Monday, January 31, 2011

പുലരുമ്പോള്‍( തുടര്‍ച്ച-2)


ഇലക്ഷന്‍ ജയിച്ചതിന്റെ പിറ്റേന്ന് അവനെ കണ്ടു. ലഡുവുമായി ക്ലാസ്സില്‍ വന്നതായിരുന്നു. അവന്‍ തന്നെ നേരിട്ട് വന്ന് ലഡു എന്റെ കയ്യില്‍ തന്നു. കൈ കൊടുത്ത് “കണ്‍ഗ്രാറ്റ്സ്” പറഞ്ഞു.
“ഇനി ഇപ്പോ തിരക്കാരിക്കുമല്ലോ മാഷേ?”
“അത്യാവശ്യം.. പക്ഷെ എപ്പോഴുമൊന്നും ഉണ്ടാവില്ല. എങ്കില്‍... ഞാന്‍ പോട്ടെ. കുറേ ക്ലാസ്സുകളില്‍ കേറാനുണ്ട്. വൈകിട്ട് കാണാം. 4 മണിക്ക് ആ മരത്തിന്റെ ചുവട്ടില്‍ വന്നാല്‍ മതി ട്ടോ.” അവന്‍ അതും പറഞ്ഞ് ക്ലാസ്സില്‍ നിന്ന് ജയ് വിളി ആരവങ്ങളുടെ അകമ്പടിയോടെ പുറത്തേക്ക് പോയി.

എനിക്കാകെ കണ്ഫ്യൂഷന്‍ ആയി. പോകണോ, വേണ്ടയോ? വൈകിട്ട് കോളേജ് വിട്ടാല്‍ നേരെ ഹോസ്റ്റലിലേക്ക് പോയാണ് ശീലം. അത് കൊണ്ട് ഒരു മടി. വൈകിട്ട് 5 വരെ ലൈബ്രറി ഉണ്ടാകും. ചിലപ്പോ അവിടെ ചെന്നിരിക്കും. ഇന്നിപ്പോ… മരത്തിന്റെ ചുവട്ടിലൊക്കെ ഒരു ആണിനെ കാത്ത് നില്‍ക്കുക എന്നൊക്കെ പറഞ്ഞാല്…. ശ്ശൊ! എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടീം കിട്ടണില്ലല്ലോ!

അവസാനം… പോകാം എന്ന് തീരുമാനിച്ചു. അങ്ങനെ തീരുമാനിക്കാതിരിക്കാന്‍ യാതൊരു കാരണവും കണ്ടില്ല. അതോണ്ട് അങ്ങ് തീരുമാനിച്ചു. വൈകിട്ട് 4ന് അവിടെ ഒരു ബുക്കും തുറന്ന് പിടിച്ച് ഞാന്‍ ഇരുന്നു. ഫ്രണ്ട്സ് ലൈബ്രറിയിലേക്കും പോയി. ഒരു 10 മിനുട്ട് കഴിഞ്ഞപ്പൊ അവന്‍ വന്നു.

“കുറേ ദിവസായില്ലേ സംസാരിച്ചിട്ട്.. അതാണ് ഇപ്പൊ കാണാം എന്ന് പറഞ്ഞത്. ഇനി ഇപ്പൊ പൊതുപരിപാടിയുടെ തിരക്ക് വരുന്നുണ്ട്. ബുദ്ധിമുട്ടായില്ലല്ലോ അല്ലേ?”

“ഏയ്. എന്ത് ബുദ്ധിമുട്ട്? ഞാന്‍ 5 വരെ ഒക്കെ കാമ്പസില്‍ ഉണ്ടാകാറുണ്ട്.”

“ഓ… ലൈബ്രറി ടൈം!!” അവന്‍ ചിരിച്ചു.

“പരീക്ഷയുടെ സമയം അടുത്ത് വരുന്നുണ്ടല്ലോ… എല്ലാത്തിനും സമയം കിട്ടുമോ?”

“സമയം കണ്ടെത്തണം. പിന്നെ യൂണിവേഴ്സിറ്റിയുടെ കാര്യല്ലേ? ഇപ്പോഴൊന്നും ഉണ്ടാവില്ല.”

