്‍ തന്നെ നേരിട്ട് വന്ന് ലഡു എന്റെ കയ്യില്‍ തന്നു. കൈ കൊടുത്ത് “കണ്‍ഗ്രാറ്റ്സ്” പറഞ്ഞു.
“ഇനി ഇപ്പോ തിരക്കാരിക്കുമല്ലോ മാഷേ?”
“അത്യാവശ്യം.. പക്ഷെ എപ്പോഴുമൊന്നും ഉണ്ടാവില്ല. എങ്കില്‍... ഞാന്‍ പോട്ടെ. കുറേ ക്ലാസ്സുകളില്‍ കേറാനുണ്ട്. വൈകിട്ട് കാണാം. 4 മണിക്ക് ആ മരത്തിന്റെ ചുവട്ടില്‍ വന്നാല്‍ മതി ട്ടോ.” അവന്‍ അതും പറഞ്ഞ് ക്ലാസ്സില്‍ നിന്ന് ജയ് വിളി ആരവങ്ങളുടെ അകമ്പടിയോടെ പുറത്തേക്ക് പോയി.

എനിക്കാകെ കണ്ഫ്യൂഷന്‍ ആയി. പോകണോ, വേണ്ടയോ? വൈകിട്ട് കോളേജ് വിട്ടാല്‍ നേരെ ഹോസ്റ്റലിലേക്ക് പോയാണ് ശീലം. അത് കൊണ്ട് ഒരു മടി. വൈകിട്ട് 5 വരെ ലൈബ്രറി ഉണ്ടാകും. ചിലപ്പോ അവിടെ ചെന്നിരിക്കും. ഇന്നിപ്പോ… മരത്തിന്റെ ചുവട്ടിലൊക്കെ ഒരു ആണിനെ കാത്ത് നില്‍ക്കുക എന്നൊക്കെ പറഞ്ഞാല്…. ശ്ശൊ! എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടീം കിട്ടണില്ലല്ലോ!

അവസാനം… പോകാം എന്ന് തീരുമാനിച്ചു. അങ്ങനെ തീരുമാനിക്കാതിരിക്കാന്‍ യാതൊരു കാരണവും കണ്ടില്ല. അതോണ്ട് അങ്ങ് തീരുമാനിച്ചു. വൈകിട്ട് 4ന് അവിടെ ഒരു ബുക്കും തുറന്ന് പിടിച്ച് ഞാന്‍ ഇരുന്നു. ഫ്രണ്ട്സ് ലൈബ്രറിയിലേക്കും പോയി. ഒരു 10 മിനുട്ട് കഴിഞ്ഞപ്പൊ അവന്‍ വന്നു.

“കുറേ ദിവസായില്ലേ സംസാരിച്ചിട്ട്.. അതാണ് ഇപ്പൊ കാണാം എന്ന് പറഞ്ഞത്. ഇനി ഇപ്പൊ പൊതുപരിപാടിയുടെ തിരക്ക് വരുന്നുണ്ട്. ബുദ്ധിമുട്ടായില്ലല്ലോ അല്ലേ?”

“ഏയ്. എന്ത് ബുദ്ധിമുട്ട്? ഞാന്‍ 5 വരെ ഒക്കെ കാമ്പസില്‍ ഉണ്ടാകാറുണ്ട്.”

“ഓ… ലൈബ്രറി ടൈം!!” അവന്‍ ചിരിച്ചു.

“പരീക്ഷയുടെ സമയം അടുത്ത് വരുന്നുണ്ടല്ലോ… എല്ലാത്തിനും സമയം കിട്ടുമോ?”

“സമയം കണ്ടെത്തണം. പിന്നെ യൂണിവേഴ്സിറ്റിയുടെ കാര്യല്ലേ? ഇപ്പോഴൊന്നും ഉണ്ടാവില്ല.”

അങ്ങനെ,അന്ന് വീട്ടുകാര്യവും നാട്ട്കാര്യവും സംസാരിച്ച് 5 മണി വരെ ഞങ്ങള്‍ അവിടെ ഇരുന്നു. അന്ന് പിരിയാറായപ്പൊ അവന്‍ എന്റെ മൊബൈല്‍ വാങ്ങി അവന്റെ നമ്പരിലേക്ക് മിസ് കോളടിച്ച ശേഷം തിരിച്ച് തന്നു. എനിക്കതില്‍ ദേഷ്യമോ വിഷമമോ ഒന്നും തോന്നിയില്ല എന്നു മാത്രല്ല, സന്തോഷിക്കുകയും ചെയ്തു. ആദ്യായിട്ടാണ് ഒരാള്‍ക്ക് ഞാന്‍ എന്റെ അടുത്ത് സ്വാതന്ത്ര്യം കൊടുക്കുന്നത്. അതും… ഞാന്‍ സ്നേഹിക്കുന്ന... ശ്ശേ! വേണ്ട. അവന്റെ മനസ്സില്‍ ഒന്നുമില്ലെങ്കിലോ? അതോ ഉണ്ടോ? അന്ന് മുഴുവന് ആകെ ഒരു കണ്ഫ്യൂഷന് മൂട് ആയിരുന്നു എനിക്ക്.

5 comments:

  1. ഈ കഥ തുടരും എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ!!

    ReplyDelete
  2. ദു:ഖമേ നിനക്ക് പുലര്‍ക്കാല വന്ദനം..... കാലമേ നിനക്കഭിനന്ദനം.

    ReplyDelete
  3. നന്നായി അവസാനിക്കട്ടെ.....

    ReplyDelete