അങ്ങനെ,അന്ന് വീട്ടുകാര്യവും നാട്ട്കാര്യവും സംസാരിച്ച് 5 മണി വരെ ഞങ്ങള്‍ അവിടെ ഇരുന്നു. അന്ന് പിരിയാറായപ്പൊ അവന്‍ എന്റെ മൊബൈല്‍ വാങ്ങി അവന്റെ നമ്പരിലേക്ക് മിസ് കോളടിച്ച ശേഷം തിരിച്ച് തന്നു. എനിക്കതില്‍ ദേഷ്യമോ വിഷമമോ ഒന്നും തോന്നിയില്ല എന്നു മാത്രല്ല, സന്തോഷിക്കുകയും ചെയ്തു. ആദ്യായിട്ടാണ് ഒരാള്‍ക്ക് ഞാന്‍ എന്റെ അടുത്ത് സ്വാതന്ത്ര്യം കൊടുക്കുന്നത്. അതും… ഞാന്‍ സ്നേഹിക്കുന്ന... ശ്ശേ! വേണ്ട. അവന്റെ മനസ്സില്‍ ഒന്നുമില്ലെങ്കിലോ? അതോ ഉണ്ടോ? അന്ന് മുഴുവന് ആകെ ഒരു കണ്ഫ്യൂഷന് മൂട് ആയിരുന്നു എനിക്ക്.

Thursday, January 27, 2011

കണക്ഷന്‍

ഞാന്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് മൊബൈല്‍ റിങ് ചെയ്തത്. ഞെട്ടി എഴുന്നേറ്റ് ചെവിയോട് ചേര്‍ത്തു. “നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡയല്‍ ടോണ്‍ സെലക്ട് ചെയ്യൂ” എന്ന് തുടങ്ങി അവര്‍ ഒരു അഞ്ചാറ് പാട്ട് എനിക്ക് കേള്‍പ്പിച്ച് തന്നു.

വേറൊരിക്കല്‍ ഞാന്‍ ഒരു മരണ വീട്ടില്‍ ആയിരുന്നു. മൊബൈല്‍ വൈബ്രേറ്റ് ചെയ്യുന്നു. നിശ്ശബ്ദമായ അവിടെ നിന്ന് കുറേ ദൂരെ മാറി പോയി ഫോണ്‍ എടുത്തു. വീണ്ടും കേട്ടു. അതേ പരസ്യം.

പിന്നെ ഒരു ദിവസം ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. അത്യാവശ്യമായിട്ട് ഒരു ക്ലയന്റിനെ കാണണം. അപ്പോള്‍ ദാ അവന്‍ റിങ് ചെയ്യുന്നു. തിരക്കുള്ള ആ റോഡിന്റെ ഒരു സൈഡില്‍ ഞാന്‍ കഷ്ടപ്പെട്ട് വണ്ടി ഒതുക്കി. ഫോണില്‍ വീണ്ടും പാട്ടിന്റെ മേളം.

കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് Complaint ചെയ്തു ഒരു ദിവസം. അവര്‍ പറഞ്ഞ പോലെ ഒക്കെ ചെയ്തിട്ട് ഫോണ്‍ സമാധാനത്തോടെ മാറ്റി വച്ചു. ഇനി എങ്കിലും ഇവന്‍ പ്രശ്നം ഉണ്ടാക്കില്ല.

ഒരാഴ്ച കഴിഞ്ഞു ഫോണില്‍ വീണ്ടും പരസ്യങ്ങള്‍ വന്നു തുടങ്ങി. അപ്പോഴാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിന്റെ വരവ്. കുറച്ച് ദിവസം സര്‍വീസ് ലഭിക്കില്ല. എങ്കിലും പുതിയ കണക്ഷന്‍ ട്രൈ ചെയ്യാനൊരു ആഗ്രഹം. അങ്ങനെ കണക്ഷന്‍ മാറി. വേറെ ബുദ്ധിമുട്ടൊന്നുമില്ല. ഇപ്പൊ പുതിയ പരസ്യങ്ങള്‍ സഹിക്കണം എന്ന് മാത്രം.

Thursday, January 20, 2011

നാളെ പുലരുമ്പോള് (തുടറ്ച്ച)


കുറച്ച് ദിവസത്തേക്ക് അവനെ കണ്ടില്ല. ഒരു ദിവസം കാമ്പസിലെ വാകമരത്തിനു കീഴില് ഇരുന്നു വായിക്കുകയായിരുന്നു ഞാന്. അപ്പോള് ഒരാള് ഓടി വന്ന് മുമ്പില് നിന്നു. തല ഉയറ്ത്തി നോക്കിയപ്പോള് അവനാണ്. “ഇതെവിടുന്നാ ഈ ഓടി വരണേ? ഏതേലും പാറ്ട്ടിക്കാരിട്ട് ഓടിച്ചതാണോ?” വളരെ പരിചയമുള്ള ഒരാളോട് ചോദിക്കുന്നത് പോലെയാണ് ഞാനത് ചോദിച്ചത്.

“തന്നെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി വന്നതാ. പക്ഷെ, താന് പേടിച്ചില്ല. അപ്പോ പുസ്തകത്തില് പൂറ്ണ്ണമായും മുഴുകിയിരുന്നില്ല എന്ന് അറ്ത്ഥം. എന്ത് ചിന്തിക്കുകാരുന്നു?” അവന് അവിടെ ഇരുന്നു കൊണ്ട് ചോദിച്ചു.

ആ ചോദ്യത്തിന് ഉത്തരം പറയാതെ ഞാന് പറഞ്ഞു. “ഇതെന്താ ഇവിടെ ഇരിക്കുന്നത്? വോട്ട് പിടിക്കാനൊന്നും പോകുന്നില്ലേ ഇന്ന്?”

“ഉച്ച കഴിഞ്ഞ് ഇറങ്ങും. ഇപ്പോ ക്ലാസുകള് നടക്കുകല്ലേ.. ഇതെന്താ താന് വായിക്കുന്നെ? പുസ്തകപ്പുഴുവാണോ?”

“ഏയ്. ഇപ്പോ ഞങ്ങള്ക്ക് ക്ലാസില്ല. അപ്പോ ക്ലാസിലിരുന്ന് ബോറടിക്കണ്ട എന്ന് കരുതി ബുക്ക് എടുത്ത് ഇറങ്ങിയതാ.”

ഇടയ്ക്ക് ഒരു ചെറിയ ഇടവേള. എന്താ സംസാരിക്കേണ്ടത് എന്ന് ഞാന് ആലോചിച്ചു. അവനും ചിലപ്പോ അത് തന്നെ ആവും ചിന്തിച്ചത്. കാരണം, അടുത്ത ചോദ്യം രണ്ട് പേരും ഒരുമിച്ചാണ് ചോദിച്ചത്. “പേരെന്താണ്?”

ഞാന് ഒരു നിമിഷം ചമ്മി.

“ഞാന് സൂരജ്. തന്റെ..?” അവന് ചമ്മല് ഉണ്ടായി എന്ന് തോന്നിയില്ല.

“ഞാന് സ്വാതി.” ചമ്മല് മാറ്റാന് ഞാന് തുടറ്ന്നു.. “ഇലക്ഷന് ജയിക്കുമോ? എന്ത് തോന്നുന്നു?”

“ജയിക്കും. നല്ല പ്രതികരണം ആണ് കിട്ടുന്നത്. പക്ഷെ സ്വാതി മാത്രാണ്..” ഇടയ്ക്ക് നിര്ത്തി അവന് എന്നെ നോക്കി ചിരിച്ചു.

“രാഷ്ട്രീയക്കാരെ കാണുന്നതേ എനിക്കിഷ്ടല്ല. അത് കൊണ്ട് പറഞ്ഞതാണ്. വോട്ട് തന്നേക്കാം. ഒരു സുഹൃത്ത് ജയിച്ച് പോകുന്ന കാര്യല്ലേ?” ഞാനും പുഞ്ചിരിച്ചു.

അവന് വാച്ചിലേക്ക് നോക്കി. തിരക്ക് പെട്ടെന്ന് അവന്റെ കണ്ണുകളില് വന്നു. “ശരി എന്നാല്. പോകാന് സമയം ആയി. വീണ്ടും കാണാം എന്ന് കരുതുന്നു..”

“കാണാം.” അവന് വേഗത്തില് അകലേക്ക് നടന്നു പോകുന്നത് നോക്കി ഞാനിരുന്നു. ഈ രാഷ്ട്രീയക്കാരനെ എനിക്കിഷ്ടമാണോ? ഉള്ളില് ചിരിച്ച് കൊണ്ട് പുസ്തകത്തിലേക്ക് കണ്ണ് നട്ടു. വായിച്ച വരികളില് പ്രണയത്തിന്റെ ചുവ.. – “അവനെന്റെ അരികിലേക്കടുക്കുമ്പോള് വിഹായസ്സിലേക്കുയരുന്ന എന്റെ ഹൃദയം... നേരം പുലരുമ്പോള് അവന് എന്റെ ഹൃദയത്തില് ഉറങ്ങുകയായിരുന്നു…ശാന്തമായി.”

(അവസാനിച്ചു)

Tuesday, January 18, 2011

നാളെ പുലരുമ്പോള്

ഞാന് അവനെ ആദ്യമായി കാണുന്നത് കോളേജില് സ്ട്രൈക്ക് ഉള്ള ഒരു ദിവസം ആണ്. ഉറക്കെ ഉള്ള സിന്ദാബാദ് വിളികളൊന്നും എന്റെ കാതിലേക്ക് എത്തുന്നില്ല. ഷര്‍ട്ടും മുണ്ടും ആയിരുന്നു അന്ന് അവന്റെ വേഷം. അവന്റെ കൂടെ താടി വച്ച ഒരു ആജാനുബാഹു ഉണ്ടായിരുന്നു. പിന്നെ കുറേ പാര്ട്ടി അനുഭാവികളും. ബാക്കി ഉള്ളവരെ ഞാന് ശ്രദ്ധിക്കുന്നത് തന്നെ വന്നവര് ക്ലാസ് റൂമിലെ ഡസ്കില് ശക്തിയില് അടിച്ചപ്പോഴാണ്. ബിരുദാനന്ദര വിദ്യാറ്ദ്ധികളെ സ്ട്രൈക്ക് സാധാരണ ബാധിക്കുന്നതായിരുന്നില്ല. എന്നിട്ടും അവരുടെ കൈയൂക്ക് കൊണ്ട് അവര് കാര്യം സാധിച്ച് തിരിച്ച് പോയി.

ഞങ്ങള് ഹോസ്റ്റലിലേക്ക് നടന്നു. മനസ്സ് മുഴുവന് അവന് ആരാണ് എന്നായിരുന്നു. പുറത്ത് നിന്ന് സ്ട്രൈക്കിന് വേണ്ടി കോളേജില് വന്നതാകാനേ വഴിയുള്ളു. അല്ലേല് ആ ആജാനുബാഹുവിന്റെ കൂടെ നടന്ന് വരുമോ? അതോ കോളേജില് തന്നെ ഉള്ളതോ?

പിറ്റേന്ന് ക്ലാസ് Intervalന് ഞാനും കൂട്ടുകാരും പുറത്ത് വര്‍ത്തമാനം പറഞ്ഞ് നടക്കുമ്പോള് ദൂരെ ഒരു തൂണിന് അപ്പുറെ ഒരാള് നിന്ന് പെണ്കുട്ടികളോട് സംസാരിക്കുന്നത് കണ്ടു. ഞാന് പതുക്കെ നടന്ന്, അടുത്തെത്തിയപ്പോള് തിരിഞ്ഞ് നോക്കി. ഒരിക്കല് കൂടി കാണുമെന്ന് പ്രതീക്ഷിച്ചേയില്ല! അവന് ജീന്സും ഷര്ട്ടുമിട്ടിരിക്കുന്നു. കോളേജിലെ തന്നെ വിദ്യാറ്ദ്ധി ആണ് എന്ന് മനസ്സിലായി. ഇനി ഇപ്പൊ എപ്പോള് വേണമെങ്കിലും കാണാം. അവരുടെ ക്ലാസ്സും മനസ്സിലാക്കി. പിന്നെ എന്നും അതേ സ്ഥാനത്ത് അവനെ കാണാമായിരുന്നു.

അങ്ങനെ ഇലക്ഷന് കാലമായി. അവന്റെ പാര്ട്ടിയില് ചേരാന് വേണ്ടി ക്ലാസില് മത്സരമായിരുന്നു. അവനോട് മിണ്ടാമല്ലോ! പക്ഷെ രാഷ്ട്രീയത്തില് താല്പര്യമില്ലാത്തത് കാരണം ഞാന് പോയില്ല. വോട്ട് ചോദിക്കാന് അടുത്തെത്തി, വോട്ട് ചോദിച്ചപ്പോ “നോക്കട്ടെ” എന്ന് മറുപടി പറഞ്ഞു. പിറ്റേന്ന് കണ്ടപ്പോള് അതെന്താ “നോക്കട്ടെ” എന്ന് പറഞ്ഞത് എന്ന് അവന് ചോദിച്ചു. “എല്ലാരും വോട്ട് ചോദിച്ച് തുടങ്ങുന്നതല്ലേ ഉള്ളൂ?” ഞാന് അവന്റെ കണ്ണിലേക്ക് നോക്കി. വോട്ട് ചോദിച്ച് അലഞ്ഞ് ക്ഷീണിച്ചിരുന്നു. പക്ഷെ ക്ഷീണം കണ്ണുകളെ തെല്ലും ബാധിച്ചിരുന്നില്ല. നേരിയ Brown നിറമുള്ള കണ്ണുകള്. “വോട്ട് ചെയ്താല് ചിലവ് ചെയ്യാം” അവന് പറഞ്ഞു. “കൈക്കൂലി?” ഞാന് ചെറിയ പുഞ്ചിരിയോടെ ആണ് അത് ചോദിച്ചത്. “ഹേയ്. അങ്ങനെ കരുതരുത്.” അപ്പോള് അവന്റെ കൂട്ട്കാറ് അവനെ അവരുടെ അടുത്തേക്ക് വിളിച്ചു. “അപ്പോ പറഞ്ഞത് പോലെ.. ബൈ” അവന് അങ്ങാട്ടേക്ക് ഓടി.

(തുടരും...)

Sunday, November 21, 2010

കൂവക്കാവ് സ്കൂള്‍


ബ്ലോഗ്‌ ഒക്കെ എഴുതിയിട്ട് കുറെ നാളായി. കൂവക്കാവ് സ്കൂളിനെ പറ്റി എഴുതണം എന്ന് വിചാരിച്ചിരുന്നു. ഇപ്പോഴാണ് എഴുതാന്‍ എല്ലാം ഒത്ത് വന്നത്.

ആ സ്കൂളില്‍ ഞാന്‍ പഠിച്ചിട്ടില്ല. പക്ഷെ എന്തോ ഒരു സുഖമാണ് ആ സ്കൂളിനെ പറ്റി ഓര്‍ക്കുമ്പോഴോ അല്ലെങ്കില്‍ അവിടെ ചെല്ലുംമ്പോഴോ ഉണ്ടാവുക. അത് എല്‍ . പി . സ്കൂള്‍ ആണ്. അവിടെ ചെല്ലുമ്പോള്‍ തന്നെ കുട്ടികളുടെ ബഹളം ആണ്. ഉച്ചയ്ക്ക് കഞ്ഞിക്ക് രസമാണ്. അത് കഴിഞ്ഞുള്ള പന്ത്കളിയും രസം തന്നെ. അവിടെ എന്റെ സുഹൃത്തിന്റെ അച്ചന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് അവളും കുറച്ച് മാസം അവിടെ ടീച്ചര്‍ ആയി ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ അവിടെ പോയി. അവിടത്തെ തണല്‍മരങ്ങളുടെ കീഴെ ഓരോന്ന് ആലോചിച്ച് ഇരിക്കും. ഇളം കാറ്റ് വീശും. അങ്ങനെ ഇരിക്കുമ്പോ സമം പോകുന്നത് അറിയില്ല.


അവിടെ ആണ് നാട്ടിലെ തിരഞ്ഞെടുപ്പ് ബൂത്ത്. നല്ല ആളായിരിക്കും അന്ന്. വോട്ടവകാശം ആദ്യ കാലങ്ങളില്‍ ഞാന്‍ പ്രയോജനപ്പെടുത്തിയിരുന്നു. പിന്നീട് ഇതിലൊന്നും വലിയ കാര്യമില്ല എന്ന് മനസ്സിലാക്കിയപ്പോ നിര്‍ത്തി. എങ്കിലും ആ ദിവസം ഞാന്‍ പോകും. സ്കൂള്‍ കാണാന്‍...

നാട്ടില്‍ നിന്ന് മാറി പഠിക്കാന്‍ തുടങ്ങിയിട്ട് ഏഴു കൊല്ലായി. പോകാന്‍ കിട്ടുന്ന അവസരങ്ങളില്‍ ഒക്കെ ഞാന്‍ അവിടെ പോകും. സ്കൂള്‍ എന്നാല്‍ എന്റെ മനസ്സില്‍ വരുന്നത് ഈ സ്കൂളും പരിസരവുമാണ്. സ്കൂളിനു അടുത്ത് ഒരു ചെറിയ മാടക്കടയുന്ടു. പിന്നെ ആ നാട്ടിലെ ഭൂരിഭാഗം കല്യാണങ്ങളും നടക്കുന്ന കമ്യൂണിറ്റി ഹാള്‍.

ഇതൊക്കെ എന്റെ ഗ്രാമത്തെ കുറിച്ചുള്ള ഓര്മ കൂടിയാണ്...

Friday, July 16, 2010

മഴ...


മഴ പെയ്തുകൊണ്ടേയിരിക്കുകയാണു. മഞ്ഞായി അലിഞ്ഞു പോയ എന്റെ ഓര്‍മ്മകള്‍ക്കു ചൂട് പകരാന്‍ ഈ മഴത്തുള്ളികള്‍ക്കും തണുപ്പിനും കഴിയുമെന്നോ? അത്ഭുതം തന്നെ!!! മഴ എല്ലാവര്‍ക്കും ഓര്‍മ്മകളുടെ വേലിയേറ്റമാണു കൊണ്ടുത്തരിക. ചുമ്മാ വീടിനുള്ളില്‍ കുത്തിയിരിക്കുന്നവര്‍ക്കാണു മഴയുടെ സാമീപ്യം കൂടുതല്‍ സുഖമുള്ള ഓമ്മകള്‍ തരുക. ചിലര്‍ക്കു മൂടിപ്പുതച്ചു ഉറങ്ങാനും, ചിലര്‍ക്കു മഴവെള്ളത്തില്‍ കളിക്കാനും, ചിലര്‍ക്കു ജനലിലൂടെ പുറത്തേക്കു നോക്കി ഓര്‍മ്മകളിലെ സുന്ദരനിമിഷങ്ങള്‍ മുത്തുകളായി കോര്‍ക്കാനും, എന്നെപ്പോലെ ഉള്ളവര്‍ക്കു, ഓര്‍മ്മയില്‍ വരുന്നതു കുറിക്കുന്ന സുഖം പകരുവാനും ഈ മഴയ്ക്കു സാധിക്കുന്നു. ഒരേ സമയം എത്ര ആളുകളുടെ മനസ്സുമായാണു അതു ബന്ധം സ്ഥാപിക്കുന്നതു!!???

മുറ്റത്തു നില്‍ക്കുന്ന എല്ലാ ചെടികള്‍ക്കും പുതിയ ഒരു പ്രകാശം മഴ കൊടുത്തിരിക്കുന്നു. അന്തരീക്ഷത്തിനു തന്നെയും ഒരു പുതുമ. മഴയുടെ തണുപ്പു എന്നെ പൊതിയുമ്പോള്‍ മഴയ്ക്കും മണമുണ്ട് എന്നു തോന്നുന്നു. തണുപ്പു ഞാന്‍ ഉള്ളിലേക്കു ശ്വസിച്ചു. മനസ്സിനും ആ തണുപ്പു കുളിരേകി. ഓടില്‍ നിന്നും വെള്ളം മുറ്റത്തേക്കു വീണുകൊണ്ടിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അവിടെ കുറെ നര്‍ത്തകിമാരെ കാണാം. അവര്‍ അങ്ങോട്ടുമിങ്ങോട്ടും ചാടിച്ചാടി കളിക്കും. മഴ തോരുമ്പോഴേക്കും “കണ്ണീര്‍ത്തുള്ളികള്‍” ചെടികളില്‍ ഉണ്ടാവും. അതു പറിച്ചു കണ്ണില്‍ എഴുതുമ്പോള്‍ കണ്ണിനും ഒരു കുളിര്‍...

ഇത്ര വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ആ പഴയ കുട്ടിക്കാല ഓര്‍മ്മകള്‍ മഴ എന്നിലേയ്ക്കു വീണ്ടും കൊണ്ടുത്തരും. ഒരു കുഞ്ഞു കുട്ടിയായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോകും. എന്നാല്‍, പ്രായം എന്റ് ഈ ആഗ്രഹത്തിനു തടസ്സമായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാനിറങ്ങുകയാണു.....മഴയുടെ ആത്മാവു തേടി......ഒരു കൊച്ചുകുട്ടിയുടെ ഉല്‍സാഹത്തോടെ......

Sunday, June 27, 2010

ഭൂമിയുടെ പുതപ്പ്



ടൈപ്പ് ചെയ്യാന്‍ കിട്ടുന്ന സമയം വളരെ കുറവാണ്. അത് കൊണ്ടാണ് പോസ്റ്റ് ഇടാന്‍ കഴിയാതെ വരുന്നത്. പ്രോത്സാഹനം വീണ്ടും എഴുതാനും പ്രേരിപ്പിക്കും. നന്ദി.

ഇത്തവണ ഞാ‍ന്‍ എഴുതാന്‍ ആഗ്രഹിക്കുന്നത് പൊന്തന്‍പുഴ വനത്തെ പറ്റിയും കൂവക്കാവ് സ്കൂളിനെ പറ്റിയുമാണ്. കുറേ നാളായി ഇതിനെ പറ്റി ചിന്തിക്കുന്നു. പൊന്തന്‍പുഴ വനം വളരെ വിസ്താരത്തില്‍ കോട്ടയം-പത്തനംതിട്ട ജില്ലകളിലായി കിടക്കുന്നു. ഭൂരിഭാഗവും കോട്ടയത്തിനു തന്നെ. വീട്ടില്‍ നിന്ന് ഒരു 15 മിനുട്ട് ദൂരത്തില്‍ നിന്ന് ഈ വനം തുടങ്ങുന്നു. സ്കൂളിലേക്ക് ഒരു 10 മിനുട്ട് ദൂരമുണ്ടാവും. ഞാന്‍ പഠിച്ച സ്കൂള്‍ അല്ലെങ്കിലും ഉള്ളിന്റെ ഉള്ളില്‍ എന്തൊക്കെയോ തോന്നും ഈ സ്കൂളിനെ പറ്റി ഓര്‍ക്കുമ്പോള്‍... എന്തോ ഒരു ബന്ധം... സ്വന്തം നാടിനെ പറ്റി ഉള്ള സുഖമുള്ള ഓര്‍മ്മയാണ് വനവും ഈ സ്കൂളും.

ആദ്യം വനത്തില്‍ നിന്ന് തുടങ്ങാം. ഭൂമിയുടെ പുതപ്പായ വനം. പൊന്തന്‍പുഴ വനത്തില്‍ കൂടുതലും തേക്കാണ്. പേരറിയാത്ത മറ്റ് അനേകം മരങ്ങളും പൂക്കളും കൊണ്ട് തിങ്ങി നിറഞ്ഞ വനം. തേക്ക് അടിച്ച് മാറ്റുന്ന കേസുകളാണ് അവിടെ ഫോറസ്റ്റ്സ്റ്റേഷനിലെ മിക്ക കേസുകളും. പിടിച്ചെടുത്ത 2ഉം 3ഉം വണ്ടികള്‍ സ്റ്റേഷന് അലങ്കാരമായിട്ട് അങ്ങനെ കിടപ്പുണ്ടാവും. “റേഞ്ചറ്” എന്ന മലയാളം ഫിലിം അവിടെയാണ്‍ ഷൂട്ട് ചെയ്തത്. നല്ല ഭംഗിയുള്ള ഫോറസ്റ്റ് സ്റ്റേഷനും പോലീസ് ക്വാര്‍ട്ടേഴ്സും.

വനത്തിലൂടെ പല ഊട് വഴികള്‍ കാണാം. വനത്തിന്റെ ഉള്ളിലേക്ക് പോകുന്ന നൂല്‍ വഴികളിലൂടെ പോകണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല. വനത്തിനു നടുക്കൂടി ആണ് കോട്ടയം-പത്തനംതിട്ട എസ്.എച്ച്. വനത്തിനുള്ളിലൂടെ സ്പീഡില്‍ വണ്ടി ഓടുമ്പോള്‍ വന്നടിക്കുന്ന കാറ്റിന്‍ ഇളം തണുപ്പാണ്. കൂടെ പൂക്കളുടെ സുഗന്ധവും.. എന്നാല്‍ മറ്റ് ചില ഇടം എത്തുമ്പോള്‍ മീന്‍ ചീഞ്ഞ നാറ്റവും പ്രതീക്ഷിക്കാം. വനത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നതാണ് ഇതിനു കാരണം. രാത്രിയില്‍ ആയിരിക്കും ഇത് ചെയ്യുക.ആരാണ് എന്ന് ആരും അറിയുകയുമില്ല. കോട്ടയം-പത്തനംതിട്ട ജില്ലകളെ വേര്‍തിരിക്കുന്ന തോട് ഈ വനത്തിലൂടെ ഒഴുകുന്നു. അവിടം ആള്‍ക്കാര് കുളിക്കാനും മറ്റും ഉപയോഗിക്കുന്നത് കൊണ്ട് അധികം വൃത്തികേട് ഇല്ല. ഇവിടെ വനത്തിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമി കൊടുത്തിട്ടുണ്ട്. അങ്ങോട്ടേക്ക് ടാറിട്ട റോഡും ഉണ്ട്.

വനത്തില്‍ കുറുക്കന്‍ ഉണ്ട് എന്നാണ് കേട്ട് കേള്‍വി. കൂവുന്നത് കേള്‍ക്കാമത്രേ! കാട്ട് പൂച്ച, മുയല്‍ , അണ്ണാന്‍, കീരി, പാമ്പ് തുടങ്ങിയ മൃഗങ്ങളും പൊന്മാന്‍, മാടത്ത, തത്ത, കാട്ട് കോഴി തുടങ്ങിയ പക്ഷികളും ഇവിടുണ്ട്. ഇവിടെ ഔഷധ ഗുണമുള്ള ധാരാളം ചെടികളുമുണ്ട്. ഇന്നത്തെ കാലത്ത് ആര് ആ മരുന്നുകളൊക്കെ പരീക്ഷിക്കുന്നു? പണ്ട് മരുന്നിനു വേണ്ടി കാടിന്റെ പരിസരത്ത് തപ്പി നടന്നത് ഓര്‍ക്കുന്നു. അതിനിടയ്ക്ക് അവിടെ കണ്ട അത്തിമരത്തിനു ചുറ്റും എല്ലാരും കൂടി. അതില്‍ നിറയെ പഴമുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് കോളായിരുന്നു. പിന്നീട് തോട്ടിലിറങ്ങി തിമിര്‍ത്തിട്ടേ വീട്ടില്‍ തിരിച്ചെത്തിയുള്ളു അന്ന്.

വനത്തിന്റെ ആ മൂലയ്ക്കും ഈ മൂലയ്ക്കും കുറേ ബോര്‍ഡുകള്‍ ഉണ്ട്. “കാട്ട്തീ തടയുക”, “മാലിന്യം ഇടരുത്”, “വനം ഒരു വരം” എന്നൊക്കെ. എന്നിട്ടും വനം മലിനമാകുന്നു. വനത്തിന്റെ പ്രാധാന്യം കൂടുതല്‍ മനസ്സിലാക്കും തോറും വനം നശിപ്പിക്കപ്പെടുന്നു. “കാട്ടിലെ തടി, തേവരുടെ ആന” എന്ന നയം എന്ന് അവസാനിക്കുമോ ആവോ?!

(to be contd...)